Quantcast

'ബാലറ്റ് പേപ്പറിൽ ഒപ്പ് മാത്രമിടുന്നതിന്‌ പകരം എക്‌സ് അടയാളപ്പെടുത്തി'; സുപ്രിംകോടതിയിൽ കുറ്റം സമ്മതിച്ച് അനിൽ മസീഹ്

തെരഞ്ഞെടുപ്പിൽ ഇടപെട്ടതിന് പ്രിസൈഡിംഗ് ഓഫീസറായ അനിൽ മസീഹിനെ വിചാരണ ചെയ്യണമെന്ന് സുപ്രിംകോടതി

MediaOne Logo

Web Desk

  • Updated:

    2024-02-19 16:52:29.0

Published:

19 Feb 2024 12:38 PM GMT

Returning Officer Anil Masih admits to rigging Chandigarh mayoral election in Supreme Court
X

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയ കാര്യം സുപ്രിംകോടതിയിൽ സമ്മതിച്ച് പ്രിസൈഡിംഗ് ഓഫീസർ അനിൽ മസീഹ്. ഇന്ന് സുപ്രിംകോടതി ജഡ്ജിമാരുടെ ചോദ്യത്തിന് മറുപടിയായാണ് ഇയാൾ കുറ്റം സമ്മതിച്ചത്. നേരത്തെ വികൃതമായ എട്ട് ബാലറ്റ് പേപ്പറുകളിൽ ഒപ്പ് മാത്രം ഇടുന്നതിന്‌ എക്‌സ് ചിഹ്നമിട്ടതായി അനിൽ സമ്മതിക്കുകയായിരുന്നു. ആംആദ്മി കൗൺസിലർമാർ ബഹളമുണ്ടാക്കുകയും ബാലറ്റ് പേപ്പർ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും അനിൽ ആരോപിച്ചു.അവർ ക്യാമറ... ക്യാമറയെന്ന് പറഞ്ഞുവെന്നും അതിനാലാണ് താ ക്യാമറയിൽ നോക്കിയതെന്നും അവകാശപ്പെട്ടു.

അതേസമയം, തെരഞ്ഞെടുപ്പിൽ ഇടപെട്ടതിന് പ്രിസൈഡിംഗ് ഓഫീസറായ അനിൽ മസീഹിനെ വിചാരണ ചെയ്യണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പറുകൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ഹാജരാക്കണമെന്നും പറഞ്ഞു. ചണ്ഡീഗഢിൽ കുതിരക്കച്ചവടം നടന്നുവെന്ന് പറഞ്ഞ കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന ആവശ്യം സ്വീകരിച്ചില്ല.

നേരത്തെ വികൃതമായ ബാലറ്റ് പേപ്പറുകൾ കൂടിക്കലരാതിരിക്കാൻ താൻ ഹൈലൈറ്റ് ചെയ്യുകയായിരുന്നുവെന്നാണ് അനിൽ പറഞ്ഞത്. നിങ്ങൾ ബാലറ്റ് പേപ്പറിൽ എക്‌സ് മാർക്കിട്ടത് വീഡിയോയിൽ കാണാമെന്നും അങ്ങനെ ചെയ്തില്ലേയെന്നും അപ്പോൾ ചീഫ് ജസ്റ്റിസ് ചോദിച്ചു. അതെ വികൃതമായവയിൽ ചെയ്തുവെന്നായിരുന്നു അനിലിന്റെ മറുപടി. എത്രയെണ്ണത്തിൽ എക്‌സ് മാർക്കിട്ടുവെന്ന ചോദ്യത്തിന് എട്ടെണ്ണമെന്നും മറുപടി നൽകി. നിങ്ങൾക്ക് ബാലറ്റിൽ ഒപ്പിടാൻ മാത്രമല്ലേ അധികാരം, മറ്റു ചിഹ്നങ്ങളിടാൻ എങ്ങനെയാണ് അധികാരം കിട്ടിയതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. വികൃതമായവ വേറിട്ടു കാണിക്കാനാണെന്നായിരുന്നു അപ്പോഴും അനിലിന്റെ മറുപടി. അപ്പോൾ നിങ്ങൾ ബാലറ്റിൽ ചിഹ്നങ്ങളിട്ടുവെന്ന് സമ്മതിക്കുന്നുവോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 'ജീ സാർ (അതേ സാർ) എന്നായിരുന്നു മറുപടി. ഇതോടെ ഇയാളുടെ മറുപടി വ്യക്തമാണെന്നും വിചാരണ ചെയ്യണമെന്നും കോടതി വിധിച്ചു.

'ഞങ്ങൾ തന്നെ 2 മണിക്ക് രേഖകൾ പരിശോധിക്കും' ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ബാലറ്റ് പേപ്പറുകളും വോട്ടെണ്ണലിന്റെ മുഴുവൻ വീഡിയോ റെക്കോർഡിംഗും പരിശോധിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. ഉദ്യോഗസ്ഥരുടെയും രേഖകളുടെയും സുരക്ഷ ഉറപ്പാക്കാൻ ജുഡീഷ്യൽ ഓഫീസർക്ക് സംരക്ഷണം നൽകണമെന്ന് കോടതി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതിന് പകരം നിഷ്പക്ഷനായ പ്രിസൈഡിംഗ് ഓഫീസറുടെ മേൽനോട്ടത്തിൽ ബാലറ്റുകൾ വീണ്ടും എണ്ണണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഈ മാസമാദ്യത്തിൽ അനിൽ മസീഹിനെ സുപ്രിംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അനിൽ 'ജനാധിപത്യത്തെ കൊലപ്പെടുത്തുക'യാണെന്നായിരുന്നു വിമർശനം. തുടർന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മുഴുവൻ രേഖകളും സംരക്ഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു. പഞ്ചാബ് -ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിനോടായിരുന്നു ബാലറ്റ് പേപ്പറുകൾ, വീഡിയോകൾ തുടങ്ങിയ സംരക്ഷിക്കാൻ നിർദേശിച്ചത്.

ജനുവരി 30ന് നടന്ന ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -എഎപി സഖ്യത്തെ തോൽപ്പിച്ച് ബിജെപിയാണ് വിജയിച്ചത്. പ്രിസൈഡിംഗ് ഓഫീസർ കൃത്രിമം കാണിച്ചതോടെയാണ് ബിജെപി സ്ഥാനാർഥി വിജയിച്ചതെന്ന് എതിർപക്ഷം ആരോപിച്ചു. എട്ട് വോട്ടുകൾ ഓഫീസർ അസാധുവാക്കിയതോടെ ബിജെപിയുടെ മനോജ് സോങ്കാർ വിജയിക്കുകയായിരുന്നു. എഎപിയുടെ കുൽദീപ് കുമാറി(12)നെതിരെ 12 വോട്ടുകൾക്കാണ് സോങ്കാർ ജയിച്ചത്. എന്നാൽ കേസ് പരിഗണിക്കാനിരിക്കെ സോങ്കാർ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. അനിൽ മസീഹും ബിജെപി പ്രവർത്തകനാണ്.

കേസിൽ ഇടക്കാലാശ്വാസം നിഷേധിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരെയും ചണ്ഡീഗഡിൽ പുതിയ മേയർ തെരഞ്ഞെടുപ്പ് അഭ്യർത്ഥിച്ചും എഎപി സുപ്രിംകോടതിയിൽ ഹർജി നൽകുകയായിരുന്നു.

Returning Officer Anil Masih admits to rigging Chandigarh mayoral election in Supreme Court

TAGS :

Next Story