Quantcast

ലഖിംപൂര്‍ കർഷക കൂട്ടക്കൊല: ആശിഷ് മിശ്ര റിമാൻഡില്‍

ചോദ്യംചെയ്യലിന്‍റെ ആദ്യ അര മണിക്കൂറിൽ മാത്രമാണ് ആശിഷ് മിശ്ര സഹകരിച്ചത്. ഇതിനുശേഷം പൊലീസിന്റെ ചോദ്യങ്ങളിൽ മൗനം പാലിച്ചു.

MediaOne Logo

Web Desk

  • Published:

    10 Oct 2021 12:46 AM GMT

ലഖിംപൂര്‍ കർഷക കൂട്ടക്കൊല: ആശിഷ് മിശ്ര റിമാൻഡില്‍
X

ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത് 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ഒടുവില്‍. കോടതിയിൽ ഹാജരാക്കിയ ആശിഷിനെ രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇന്നലെ രാവിലെ 10.36ന് തുടങ്ങിയ ചോദ്യചെയ്യലിന്റെ ആന്റി ക്ലൈമാക്സ് സംഭവിച്ചത് രാത്രി 10:45ന്. 12 മണിക്കൂർ ലഖിംപൂര്‍ പൊലീസ് ലൈൻ സാക്ഷ്യം വഹിച്ച നാടകീയ രംഗങ്ങൾക്ക് കൂടിയാണ് സമാപനമായത്. ലഖിംപൂർ കർഷക കൊലപാതക കേസിൽ ആശിഷ് മിശ്ര ചോദ്യംചെയ്യലിൽ സഹകരിക്കുന്നില്ലെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും അന്വേഷണ ഉദ്യാഗസ്ഥരുടെ സ്ഥിരീകരണം. കർഷകരുടെ മുകളിലേക്ക് ഓടിച്ചുകയറ്റിയ വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്ന വാദം ആശിഷ് ചോദ്യം ചെയ്യലിലും ആവർത്തിച്ചു. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

ചോദ്യംചെയ്യലിന്‍റെ ആദ്യ അര മണിക്കൂറിൽ മാത്രമാണ് ആശിഷ് മിശ്ര സഹകരിച്ചത്. ഇതിനുശേഷം പൊലീസിന്റെ ചോദ്യങ്ങളിൽ മൗനം പാലിച്ചു. വാഹനങ്ങൾ ഒരുക്കി പൊലീസ് തയ്യാറായെങ്കിലും പുലർച്ചെ 12.20ഓടെ മാത്രമാണ് ആശിഷിനെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം പുറത്തേക്ക് വന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ആശിഷിനെ തിങ്കളാഴ്ച്ച വരെ റിമാന്‍റ് ചെയ്തു.

അതിനിടെ അഞ്ചിന സമര പരിപാടികളുമായി രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രയെ ഉടൻ പുറത്താക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ചൊവ്വാഴ്ച കർഷക രക്തസാക്ഷിദിനമായി ആചരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകർ ഈ ദിവസം ലഖിംപൂർഖേരിയിലെത്തി പ്രതിഷേധത്തിന്റെ ഭാഗമാകും. 15ന് ദസറദിനത്തില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ കോലം കത്തിക്കും. 18ന് രാജ്യത്തുടനീളം ട്രെയിനുകൾ തടയാനും പദ്ധതിയുണ്ട്. ബിജെപിയുടെ കർഷകദ്രോഹ നയങ്ങളെക്കുറിച്ച് ദേശവ്യാപകമായി പ്രതിഷേധമുയർത്തുകയാണ് ഇതുവഴി കിസാൻ മോർച്ച ലക്ഷ്യമിടുന്നത്. ലഖ്‌നൗവിൽ 26ന് മഹാപഞ്ചായത്തും സംഘടിപ്പിക്കുമെന്ന് കിസാൻ മോർച്ച അറിയിച്ചു.

TAGS :

Next Story