Quantcast

പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ക്യാപ്റ്റന്‍റെ ഭാര്യ പ്രനീത് കൗറും

പട്യാലയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് പ്രനീത് കൗര്‍

MediaOne Logo

Web Desk

  • Published:

    30 Sep 2021 8:48 AM GMT

പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ക്യാപ്റ്റന്‍റെ ഭാര്യ പ്രനീത് കൗറും
X

പഞ്ചാബിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. ഒരു വശത്ത് കോണ്‍ഗ്രസ് വിടുമെന്ന പ്രഖ്യാപനവുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. മറുഭാഗത്ത് പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ച നവജ്യോത് സിങ് സിദ്ദു. ഇതിനിടെ പഞ്ചാബിലെ പുതിയ കോൺഗ്രസ് അധ്യക്ഷയായി പ്രനീത് കൗറിനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പട്യാലയിൽ നിന്നുള്ള ലോക്‌സഭാ എംപിയും അമരീന്ദര്‍ സിങിന്‍റെ ഭാര്യയുമാണ് പ്രനീത്.

സിദ്ദുവിനെ അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കാന്‍ ഇതുവരെ ഹൈക്കമാന്‍ഡ് മുന്‍കൈ എടുത്തിട്ടില്ല. സിദ്ദുവിന്‍റെ രാജിയിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. സിദ്ദുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് പ്രിയങ്ക ഗാന്ധിയുടെ ഉപദേഷ്ടാവ് വിഭാകർ ശാസ്ത്രി ആവശ്യപ്പെടുകയുണ്ടായി. സിദ്ദു രാജി പിൻവലിച്ചില്ലെങ്കിൽ മറ്റൊരാളെ പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷനാക്കാം എന്നാണ് ഹൈക്കമാന്‍ഡിന്‍റെ കണക്കുകൂട്ടല്‍. മൂന്നോ നാലോ പേരുകള്‍ ഹൈക്കമാന്‍ഡിന്‍റെ പരിഗണനയിലുണ്ട്.

സിദ്ദു ഇന്ന് പഞ്ചാബ് മുഖ്യമന്ത്രിയെ കാണും

രാജി പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പറഞ്ഞില്ലെങ്കിൽ ഇന്നോ നാളെയോ പുതിയ പിസിസി അധ്യക്ഷനെ തീരുമാനിക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയത് സിദ്ദുവിനെ പ്രതിരോധത്തിലാക്കി. ഇന്ന് വൈകീട്ട് പബാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിങ് ചന്നിയുമായി സിദ്ദു ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചക്ക് ശേഷം സിദ്ദു രാജി പിന്‍വലിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും നടന്ന അഴിച്ചുപണിയിലെ അതൃപ്തി സിദ്ദു ചന്നിയെ അറിയിക്കും. എന്നാൽ നിയമനങ്ങളിൽ മാറ്റം വരുത്തേണ്ട എന്നാണ് ചന്നിയ്ക്ക് ഹൈക്കമാന്റ് നൽകിയിരിക്കുന്ന നിർദേശം. അതിനിടെ സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് വരുന്നു എന്ന വാർത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ തള്ളിക്കളഞ്ഞു.

കോണ്‍ഗ്രസ് വിടുമെന്ന് അമരീന്ദര്‍ സിങ്

കോണ്‍ഗ്രസ് വിടുമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ല. എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദര്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമരീന്ദറിന്‍റെ പ്രതികരണം.

"ഞാനിപ്പോള്‍ കോണ്‍ഗ്രസിലാണ്. പക്ഷേ ഞാന്‍ ഇനി കോണ്‍ഗ്രസില്‍ തുടരില്ല. എന്നോട് ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു"- അമരീന്ദര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കളായ അംബിക സോണിയും കമൽനാഥും അമരീന്ദർ സിങിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ചൊവ്വാഴ്ച മുതൽ ഡൽഹിയിലുള്ള ക്യാപ്റ്റൻ തന്റെ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചിട്ടില്ല. അതേസമയം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം അമരീന്ദര്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചത് പല അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് ഇല്ലെന്നാണ് അമരീന്ദര്‍ ഇന്നു പറഞ്ഞത്. കർഷകരുടെ വിഷയങ്ങള്‍ ചർച്ച ചെയ്യാനാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് ക്യാപ്റ്റന്റെ വിശദീകരണം. കൃഷ്ണമേനോൻ റോഡിലെ വീട്ടിൽ വൈകിട്ട് ആറു മണിക്ക് നടന്ന കൂടിക്കാഴ്ച മുക്കാൽ മണിക്കൂർ നീണ്ടു. മാധ്യമങ്ങളെ ഒഴിവാക്കാനായി വീടിന്റെ രണ്ടാം ഗേറ്റിലൂടെയാണ് അമരീന്ദർ പുറത്തുപോയത്.

അമരീന്ദര്‍ സിങും നവജ്യോത് സിങ് സിദ്ദുവുമായുള്ള തര്‍ക്കമാണ് പഞ്ചാബ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് കാരണം. സെപ്തംബർ 18-ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദർ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ കാണാനല്ല ഡൽഹിയിലെത്തുന്നത് എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹം അമിത് ഷായുടെ വീട്ടിലെത്തുകയായിരുന്നു. ക്യാപ്റ്റനെ പാർട്ടിയിലെത്തിക്കുകയാണെങ്കിൽ കേന്ദ്രത്തിന് തലവേദനയായ കർഷക സമരത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്. അകാലിദളുമായുള്ള സഖ്യം പിരിഞ്ഞശേഷം സംസ്ഥാനത്ത് ദുർബലമായ പാർട്ടിക്ക് അമരീന്ദറിന്റെ വരവ് പുതിയ ഊർജം നൽകുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ബിജെപിയിൽ ചേരാതെ കോൺഗ്രസിന് ബദലായി പഞ്ചാബിൽ പുതിയ പാർട്ടി രൂപവത്കരിക്കാനാണ് അമരീന്ദറിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്.

TAGS :

Next Story