Quantcast

'ഷിൻഡെ മോഡലിൽ എന്നെയും മുഖ്യമന്ത്രിയാക്കാൻ സമീപിച്ചു'; ബിജെപിക്കെതിരെ ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ

തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയാണ് ആരോപണമുന്നയിച്ചത്

MediaOne Logo

Web Desk

  • Published:

    18 Nov 2022 9:32 AM GMT

ഷിൻഡെ മോഡലിൽ എന്നെയും മുഖ്യമന്ത്രിയാക്കാൻ സമീപിച്ചു; ബിജെപിക്കെതിരെ ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ
X

ഹൈദരാബാദ്: മഹാരാഷ്ട്രയിൽ ബിജെപി പയറ്റിവിജയിച്ച ഷിൻഡെ മോഡൽ ഭരണം പിടിക്കൽ തെലങ്കാനയിലും പയറ്റാൻ ശ്രമിച്ചുവെന്ന് ആരോപണം. തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയാണ് ആരോപണമുന്നയിച്ചത്. ഹൈദരാബാദിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തൽ. ബിജെപിയിൽ നിന്നുള്ള സുഹൃത്തുക്കൾ ബിജെപിയോടൊപ്പം നിന്നാൽ തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് വാക്ക് നൽകിയെന്നാണ് നിലവിൽ തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ ഇവർ ആരോപിച്ചത്.

'ബിജെപിയിലെ സുഹൃത്തുക്കളും ബിജെപിയുടെ സൗഹൃദത്തിലുള്ള സംഘടനാ നേതാക്കളും എനിക്ക് മുമ്പിൽ പ്രൊപ്പോസലുകൾ വെക്കുകയായിരുന്നു. ഷിൻഡെ മോഡൽ എന്ന് വിളിച്ചായിരുന്നു അവ മുന്നോട്ടുവെച്ചത്. ഞാൻ പറഞ്ഞു; തെലങ്കാനയിലെ ജനങ്ങൾ അവരുടെ നേതാക്കളെയും പാർട്ടികളെയും ചതിക്കില്ല. ഞങ്ങൾ സ്വന്തം ശക്തിയാൽ നേതാക്കളാകും, പിൻവാതിൽ വഴിയല്ല' കവിത വ്യക്തമാക്കി.

'പ്രൊപ്പോസൽ വിനയപൂർവം ഞങ്ങൾ നിരസിച്ചു. ഇനി അവരെന്ത് ചെയ്യുമെന്നത് മറ്റൊരു കാര്യമാണ്. ഞങ്ങൾ പൊതുജനങ്ങൾക്കിടയിലാണ് എല്ലായിപ്പോഴും കഴിയുന്നത്. അവ നേരിടുക തന്നെ ചെയ്യും' അവർ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെയെയും ഒരു കൂട്ടം എംഎൽഎമാരെയും അടർത്തി മാറ്റി ബിജെപി ഭരണത്തിലേറിയിരുന്നു. ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയായിരുന്നു നീക്കം.

കവിതയെ ബിജെപി പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്ന് രണ്ടു ദിവസം മുമ്പ് കെ.സി.ആർ തെലങ്കാന രാഷ്ട്ര സമിതി യോഗത്തിൽ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കവിതയുടെ തുറന്നുപറച്ചിൽ എന്നാൽ കെ.സി.ആറിന്റെ വാദം ബിജെപി തള്ളിയിരുന്നു. ചന്ദ്രശേഖർ റാവു തന്നെ ബിജെപിയിൽ ചേരാൻ വന്നാൽ സ്വീകരിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് ബൻഡി സഞ്ജയ് പരിഹസിച്ചു. തങ്ങൾ മദ്യക്കച്ചവടത്തിൽ ഏർപ്പെടുന്ന പാർട്ടിയല്ലെന്നും അതിനാൽ കെ.സി.ആറിന്റെ മക്കളുമായി ബന്ധമില്ലെന്നും നിസാമാബാദിലെ ബിജെപി എംപി ഡി. അരവിന്ദ് ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസിൽ ചേരാനായി കവിത മല്ലികാർജുൻ ഖാർഗെയെ സമീപിച്ചുവെന്ന് അരവിന്ദ് ആരോപിച്ചിരുന്നു. എന്നാൽ തനിക്ക് മറ്റൊരു പാർട്ടിയിലും ചേരാൻ താൽപര്യമില്ലെന്നായിരുന്നു കവിതയുടെ മറുപടി. ടി.ആർ.എസ്സിനെ ഇപ്പോൾ ബി.ആർ.എസ്സാക്കി ദേശീയ തലത്തിൽ പ്രവർത്തിക്കാനൊരുങ്ങുകയാണെന്നും അവർ പറഞ്ഞു. കവിതയുടെ സഹോദരൻ കെ.ടി രാമറാവു ഐ.ടി, മുൻസിപ്പൽ ഭരണം, ഗ്രാമീണ വികസനം തുടങ്ങിയ ചുമതലകളുള്ള മന്ത്രിയാണ്. ബി.ആർ.എസ് വർക്കിംഗ് പ്രസിഡണ്ടുമാണ്. മരുമകൻ ഹരീഷ് റാവു ധനകാര്യമന്ത്രിയുമാണ്.

