Quantcast

സിദ്ദു മൂസെവാല വധം: കൊലയാളികള്‍ അറസ്റ്റില്‍

പുനെ പൊലീസാണ് കൊലയാളികളെ പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2022-06-13 03:22:34.0

Published:

13 Jun 2022 2:34 AM GMT

സിദ്ദു മൂസെവാല വധം: കൊലയാളികള്‍ അറസ്റ്റില്‍
X

ചണ്ഡിഗഢ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലെയെ കൊലപ്പെടുത്തിയ കേസിൽ കൊലയാളികൾ അറസ്റ്റിൽ. സന്തോഷ് യാദവ്, നവനാദ് സൂര്യവംശി എന്നിവരാണ് അറസ്റ്റിലായത്. പുനെ പൊലീസാണ് ഇവരെ പിടികൂടിയത്.

ഓംകാർ ബങ്കുലെയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സന്തോഷ് യാദവ് ഒളിവിലായിരുന്നു. പുനെയിലെ മഞ്ചാർ പൊലീസ് സ്റ്റേഷനിൽ എം‌സി‌ഒ‌സി ആക്‌ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സിദ്ദു മുസെവാല കൊലക്കേസില്‍ സന്തോഷ് യാദവിന്‍റെ കൂട്ടാളി സൗരവ് മഹാകല്‍ ജൂൺ എട്ടിന് അറസ്റ്റിലായിട്ടുണ്ട്.

മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ചാണ് സിദ്ദു മൂസെവാലയെ അക്രമികൾ വെടിവച്ചു കൊന്നത്. പഞ്ചാബ് സര്‍ക്കാര്‍ സിദ്ദു മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. വിഐപി സംസ്കാരം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ വിശദീകരിച്ചത്.

ഗുണ്ടാകുടിപ്പകയാണ് സിദ്ദു മൂസെവാലയുടെ കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘം കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പഞ്ചാബ് ഡി.ജി.പി വി.കെ ഭാവ്‍ര നേരത്തെ പറഞ്ഞിരുന്നു. യൂത്ത് അകാലിദള്‍ നേതാവ് വിക്കി മിദ്ദുഖേര കൊലപാതകത്തിന് പ്രതികാരമായാണ് സിദ്ദുവിനെ വധിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

മൂസെവാലയും രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ ജവഹർകെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴാണ് അക്രമിസംഘം വെടിയുതിര്‍ത്തത്. ഉടനെ മൂസെവാലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. മൂസെവാലയുടെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ഈ വര്‍ഷത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായാണ് സിദ്ദു മൂസെവാല കോൺ​ഗ്രസിൽ ചേർന്നത്. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് ശരിക്കുള്ള പേര്. മാൻസ ജില്ലയിൽ നിന്ന് കോൺ​ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും ആം ആദ്മിയുടെ ഡോ. വിജയ് സിം​ഗ്ലയോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മാസം സിദ്ദു ആം ആദ്മി പാർട്ടിയെയും അതിന്റെ അനുഭാവികളെയും തന്റെ 'സ്കേപ് ഗോട്ട്' എന്ന ഗാനത്തിലൂടെ ആക്ഷേപിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എ.എ.പി അനുഭാവികളെ രാജ്യദ്രോഹി എന്ന് വിളിച്ചതാണ് വിവാദമായത്.


TAGS :

Next Story