Quantcast

ജന്തർമന്ദറിൽ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യം; പൊലീസ് കേസെടുത്തു

സുപ്രീംകോടതി അഭിഭാഷകനും ഡൽഹി ബിജെപി മുൻ വക്താവുമായ അശ്വനി ഉപാധ്യായയുടെ നേതൃത്വത്തിലാണ് ഏകീകൃത സിവിൽകോഡിനെക്കുറിച്ചുള്ള പരിപാടി നടന്നത്

MediaOne Logo

Web Desk

  • Updated:

    2021-08-09 11:49:31.0

Published:

9 Aug 2021 11:46 AM GMT

ജന്തർമന്ദറിൽ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യം; പൊലീസ് കേസെടുത്തു
X

ഡൽഹിയിലെ ജന്തർമന്ദറിൽ മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ജന്തർമന്ദറിൽ നടന്ന പരിപാടിയിലാണ് മതവിദ്വേഷം പരത്തുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നത്. സുപ്രീംകോടതി അഭിഭാഷകനും ഡൽഹി ബിജെപി മുൻ വക്താവുമായ അശ്വനി ഉപാധ്യായയുടെ നേതൃത്വത്തിലാണ് ഏകീകൃത സിവിൽകോഡിനെക്കുറിച്ചുള്ള പരിപാടി നടന്നത്.

മുസ്‍ലിം വിദ്വേഷം പരത്തുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇതിനെതിരെ ഡൽഹി പൊലീസ് കേസെടുത്തത്. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ജയ് ശ്രീറാം വിളിക്കേണ്ടിവരുമെന്ന് വിഡിയോയിൽ ആളുകൾ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. മുസ്‍ലിംകൾക്കുള്ള ഭീഷണിയും വിഡിയോയിലുണ്ട്. മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കുപ്രസിദ്ധനായ നരസിംഗാനന്ദ് സരസ്വതി എന്ന പൂജാരിയും മുദ്രാവാക്യം വിളിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.

വിവാദവിഡിയോ ഇന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി പാർലമെന്റിൽ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽനിന്ന് 20 മിനിറ്റ് അകലെയാണ് സംഭവം നടന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി. എന്നാൽ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയെക്കുറിച്ച് അറിയില്ലെന്ന് അശ്വനി ഉപാധ്യായ പ്രതികരിച്ചു. അഞ്ചോ ആറോ പേരാണ് മുദ്രാവാക്യം വിളിച്ചത്. അത്തരം മുദ്രാവാക്യങ്ങൾ വിളിക്കാൻ പാടില്ലായിരുന്നുവെന്നും അശ്വനി പറഞ്ഞു.

സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മതസ്പർധയുണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കുന്ന വിഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആളുകൾ അനുമതി കൂടാതെയാണ് സ്ഥലത്ത് ഒരുമിച്ചുകൂടിയതെന്നും ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദീപക് യാദവ് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോളിനെ തുടർന്ന് പരിപാടിക്ക് അനുമതി നൽകിയിരുന്നില്ല. മുദ്രാവാക്യം മുഴക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story