Quantcast

''വി.വി.ഐ.പി ഗസ്റ്റുകൾക്ക് 'എക്‌സ്ട്രാ സർവീസ്', 10,000 രൂപ ഫീ; ലൈംഗികവൃത്തിക്ക് നിർബന്ധിച്ചു''-അങ്കിതയുടെ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്

ഉത്തരാഖണ്ഡിലെ മുന്‍ ബി.ജെ.പി മന്ത്രിയുടെ മകന്‍ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള ഋഷികേശിലെ റിസോർട്ടിലായിരുന്നു 19കാരി കടുത്ത പീഡനം നേരിട്ടത്

MediaOne Logo

Web Desk

  • Updated:

    2022-09-24 16:14:22.0

Published:

24 Sep 2022 4:13 PM GMT

വി.വി.ഐ.പി ഗസ്റ്റുകൾക്ക് എക്‌സ്ട്രാ സർവീസ്, 10,000 രൂപ ഫീ; ലൈംഗികവൃത്തിക്ക് നിർബന്ധിച്ചു-അങ്കിതയുടെ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്
X

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബി.ജെ.പി നേതാവിന്റെ മകന്റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന 19കാരിയുടെ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ലൈംഗികവൃത്തിക്ക് നിർബന്ധിക്കുന്നതടക്കം റിസോർട്ട് മാനേജ്‌മെന്റിനെതിരായ ഗുരുതര ആരോപണങ്ങൾ അടങ്ങിയ പെൺകുട്ടിയും സുഹൃത്തും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തരാണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവർക്കെതിരെയാണ് ആരോപണങ്ങളുള്ളത്. കൊലപാതകം നടന്ന ദിവസം കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി റിസോർട്ടിലെ പാചകക്കാരനെ വിളിച്ചതിന്റെ ശബ്ദരേഖ നേരത്തെ പുറത്തായിരുന്നു.

സ്പായുടെ മറവിൽ ലൈംഗികവൃത്തി

എക്‌സ്ട്രാ സർവീസ് എന്ന പേരിലാണ് അങ്കിതയെ ലൈംഗികവൃത്തിക്ക് റിസോർട്ട് ഉടമകൾ നിർബന്ധിച്ചതെന്ന് പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റിൽ വെളിപ്പെടുത്തുന്നു. ഋഷികേശിലെ റിസോർട്ടിലെത്തുന്ന വി.വി.ഐ.പികൾക്കാണ് ഈ സർവീസ്. 10,000 രൂപയാണ് ഇതിനു നിശ്ചയിച്ചിരിക്കുന്ന വേതനം. സ്പായുടെ മറവിലാണ് ഇത്തരം ആവശ്യങ്ങൾക്ക് കുട്ടിയെ നിർബന്ധിക്കുന്നത്.

തന്നെ ലൈംഗിക തൊഴിലാളിയാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അങ്കിത സുഹൃത്തിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം റിസോർട്ടിലുള്ള ഒരാൾ ലൈംഗികച്ചുവയോടെ തൊടുകയും പിടിക്കുകയും ചെയ്ത കാര്യവും പങ്കുവച്ചിട്ടുണ്ട്. ഇയാൾ മദ്യാസക്തിയിലുമായിരുന്നു. ഇതിനു നിന്നുകൊടുക്കാതെ കുതറാൻ ശ്രമിച്ച പെൺകുട്ടിയെ റിസോർട്ട് മാനേജ്‌മെന്റ് തടയുകയും ചെയ്യുന്നുണ്ട്.

റിസോർട്ടിലെ ജോലി നിർത്തുകയാണെന്നും മടുത്തുവെന്നും അങ്കിത സുഹൃത്തിനെ അറിയിച്ചിരുന്നു. അതേസമയം, വാട്‌സ്ആപ്പ് ചാറ്റിന്റെ ആധികാരികത പൊലീസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക് പരിശോധനയ്ക്കുശേഷം മാത്രമേ ഇതിനെ തെളിവായി എടുക്കൂവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് സുഹൃത്തിന്റെ വെളിപ്പെടുത്തൽ

അങ്കിതയുടെ ഒരു ഫേസ്ബുക്ക് സുഹൃത്ത് സംഭവദിവസം രാത്രി 8.30 വരെ അവളുമായി ഫോണിൽ സംസാരിച്ച വിവരം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതിനുശേഷം നിരവധി തവണ വിളിച്ചിട്ടും ഫോണിൽ കിട്ടിയില്ല. തുടർന്ന് പുൽകിതിനെ വിളിച്ചപ്പോൾ അങ്കിത ഉറങ്ങാൻ പോയതാണെന്നാണ് പറഞ്ഞത്.