തെലങ്കാനയിൽ നോട്ടമിട്ട് ബി.ജെ.പി

2023 ലെ തെലങ്കാന തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ ജൂലൈയിൽ നടന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. ഹൈദരാബാദിന്റെ പേരുമാറ്റം, ചാർമിനാറിനോട് ചേർന്നുള്ള ശ്രീഭാഗ്യലക്ഷ്മി ക്ഷേത്രത്തെ മുൻ നിർത്തിയുള്ള നീക്കങ്ങൾ തുടങ്ങിയവയിലൂടെ തെലങ്കാനയിൽ വലിയ പ്രകോപനം സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാചകനെ അധിക്ഷേപിച്ച കേസിൽ പാർട്ടി എം.എൽ.എ രാജാസിംഗ് അറസ്റ്റിലായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ്, ജൂനിയർ എൻ.ടി.ആർ നിതിൻ കുമാർ റെഡ്ഡി തുടങ്ങിയ തെലങ്കാനയിലെ സെലിബ്രിറ്റികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഈയടുത്ത് നടന്ന മുനുഗോഡ് മണ്ഡലം ടി.ആർ.എസ് പിടിച്ചെടുത്തിരുന്നു. ആദ്യ റൌണ്ട് വോട്ടെണ്ണലിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ടി.ആർ.എസും ബി.ജെ.പിയും തമ്മിൽ നടന്നത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ടി.ആർ.എസിന്റെ പ്രഭാകർ റെഡ്ഡി പതിനായിരത്തിലേറെ വോട്ടുകൾക്ക് വിജയിച്ചു. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ കൊമാട്ടിറെഡ്ഡി രാജഗോപാൽ റെഡ്ഡിയെയാണ് തോൽപ്പിച്ചത്.

രാജഗോപാൽ റെഡ്ഡി കോൺഗ്രസ് എം.എൽ.എ സ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ എത്തിയതോടെയാണ് മുനുഗോഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആഗസ്തിലാണ് രാജഗോപാൽ റെഡ്ഡി കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. ടി.ആർ.എസും ബി.ജെ.പിയും അഭിമാന പോരാട്ടമായാണ് ഉപതെരഞ്ഞെടുപ്പിനെ കണ്ടത്. ജയിച്ചേ തീരൂ എന്ന വാശിയോടെ ഇരു പാർട്ടികളും സർവസന്നാഹങ്ങളുമായി പ്രചാരണം നടത്തി. അന്തരിച്ച നേതാവ് പൽവായി ഗോവർദ്ധൻ റെഡ്ഡിയുടെ മകൾ പൽവായി ശ്രാവന്തിയെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. പക്ഷേ മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ.

വോട്ടെണ്ണൽ പൂർത്തിയാകാൻ മൂന്ന് റൗണ്ട് ബാക്കിയുള്ളപ്പോൾ പരാജയം സമ്മതിക്കുകയാണെന്ന സൂചന നൽകി ബി.ജെ.പി സ്ഥാനാർഥി രാജഗോപാൽ റെഡ്ഡി രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പ്രചാരണത്തിന് 19 മന്ത്രിമാരെയും 80ലധികം എം.എൽ.എമാരെയും ടി.ആർ.എസ് നിയോഗിച്ചതിനാൽ താനാണ് വിജയി എന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദിയും പറഞ്ഞു. വോട്ടർമാരെ വശത്താക്കാനും എതിരാളികളെ ഭയപ്പെടുത്താനും ടി.ആർ.എസ് എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചുവെന്നും ബി.ജെ.പി സ്ഥാനാർഥി കുറ്റപ്പെടുത്തി.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രാധാന്യമുണ്ട്. ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി കെസി.ആർ തന്നെ ഓപറേഷൻ കമല ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് വിജയത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ടായിരുന്നു.

'Approached to make me Chief Minister on Shinde model'; Telangana Chief Minister's daughter k Kavitha alleges against BJP

TAGS :

Next Story