Quantcast

"ജനിച്ചിട്ട് മകളെ ഇതുവരെ നേരിൽ കണ്ടിട്ടില്ല" - അസമിലേക്കു ജയിൽ മാറ്റം ആവശ്യപ്പെട്ട് ജിഷ കൊലക്കേസ് പ്രതി അമീറുൽ ഇസ്‌ലാം

അഭിപ്രായമറിയിക്കാൻ സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

MediaOne Logo
ജനിച്ചിട്ട് മകളെ ഇതുവരെ നേരിൽ കണ്ടിട്ടില്ല -  അസമിലേക്കു ജയിൽ മാറ്റം ആവശ്യപ്പെട്ട് ജിഷ കൊലക്കേസ് പ്രതി അമീറുൽ ഇസ്‌ലാം
X

"അറസ്റ്റിലാകുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. മകൾക്ക് ഇപ്പോൾ 8 വയസായി. അവളെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. പ്രായമായ മാതാപിതാക്കളെയും കണ്ടിട്ട് വർഷങ്ങളായി..." അസമിലെ ജയിലിലേക്ക് മാറ്റം ആവശ്യപ്പെട്ട് പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ വരികളാണ്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇയാളുടെ കുടുംബം അതീവ ദാരിദ്ര്യത്തിൽ കഴിയുന്നതിനാൽ അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് ഹരജിയിലെ ആവശ്യം.

അറസ്റ്റിലായ ശേഷം മാതാപിതാക്കളെ കണ്ടിട്ടില്ല. അസമിൽ നിന്നും കേരളം വരെ യാത്ര ചെയ്യാൻ കഴിയുന്ന സാമ്പത്തിക സാഹചര്യമല്ല കുടുംബത്തിൽ. വധശിക്ഷയ്ക്ക് പുറമെ ബന്ധുക്കളെ കാണാൻ കഴിയുന്നില്ല. ഇങ്ങനെയൊരു ശിക്ഷകൂടിയാണ് അനുഭവിക്കുന്നതെന്നു അമീറുലിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകരായ പരമേശ്വർ, ശ്രീറാം പറകാട്, വിഷ്ണു ശങ്കർ എന്നിവർ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര നിയമമനുസരിച്ചു വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ടാലും ജയിൽ മാറ്റം അനുവദിക്കുന്നുണ്ട്‌. സംസ്ഥാനത്ത് പാസാക്കിയ നിയമത്തിലെ ചട്ടം അനുസരിച്ചു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്കു ജയിൽ മാറ്റം അനുവദിക്കുന്നില്ല. കേന്ദ്രനിയമം പരിഗണിക്കണമെന്നും കേരളത്തിൽ രൂപീകരിച്ച ചട്ടം ഭരണ ഘടനാ വിരുദ്ധമാണെന്നു അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.

ജയിൽ മാറ്റം ആവശ്യപ്പെട്ട് അമീറുൽ ഇസ്‌ലാം അസം ഗവർണർക്കും കേരള ഗവർണർക്കും നേരത്തെ അപേക്ഷ നൽകിയിരുന്നു. അധികാര പരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടി അസം ഗവർണർ കൈയൊഴിഞ്ഞു. ചട്ടമനുസരിച്ചു ആവശ്യം പരിഗണിക്കാനാവില്ലെന്നു കേരള ഗവർണറും വ്യക്തമാക്കി. രണ്ട് സംസ്ഥാനങ്ങൾക്കിടയിലുള്ള വിഷയമായതിനാൽ സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കുകായണ്‌ ചെയ്തത്.

2016 ലാണ് ജിഷയെ ക്രൂരമായി കൊലപ്പെടുത്തുന്നത്. ബലാൽസംഗ ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. ഡി എൻ എ പരിശോധന നടത്തിയ ശേഷമാണു അമീറുൽ ഇസ്ലാമാമിലേക്കു പോലീസ് എത്തിയത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്.

Next Story