Quantcast

അതിഥി തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന പ്രചാരണം: സ്റ്റാലിന്റെ സന്ദേശവുമായി ടി.ആർ ബാലു നിതീഷ് കുമാറിനെ കണ്ടു

തമിഴ്‌നാട്ടിലെ അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി ബിഹാർ സർക്കാർ നിയോഗിച്ച നാലംഗ സംഘം ഏതാനും ദിവസങ്ങൾക്ക് മുമ്പ് തമിഴ്‌നാട് സന്ദർശിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    8 March 2023 3:50 PM GMT

TR Balu met Nithish kumar
X

TR Balu

പാട്‌ന: ബിഹാറുകാരായ അതിഥി തൊഴിലാളികൾക്കെതിരെ തമിഴ്‌നാട്ടിൽ അതിക്രമം നടക്കുന്നുവെന്ന പ്രചാരണത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രതിനിധിയായി മുതിർന്ന ഡി.എം.കെ നേതാവ് ടി.ആർ ബാലു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ടു. നിതീഷ് കുമാറുമായി സംസാരിച്ചെന്നും അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി തമിഴ്‌നാട് സർക്കാർ സ്വീകരിച്ച നടപടികൾ അദ്ദേഹത്തെ അറിയിച്ചെന്നും ടി.ആർ ബാലു പറഞ്ഞു.

ടി.ആർ ബാലുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് നിതീഷ് കുമാർ പ്രതികരിച്ചില്ല. ഡി.എം.കെ സ്ഥാപകനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ നൂറാം ജന്മദിനാഘോഷത്തിന് നിതീഷ് കുമാറിനെ ക്ഷണിക്കാനാണ് ബാലു എത്തിയതെന്ന് മുതിർന്ന ജെ.ഡി(യു) നേതാവും ധനകാര്യമന്ത്രിയുമായ വിജയകുമാർ ചൗധരി പറഞ്ഞു.

അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ സ്വാഭാവികമായും ചർച്ചയായെന്നും ചൗധരി പറഞ്ഞു. തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികൾക്ക് നേരെ ഒരു അതിക്രമവും നടക്കുന്നില്ലെന്നും ബിഹാറിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത് സംബന്ധിച്ച വാർത്തകളെന്ന് ബാലു അറിയിച്ചെന്നും ചൗധരി വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി ബിഹാർ സർക്കാർ നിയോഗിച്ച നാലംഗ സംഘം ഏതാനും ദിവസങ്ങൾക്ക് മുമ്പ് തമിഴ്‌നാട് സന്ദർശിച്ചിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുമായും തൊഴിലാളികളുമായും സംസാരിച്ച സംഘം ബിഹാർ സർക്കാരിന് കഴിഞ്ഞ ദിവസം റിപ്പോർട്ട് കൈമാറിയിരുന്നു.

TAGS :

Next Story