Quantcast

അശോക് ഗെഹ്‍ലോട്ട് മത്സരിച്ചേക്കും; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിർണായക നീക്കം

ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സച്ചിൻ പൈലറ്റ് കേരളത്തിൽ എത്തിയതിന് പിന്നാലെ ഗെഹ്‍ലോട്ട് എംഎൽഎമാരുടെ യോഗം വിളിച്ചു

MediaOne Logo

Web Desk

  • Updated:

    2022-09-20 16:38:29.0

Published:

20 Sep 2022 3:52 PM GMT

അശോക് ഗെഹ്‍ലോട്ട് മത്സരിച്ചേക്കും; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിർണായക നീക്കം
X

ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിർണായക നീക്കങ്ങളുമായി അശോക് ഗെഹ്‍ലോട്ട്. രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം രാത്രി പത്ത് മണിക്ക് ചേരും. ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സച്ചിൻ പൈലറ്റ് കേരളത്തിൽ എത്തിയതിന് പിന്നാലെയാണ് യോഗം വിളിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്‍ലോട്ട് തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന.

അധ്യക്ഷനാകണമെന്ന് സോണിയ ഗാന്ധി നേരത്തെ ഗെഹ്‍ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ അധ്യക്ഷനാവട്ടെ എന്ന നിലപാടാണ് ഗെഹ്‍ലോട്ട് സ്വീകരിച്ചിരുന്നത്. അധ്യക്ഷനാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമെന്നും ഒഴിയുകയാണെങ്കിൽ താൻ പറയുന്ന ആളെ മുഖ്യമന്ത്രിയായി നിയമിക്കണമെന്നുമായിരുന്നു ഗെഹ്‍ലോട്ടിന്റെ ആവശ്യം. എന്നാൽ ഈ നിലപാടിനോട് ഹൈക്കമാന്റിന് യോജിപ്പുണ്ടായിരുന്നില്ല. കോൺഗ്രസ് അധ്യക്ഷനായി താൻ പോകുമ്പോൾ സച്ചിന് സ്ഥാനം കിട്ടുന്നത് തടയുക എന്നതാണ് ഗെഹ്‍ലോട്ടിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം രാഹുൽ ഗാന്ധിയും അശോക് ഗെഹ്ലോട്ടും സ്ഥാനാർഥിത്വത്തിൽ നിന്ന് മാറിയാൽ മുകുൾ വാസ്‌നിക്കിനെ പരിഗണിക്കാനായിരുന്നു എഐസിസിയുടെ ആലോചന. നെഹ്റു കുടുംബപക്ഷത്തിന്റെ സ്ഥാനാർത്ഥി വൈകുന്നത് ജി 23യിലും തീരുമാനം വൈകാനിടയാക്കുകയാണ്. രാഹുൽ ഗാന്ധി മത്സരിച്ചാൽ ജി 23ക്കായി മനീഷ് തിവാരി മത്സരിക്കണമെന്നും മറ്റൊരു സ്ഥാനർഥിയാണെങ്കിൽ ശശി തരൂർ സ്ഥാനാർഥിയാകണമെന്നുമാണ് അവർക്കിടയിലെ ധാരണ. കൂടുതൽ ചർച്ചകൾക്കും തീരുമാനത്തിനുമായി പ്രസിഡൻറ് സോണിയ ഗാന്ധി കെ.സി വേണുഗോപാലിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്വീറ്റിലൂടെ ശശി തരൂർ എംപി നേരത്തെ സൂചന നൽകിയിരുന്നു. പാർട്ടിയിൽ ക്രിയാത്മകമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് ഒരു കൂട്ടം പ്രവർത്തകർ സ്ഥാനാർഥികൾക്ക് നൽകുന്ന നിവേദനം പങ്കുവച്ചാണ് ട്വീറ്റ് ചെയ്തിരുന്നത്. കോൺഗ്രസിലെ ഒരു വിഭാഗം അംഗങ്ങൾ പ്രചരിപ്പിക്കുന്ന നിവേദനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നിവേദനം അംഗീകരിക്കുന്നതിലും മുന്നോട്ട് പോകുന്നതിലും സന്തോഷമുണ്ടെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ചിന്തൻ ശിബിർ തത്വങ്ങളെ ഓർമപ്പെടുത്തുന്നതാണ് നിവേദനമെന്നും ഭരണഘടന മൂല്യങ്ങളും മതേതരത്വവും കർശനമായി പാലിക്കണമെന്നും പറഞ്ഞു. സ്ത്രീകൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നിവേദനത്തിലുള്ളത്.

TAGS :

Next Story