Quantcast

ചരിത്രത്തെ വളച്ചൊടിക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നു: അശോക് ഗെലോട്ട്‌

എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യത്തെ മാറ്റിമറിക്കാനാകില്ലെന്നും അശോക് ഗെലോട്ട്

MediaOne Logo

Web Desk

  • Published:

    18 Jan 2025 1:11 PM IST

ചരിത്രത്തെ വളച്ചൊടിക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നു: അശോക് ഗെലോട്ട്‌
X

ന്യൂഡല്‍ഹി: രാജ്യത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നതിനുള്ള പ്രചാരണം ആര്‍എസ്എസും ബിജെപിയും ആരംഭിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ പറഞ്ഞത് പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.

''തെറ്റായ വസ്തുതകൾ ഉപയോഗിച്ച് ചരിത്രം തിരുത്തിയെഴുതാൻ ശ്രമിച്ചതിന് ചരിത്രകാരന്മാർ തന്നെ പരിഹസിച്ച നിരവധി ഉദാഹരണങ്ങള്‍ ഇപ്പോഴും മുമ്പും ഉണ്ടായിട്ടുണ്ട്. മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്‌റു, സർദാർ പട്ടേൽ, ഭഗത് സിംഗ്, മൗലാനാ ആസാദ് തുടങ്ങിയ നേതാക്കൾ സ്വാതന്ത്ര്യസമരത്തിന് നല്‍കിയ സംഭാവനകള്‍ സുവർണ ലിപികളാൽ എഴുതപ്പെട്ടതും എന്നെന്നും മായാതെ നിലനിൽക്കുന്നതുമാണ്''- അശോക് ഗെലോട്ട് പറഞ്ഞു. എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യത്തെ മാറ്റിമറിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“സിയാ-ഉൾ-ഹഖ് പാകിസ്ഥാനിൽ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം രാജ്യത്തിൻ്റെ ചരിത്രം തിരുത്തിയെഴുതാൻ തുടങ്ങി, 1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചുവെന്നുവരെ അദ്ദേഹം പുസ്തകങ്ങളിൽ എഴുതി. ബംഗ്ലാദേശിലും സമാനമായ സംഭവങ്ങളാണ് നടക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഷെയ്ഖ് മുജീബുറഹ്മാൻ്റെ പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നത്. ഇത്തരം ശ്രമങ്ങൾ ലോകത്ത് ഈ രാജ്യങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കർഷക നേതാവ് ജഗ്ദീപ് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യകാര്യത്തിൽ കേന്ദ്രവും പഞ്ചാബ് സർക്കാരും നിസംഗത പുലർത്തുന്നതായും ഗെലോട്ട് വ്യക്തമാക്കി. ജഗ്ജിത് സിംഗ് ദല്ലേവാൾ നിരാഹാര സമരം ആരംഭിച്ചിട്ട് 51 ദിവസം പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തുടർച്ചയായി വഷളായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ അദ്ദേഹത്തോടെ തികഞ്ഞ നിസ്സംഗതയാണ് കാണിച്ചതെന്നും ഗെലോട്ട് വ്യക്തമാക്കി.

TAGS :

Next Story