Quantcast

സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കുന്നതിൽ അമരീന്ദറിന് എതിര്‍പ്പ്: സോണിയ ഗാന്ധിക്ക് കത്തയച്ചു

അനുനയ ശ്രമത്തിന്റെ ഭാഗമായി മുതിർന്ന നേതാവ് ഹരീഷ് റാവത്ത് അമരീന്ദർ സിങുമായി കൂടിക്കാഴ്ച്ച നടത്തും.

MediaOne Logo

Web Desk

  • Published:

    17 July 2021 1:17 AM GMT

സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കുന്നതിൽ അമരീന്ദറിന് എതിര്‍പ്പ്: സോണിയ ഗാന്ധിക്ക് കത്തയച്ചു
X

നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കുന്നതിൽ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി അമരീന്ദർ സിങ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. അനുനയ ശ്രമത്തിന്റെ ഭാഗമായി മുതിർന്ന നേതാവ് ഹരീഷ് റാവത്ത് അമരീന്ദർ സിങുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും.

പഞ്ചാബ് കോൺഗ്രസിലെ തർക്കങ്ങൾ രൂക്ഷമാവുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ തന്നെയാണ് പരിഹാര ഫോർമുല മുന്നോട്ടുവെച്ചത്. സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു ഹൈക്കമാന്‍ഡ് കണക്കുകൂട്ടൽ. എന്നാൽ ഈ തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് അമരീന്ദർ സിങ് സോണിയാ ഗാന്ധിക്ക് കത്ത് എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനും ഒരേ സമുദായത്തിൽ നിന്ന് വേണ്ട എന്ന നിലപാടിലാണ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ഇത് പരിഹരിക്കാന്‍ ദലിത് വിഭാഗത്തിൽ നിന്നുള്ള രണ്ട് വർക്കിങ് പ്രസിഡന്‍റുമാരെ കൂടി കൊണ്ടുവന്ന് ജാതി സമവാക്യം പാലിക്കാൻ ഹൈക്കമാന്‍ഡ് ആലോചന തുടങ്ങി.

തർക്കം ഇനിയും സങ്കീർണമായാൽ തെരഞ്ഞെടുപ്പിലടക്കം ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് രാഹുല്‍ ഗാന്ധി. ഈ സാഹചര്യത്തിലാണ് അമരീന്ദറിനെ അനുനയിപ്പിക്കാൻ ഹരീഷ് റാവത്ത് വഴി ഹൈക്കമാന്‍ഡ് ശ്രമം നടത്തുന്നത്. ഇരുവരും ചണ്ഡീഗഢിൽ വെച്ച് ഇന്ന് കൂടിക്കാഴ്ച്ച നടത്തും. അമരീന്ദർ സിങിനെ മുഖ്യമന്ത്രിയായി നിലനിർത്തി കൊണ്ട് മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടായേക്കും. ദലിത് സമുദായത്തില്‍ നിന്ന് മന്ത്രി വേണമെന്ന് പഞ്ചാബിലെ ഭൂരിഭാഗം എംഎൽഎമാരും ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

TAGS :

Next Story