Quantcast

'സൗജന്യ വിദ്യാഭ്യാസം മുതൽ സ്ത്രീ സുരക്ഷ വരെ, ഇന്ത്യ നമ്പർ വൺ ആകും വരെ വിശ്രമമില്ല'; കെജ്‌രിവാൾ

"എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണം. പരസ്പരം ഏറ്റുമുട്ടൽ തുടരാൻ ഇനി നമുക്കാകില്ല. 75 വർഷം നാം പാഴാക്കിയിരിക്കുന്നു"

MediaOne Logo

Web Desk

  • Published:

    18 Aug 2022 4:01 AM GMT

സൗജന്യ വിദ്യാഭ്യാസം മുതൽ സ്ത്രീ സുരക്ഷ വരെ, ഇന്ത്യ നമ്പർ വൺ ആകും വരെ വിശ്രമമില്ല; കെജ്‌രിവാൾ
X

ന്യൂഡൽഹി: 'മിഷൻ ടു മേക്ക് ഇന്ത്യ നമ്പർ 1' ക്യാംമ്പെയിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ലോകത്തെ നമ്പർ വൺ രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിനാണ് കെജ്‌രിവാൾ തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങി 2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് കെജ്‌രിവാളിന്റെ നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയെ മുന്നിലെത്തിക്കാൻ അഞ്ച് കാര്യങ്ങളാണ് പ്രധാനമായും കെജ്‌രിവാൾ മുന്നോട്ടുവെച്ചത്. കുട്ടികൾക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് മുഖ്യം. ജനങ്ങൾക്ക് സൗജന്യ ചികിത്സ, സ്ത്രീ സുരക്ഷ, യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുക, കർഷകർക്ക് ന്യായവില നൽകുക തുടങ്ങിയവയാണ് കെജ്‌രിവാൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ അഞ്ച് കാര്യങ്ങൾ നേടിക്കഴിയുമ്പോൾ തന്നെ ഇന്ത്യക്ക് ഒരു അമാനുഷിക ശക്തി കൈവരുമെന്നും അദ്ദേഹം പറയുന്നു.

ക്യാംമ്പെയിന് പിന്നിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ ബിജെപി, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ ഈ ഉദ്യമത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ ക്ഷണിക്കുകയും ചെയ്തു. വിദ്വേഷമില്ലാത്തതും സ്വതന്ത്രവുമായ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിൽ പങ്കുചേരണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം.

'ഇത് എന്റെ പാർട്ടിയുടെ ദൗത്യമല്ല, 130 കോടി ജനങ്ങളുടെ ദൗത്യമാണ്. എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണം. പരസ്പരം ഏറ്റുമുട്ടൽ തുടരാൻ ഇനി നമുക്കാകില്ല. 75 വർഷം നാം പാഴാക്കിയിരിക്കുന്നു. കോൺഗ്രസ് ബിജെപിയുമായും ബിജെപി എഎപിയുമായും ഏറ്റുമുട്ടുകയാണ്. ഹിന്ദു മുസ്ലിമിനോട് യുദ്ധം ചെയ്യുന്നു, മുസ്ലീം ക്രിസ്ത്യാനിയുമായി യുദ്ധം ചെയ്യുന്നു, പണ്ഡിറ്റുകൾ ആരോടൊക്കെയോ വഴക്കിടുന്നു... എല്ലാ വഴക്കുകളും അവസാനിപ്പിക്കുക... ഇങ്ങനെ യുദ്ധം ചെയ്താൽ നമ്മൾ മികച്ചവരാകില്ല. ഒരു കുടുംബം പോലെ ജീവിക്കണം'; തൽക്കത്തോറ സ്റ്റേഡിയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ക്യാമ്പെയിൻ അവരിലേക്ക് എത്തിക്കാനും രാജ്യത്തുടനീളം താൻ സഞ്ചരിക്കുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു. 130 കോടി ജനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ ഇന്ത്യയെ നമ്പർ വണ്ണിലേക്ക് എത്തിക്കാൻ സാധിക്കൂവെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

അതേസമയം, കെജ്‌രിവാളിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് തന്ത്രം തന്നെയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. പഞ്ചാബിലെ മികച്ച വിജയത്തിന് പിന്നാലെ തന്നെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള കരുക്കൾ ആം ആദ്മി നീക്കിത്തുടങ്ങിയിരുന്നു. ബിജെപിക്ക് വെല്ലുവിളി ഉയർത്തുകയാണ് ലക്ഷ്യമെന്നും നിരീക്ഷണങ്ങളുണ്ട്.

TAGS :

Next Story