Quantcast

വെള്ളത്തിന് 1.9 കോടി,വസ്തുവിന് 1.5 ലക്ഷം; നികുതി കുടിശ്ശികയടച്ചില്ലെങ്കിൽ താജ്മഹൽ കണ്ടുകെട്ടുമെന്ന് നഗരസഭ

രാജ്യം ബ്രീട്ടീഷ് അധീനതയിലായിരുന്ന സമയത്ത് പോലും വെള്ളക്കരമോ വസ്തുനികുതിയോ താജ്മഹലിന് ചുമത്തിയിട്ടില്ലെന്ന്‌ പുരാവസ്തു വകുപ്പ്

MediaOne Logo

Web Desk

  • Updated:

    2022-12-21 16:34:14.0

Published:

21 Dec 2022 1:04 PM GMT

വെള്ളത്തിന് 1.9 കോടി,വസ്തുവിന് 1.5 ലക്ഷം; നികുതി കുടിശ്ശികയടച്ചില്ലെങ്കിൽ താജ്മഹൽ കണ്ടുകെട്ടുമെന്ന് നഗരസഭ
X

ആഗ്ര; താജ്മഹലിന്റെ നികുതിയടയ്ക്കാത്തതിന് പുരാവസ്തു വകുപ്പിന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷന്റെ നോട്ടീസ്. വെള്ളത്തിന് 1.9 കോടിയും വസ്തുവിന് 1.5 ലക്ഷവും കുടിശ്ശികയുണ്ടെന്നും 15 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വസ്തു കണ്ടുകെട്ടുമെന്നുമാണ് നോട്ടീസ്.

2021-22, 2022-23 സാമ്പത്തിക വർഷങ്ങളിലെ നികുതി കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. എന്നാൽ മന്ദിരങ്ങൾക്ക് വസ്തുനികുതി ബാധകമല്ലെന്നും വെള്ളം വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നില്ലാത്തതിനാൽ അതടയ്‌ക്കേണ്ട ബാധ്യസ്ഥതയില്ലെന്നുമാണ് പുരാവസ്തു വകുപ്പിന്റെ വാദം. ഇത്തരത്തിലൊരു നോട്ടീസ് ഇതാദ്യമായാണ് ലഭിക്കുന്നതെന്നും നഗരസഭയ്ക്ക് അബദ്ധം പറ്റിയതാകാമെന്നും പുരാവസ്തു ഗവേഷകനും വകുപ്പ് സൂപ്രണ്ടുമായ രാജ് കുമാർ പട്ടേൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

താജ് മഹലിലെ നികുതി കുടിശ്ശികയെ കുറിച്ച് അറിവില്ലെന്നാണ് മുനിസിപ്പൽ കമ്മിഷണർ നിഖിൽ ടി ഫ്യൂണ്ടെയുടെ പ്രതികരണം. ഭൂമിശാസ്ത്രപരമായ സർവേ നടത്തി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നികുതി നിർണയിക്കുന്നതെന്നും സർക്കാർ കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ എന്നിവ വ്യത്യാസമില്ലാതെ എല്ലാ കെട്ടിടങ്ങൾക്കും നോട്ടീസ് അയയ്ക്കാറുണ്ടെന്നും പുരാവസ്തു വകുപ്പിനയച്ച നോട്ടീസിൽ കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1920ലാണ് താജ്മഹൽ സംരക്ഷിത മന്ദിരമായി പ്രഖ്യാപിക്കപ്പെട്ടത്. രാജ്യം ബ്രീട്ടീഷ് അധീനതയിലായിരുന്ന ഈ സമയത്ത് പോലും വെള്ളക്കരമോ വസ്തുനികുതിയോ എത്തിയിട്ടില്ലെന്നാണ് പുരാവസ്തു വകുപ്പിന്റെ പക്ഷം.

TAGS :

Next Story