Quantcast

''കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപ് അങ്കിത പാചകക്കാരനെ കരഞ്ഞു വിളിച്ചു; ബാഗ് എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു''

സംഭവം നടന്ന സെപ്റ്റംബർ 18ന് വൈകുന്നേരം മൂന്നുപേർക്കൊപ്പം അങ്കിത പുറത്തുപോയിരുന്നു. എന്നാൽ, രാത്രി ഒൻപതു മണിക്കുശേഷം മൂന്നുപേർ മാത്രമാണ് മടങ്ങിവന്നതെന്നും റിസോർട്ടിലെ പ്രധാന പാചകക്കാരൻ വെളിപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2022-09-24 13:07:39.0

Published:

24 Sep 2022 12:40 PM GMT

കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപ് അങ്കിത പാചകക്കാരനെ കരഞ്ഞു വിളിച്ചു; ബാഗ് എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു
X

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബി.ജെ.പി നേതാവിന്റെ മകന്റെ റിസോർട്ടിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി കാണാതായ ദിവസം രാത്രി റിസോർട്ടിലെ പ്രധാന പാചകക്കാരനെ വിളിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ.

റിസോർട്ടിലെ പ്രധാന ഷെഫായ മൻവീർ സിങ് ചൗഹാൻ ദേശീയ മാധ്യമമായ 'ഇന്ത്യ ടുഡേ ടി.വി'യോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''അങ്കിത എന്നെ വിളിച്ചു കരഞ്ഞു. അവളുടെ ബാഗ് കൊണ്ടുകൊടുക്കാൻ ആവശ്യപ്പെട്ടു. ബാഗ് റോഡിൽ വയ്ക്കാനായിരുന്നു എന്നോട് പറഞ്ഞത്. ഒരു ജീവനക്കാരൻ ബാഗുമായി ചെന്നപ്പോൾ അങ്കിതയെ അവിടെ കണ്ടില്ല.''-മൻവീർ വെളിപ്പെടുത്തി.

സംഭവം നടന്ന സെപ്റ്റംബർ 18ന് വൈകീട്ട് മൂന്നുവരെ അങ്കിത റിസോർട്ടിലുണ്ടായിരുന്നുവെന്നും മൻവീർ പറഞ്ഞു. പിന്നീട് മൂന്നുപേർക്കൊപ്പമാണ് അങ്കിത ഇവിടെനിന്നു പോയത്. എന്നാൽ, രാത്രി ഒൻപതു മണിക്കുശേഷം മൂന്നുപേർ മാത്രമാണ് മടങ്ങിവന്നത്. അക്കൂട്ടത്തിൽ അങ്കിത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സംഘത്തിലുണ്ടായിരുന്ന അസിസ്റ്റന്റ് റിസോർട്ട് മാനേജർ കൂടിയായ അങ്കിത് ഗുപ്ത കിച്ചണിൽ വന്ന് നാലുപേർക്ക് ഭക്ഷണം തയാറാക്കാൻ ആവശ്യപ്പെട്ടു. അങ്കിതയുടെ ഭക്ഷണം താൻ കൊടുത്തോളാമെന്നും ഇയാൾ അറിയിച്ചു. ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമായിരുന്നു ഇതെന്നും അങ്കിത നേരത്തെ തന്നെ കൊല്ലപ്പെട്ടിരുന്നുവെന്നും മൻവീർ കൂട്ടിച്ചേർത്തു.

'വനതാര'യിലെ പീഡനവും കൊലയും

ഉത്തരാണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള ഋഷികേശിലെ 'വനതാര' റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്. 19കാരിയുടെ കൊലപാതകത്തിനു പിന്നിൽ ലൈംഗിക ആവശ്യങ്ങൾക്കു വഴങ്ങാത്തതാണെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

റിസോർട്ടിലെത്തിയ കസ്റ്റമർമാരുമായി ലൈംഗികബന്ധത്തിൽ പെൺകുട്ടി വഴങ്ങിയിരുന്നില്ല. ഇതേതുടർന്നാണ് കൊലപാതകമെന്ന് പിതാവ് ആരോപിച്ചു. ലൈംഗിക ആവശ്യങ്ങൾക്ക് കൂട്ടാകാതിരുന്ന ശേഷവും പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.

റിസോർട്ടിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ദിവസങ്ങൾക്കുമുൻപ് അങ്കിത സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് പുൽകിതിനൊപ്പം ഋഷികേശിൽ ഒരു സ്ഥലംവരെ അടിയന്തര ആവശ്യത്തിനായി വരണമെന്ന് ആവശ്യപ്പെട്ടത്. സെപ്റ്റംബർ 18നായിരുന്നു ഇത്. സംഭവത്തിനുശേഷമാണ് കുട്ടിയെ കാണാതായത്.

തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം അടുത്തുള്ള കനാലിൽനിന്ന് കണ്ടെടുത്തത്.

സംഭവത്തിൽ വൻ പ്രതിഷേധം ശക്തമായതിനു പിന്നാലെ റിസോർട്ടിന് നാട്ടുകാർ തീകൊടുക്കുകയും ചെയ്തു. ഇതിനുശേഷമാണ് പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമിയുടെ നിർദേശപ്രകാരം വിവാദ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുകയും ചെയ്തു. സംസ്ഥാനത്തെ മുഴുവൻ റിസോർട്ടുകളിലും അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.

സംഭവം വിവാദമായതോടെ വിനോദ് ആര്യ, മകൻ അങ്കിത് ആര്യ എന്നിവരെ ബി.ജെ.പി സസ്പെൻഡ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരും ബി.ജെ.പി പ്രവർത്തകരാണെന്നാണ് വിവരം.

Summary: Ankita Bhandari had called the chef of the resort, crying the night she was killed: Report

TAGS :

Next Story