നിയമസഭയിലെ ചൂടൻ വാഗ്വാദങ്ങൾക്ക് ഇടവേള; എംഎൽഎമാരെ 'കൂളാക്കാൻ' കലാ- കായികമേളയുമായി ആന്ധ്രാ സർക്കാർ
എംഎൽഎമാർക്ക് രാഷ്ട്രീയത്തിനപ്പുറം അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള നിരവധി മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്

ഹൈദരാബാദ്: നിയമസഭ സമ്മേളനമായാൽ എംഎൽഎമാർക്ക് തിരക്കോട് തിരക്കാണ്. സഭയിലെ ചൂടുപിടിച്ച വാഗ്വാദങ്ങളും സമരങ്ങളുമൊക്കെയായി തിരക്ക് പിടിച്ചോടുന്ന എംഎൽഎമാർക്കായി മൂന്ന് ദിവസത്തെ കലാ-കായികമേള സംഘടിപ്പിക്കുകയാണ് ആന്ധ്രപ്രദേശ് സർക്കാർ. മാർച്ച് 18 മുതൽ 20 വരെയായിരിക്കും പരിപാടി നടക്കുകയെന്ന് സ്പീക്കർ അയന്ന പത്രുഡു അറിയിച്ചു.
തിരക്കേറിയ നിയമസഭാ സമ്മേളനങ്ങൾക്കിടയിൽ നിയമസഭാംഗങ്ങൾക്ക് വിശ്രമവും സൗഹൃദവും പ്രദാനം ചെയ്യുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കബഡി, ബാഡ്മിന്റൺ.100 മീറ്റർ ഓട്ടം, പാട്ട്, നൃത്തം...അങ്ങനെ എംഎൽഎമാർക്ക് രാഷ്ട്രീയത്തിനപ്പുറം അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള നിരവധി മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിജയികളെ പരിപാടിയുടെ അവസാന ദിവസം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആദരിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ള എംഎൽഎമാർ ചീഫ് വിപ്പിനോ വിപ്പുമാര്‍ക്കോ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.
കർണാടക നിയമസഭയിലെ പുതിയ പരിഷ്‌കാരങ്ങൾ ചർച്ചയാകുന്നതിന് പിന്നാലെയാണ് ആന്ധ്രാ സർക്കാറും അവരുടെ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസമാണ് കർണാടക നിയമസഭയിൽ എം.എൽ.എമാർക്കായി മസാജ് കസേരകളടക്കം എത്തിച്ചത്. 15 റീക്ലൈയ്‌നർ കസേരകളും 2 മസാജ് കസേരകളുമാണ് കർണാടക സർക്കാർ കൊണ്ടുവന്നത്. ഉച്ചഭക്ഷണത്തിന് ശേഷം നടക്കുന്ന സഭാ സമ്മേളനത്തിൽ എം.എൽ.എമാർ പങ്കെടുക്കാതിരിക്കുന്നത് സ്ഥിരമായതോടെയാണ് സ്പീക്കർ യു.ടി ഖാദർ ഈ നിർദേശം മുന്നോട്ട് വെച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം ആവശ്യമുള്ളവർക്ക് അൽപനേരം മയങ്ങിയ ശേഷം തുടർ സഭാ നടപടിക്രമങ്ങളിൽ പങ്കെടുക്കാം.നേരത്തെ സഭയിലെ ഹാജർ ഉയർത്താനായി സൗജന്യ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഉൾപ്പെടുത്തിയിരുന്നു.
Adjust Story Font
16