പിറ്റേന്ന് പെൺകുട്ടിയെ വീണ്ടും ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ വീണ്ടും പുൽകിതിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് അങ്കിതിനെ വിളിച്ചുനോക്കി. അങ്കിത ജിമ്മിൽ പോയതാണെന്നായിരുന്നു മറുപടി. ഇതോടെ സംശയം തോന്നി റിസോർട്ടിലെ ഷെഫ് മൻവീർ സിങ് ചൗഹാനെ വിളിച്ചപ്പോൾ അവളെ റിസോർട്ടിൽ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

'ഷെഫിനെ വിളിച്ചു കരഞ്ഞു'

അങ്കിത ഭണ്ഡാരി കാണാതായ ദിവസം രാത്രി തന്നെ വിളിച്ച കാര്യം മൻവീർ സിങ്ങും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ''അങ്കിത എന്നെ വിളിച്ചു കരഞ്ഞു. അവളുടെ ബാഗ് കൊണ്ടുകൊടുക്കാൻ ആവശ്യപ്പെട്ടു. ബാഗ് റോഡിൽ വയ്ക്കാനായിരുന്നു എന്നോട് പറഞ്ഞത്. ഒരു ജീവനക്കാരൻ ബാഗുമായി ചെന്നപ്പോൾ അങ്കിതയെ അവിടെ കണ്ടില്ല.''-മൻവീർ വെളിപ്പെടുത്തി.

സംഭവം നടന്ന സെപ്റ്റംബർ 18ന് വൈകീട്ട് മൂന്നുവരെ അങ്കിത റിസോർട്ടിലുണ്ടായിരുന്നുവെന്നും മൻവീർ പറഞ്ഞു. പിന്നീട് മൂന്നുപേർക്കൊപ്പമാണ് അങ്കിത ഇവിടെനിന്നു പോയത്. എന്നാൽ, രാത്രി ഒൻപതു മണിക്കുശേഷം മൂന്നുപേർ മാത്രമാണ് മടങ്ങിവന്നത്. അക്കൂട്ടത്തിൽ അങ്കിത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സംഘത്തിലുണ്ടായിരുന്ന അസിസ്റ്റന്റ് റിസോർട്ട് മാനേജർ കൂടിയായ അങ്കിത് ഗുപ്ത കിച്ചണിൽ വന്ന് നാലുപേർക്ക് ഭക്ഷണം തയാറാക്കാൻ ആവശ്യപ്പെട്ടു. അങ്കിതയുടെ ഭക്ഷണം താൻ കൊടുത്തോളാമെന്നും ഇയാൾ അറിയിച്ചു. ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമായിരുന്നു ഇതെന്നും അങ്കിത നേരത്തെ തന്നെ കൊല്ലപ്പെട്ടിരുന്നുവെന്നും മൻവീർ കൂട്ടിച്ചേർത്തു.

'വനതാര'യിലെ പീഡനവും കൊലയും

പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള ഋഷികേശിലെ 'വനതാര' റിസോർട്ടിലാണ് അങ്കിത റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നത്. 19കാരിയുടെ കൊലപാതകത്തിനു പിന്നിൽ ലൈംഗിക ആവശ്യങ്ങൾക്കു വഴങ്ങാത്തതാണെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. റിസോർട്ടിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ദിവസങ്ങൾക്കുമുൻപ് അങ്കിത സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് പുൽകിതിനൊപ്പം ഋഷികേശിൽ ഒരു സ്ഥലംവരെ അടിയന്തര ആവശ്യത്തിനായി വരണമെന്ന് ആവശ്യപ്പെട്ടത്. സെപ്റ്റംബർ 18നായിരുന്നു ഇത്. സംഭവത്തിനുശേഷമാണ് കുട്ടിയെ കാണാതായത്.

തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം അടുത്തുള്ള കനാലിൽനിന്ന് കണ്ടെടുത്തത്.

സംഭവത്തിൽ വൻ പ്രതിഷേധം ശക്തമായതിനു പിന്നാലെ റിസോർട്ടിന് നാട്ടുകാർ തീകൊടുക്കുകയും ചെയ്തു. ഇതിനുശേഷമാണ് പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമിയുടെ നിർദേശപ്രകാരം വിവാദ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുകയും ചെയ്തു. സംസ്ഥാനത്തെ മുഴുവൻ റിസോർട്ടുകളിലും അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.

സംഭവം വിവാദമായതോടെ വിനോദ് ആര്യ, മകൻ അങ്കിത് ആര്യ എന്നിവരെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരും ബി.ജെ.പി പ്രവർത്തകരാണെന്നാണ് വിവരം.

Summary: WhatsApp text messages from the murdered Uttarakhand woman Ankita Bhandari to her friend seem to confirm allegations that the teenager was being forced into prostitution by the accused men

TAGS :

Next Story