''താനും തന്റെ മക്കളുമെല്ലാം ചത്തുപോകും''; ഹരിദ്വാർ വിദ്വേഷക്കേസിലെ പ്രതി നരഹിംഹാനന്ദ് പൊലീസിനോട്

ഈയിലെ ഹിന്ദുമതം സ്വീകരിച്ച യുപി ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വിയെ ഹരിദ്വാർ വിദ്വേഷ പ്രസംഗക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-14 16:06:17.0

Published:

14 Jan 2022 12:13 PM GMT

താനും തന്റെ മക്കളുമെല്ലാം ചത്തുപോകും; ഹരിദ്വാർ വിദ്വേഷക്കേസിലെ പ്രതി നരഹിംഹാനന്ദ് പൊലീസിനോട്
X

ഹരിദ്വാറിലെ ഹിന്ദുത്വ സമ്മേളനത്തിൽ മുസ്‌ലിം നരഹത്യാ ആഹ്വാനം നടത്തിയ സംഭവത്തിൽ കേസെടുത്ത പൊലീസിന് ഭീഷണിയുമായി പരിപാടിയുടെ മുഖ്യസംഘാടകനായ യതി നരസിംഹാനന്ദ്. ഈയിടെ ഹിന്ദുമതം സ്വീകരിച്ച യുപി ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായായിരുന്നു പൊലീസിന് ഹിന്ദുമത നേതാവ് കൂടിയായ നരസിംഹാനന്ദിന്റെ ഭീഷണിയും ശാപവാക്കുകളും. താനും തന്റെ മക്കളുമെല്ലാം ചത്തുപോകുമെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.

ഹരിദ്വാർ വിദ്വേഷ പ്രസംഗക്കേസിൽ യതി നരസിൻഹാനന്ദിന് ഉത്തരാഖണ്ഡ് പൊലീസ് സമൻസ് അയച്ചിരുന്നു. ഇതിനിടെ അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു പൊലീസിനുനേരെ ശാപവാക്കുകൾ ചൊരിഞ്ഞത്. കാറിലിരിക്കുന്ന നരസിൻഹാനന്ദിനോട് പൊലീസ് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. റിസ്‌വിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് ഇയാൾ പൊലീസിനോട് ചോദിച്ചു. റിസ്‌വിക്കെതിരെ കേസുണ്ടെന്ന് പൊലീസ് പ്രതികരിച്ചപ്പോൾ അദ്ദേഹത്തിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും താനും പ്രതിയാണെന്നും റിസ്‌വി ഒറ്റയ്ക്ക് ചെയ്തതല്ലെന്നുമായി മറുപടി.

തുടർന്ന് കാറിൽനിന്ന് ഇറങ്ങാൻ പൊലീസ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും നരസിൻഹാനന്ദ് തയാറായില്ല. കേസുമായി ബന്ധപ്പെട്ട സാഹചര്യം റിസ്‌വി മനസ്സിലാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞുനോക്കി. എന്നാൽ, തനിക്കത് മനസിലാകുന്നില്ലെന്നായിരുന്നു മറുപടി. തങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചാണ് അയാൾ ഹിന്ദുവായതെന്നും സൂചിപ്പിച്ചു. തുടർന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു താനും തന്റെ മക്കളുമെല്ലാം ചത്തുപോകുമെന്ന് നരസിൻഹാനന്ദിന്റെ ശാപവാക്കുകൾ.

കഴിഞ്ഞ ദിവസം ഹരിദ്വാറിലേക്കുള്ള വഴിയിൽ റൂർക്കിയിൽ വച്ചാണ് വസീം റിസ്‌വിയെന്ന ജിതേന്ദ്ര ത്യാഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈയിടെയാണ് വസീം റിസ്വി മതം മാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിച്ചത്. അടുത്തിടെ ഉത്തർപ്രദേശിലെ ദാശ്‌ന ക്ഷേത്രത്തിൽ പൂജാരി കൂടിയായ നരസിൻഹാനന്ദിന്റെ നേതൃത്വത്തിലായിരുന്നു മതംമാറ്റം.

ഉത്തരാഖണ്ഡിലെ തീർത്ഥാടന നഗരമായ ഹരിദ്വാറിൽ ഡിസംബർ 17 മുതൽ 19 വരെയായിരുന്നു യതി നരസിംഹാനന്ദിന്റെ നേതൃത്വത്തിൽ ഹിന്ദുത്വസമ്മേളനം നടന്നത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും മതകേന്ദ്രങ്ങൾ ആക്രമിക്കാനും ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനും സമ്മേളനത്തിൽ പ്രസംഗിച്ച തീവ്രഹിന്ദുത്വവാദികൾ ആഹ്വാനം ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഹരിദ്വാർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരം മതവിദ്വേഷം പ്രചരിപ്പിച്ചതിന് വസീം റിസ്‌വി അടക്കമുള്ളവർക്കെതിരെ കേസെടുത്തു. റിസ്‌വിക്ക് പുറമേ യതി നരസിംഹാനന്ദ്, ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി അന്നപൂർണ, സിന്ധു സാഗർ, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാൻ തുടങ്ങി 10 പേർക്കെതിരേയാണ് ഹരിദ്വാറിലെ ജ്വാലപൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Summary: ''All of You will Die, Your Children Too'', Narsinghanand Tells Cops as They Arrest Jitendra Tyagi in Haridwar Hate Speech

TAGS :

Next Story