Quantcast

'സച്ചിൻ പൈലറ്റ് ബിജെപിയുമായി ചർച്ച നടത്തി'; ആരോപണം

2020ൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂട്ടുനിന്നുവെന്നാണ് ഗെഹ്ലോട്ടിന്റെ ആരോപണം.

MediaOne Logo

Web Desk

  • Updated:

    2022-06-26 06:06:32.0

Published:

26 Jun 2022 6:03 AM GMT

സച്ചിൻ പൈലറ്റ് ബിജെപിയുമായി ചർച്ച നടത്തി; ആരോപണം
X

ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിൽ തർക്കം. സച്ചിൻ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്ത് എത്തി. സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ച ആളാണ് സച്ചിൻ പൈലറ്റെന്ന് ഗെഹ്ലോട്ട് ആരോപിച്ചു. ഇതിനായി 2020ൽ ബിജെപിയുമായി ചർച്ച നടത്തിയെന്നും ഗെഹ്ലോട്ട് ആരോപിച്ചു. 2020ൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂട്ടുനിന്നുവെന്നാണ് ഗെഹ്ലോട്ടിന്റെ ആരോപണം.

'പൈലറ്റിന് അവസരം നഷ്ടമായി, സർക്കാർ മാറിയിരുന്നെങ്കിൽ കിഴക്കൻ രാജസ്ഥാൻ കനാൽ പദ്ധതി വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം എത്തുമായിരുന്നുവെന്ന കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം. രാജസ്ഥാനില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് ഗജേന്ദ്ര സിങ്.

'സച്ചിൻ പൈലറ്റ് അവസരം പാഴാക്കിയില്ലായിരുന്നെങ്കിൽ രാജസ്ഥാനിൽ സർക്കാർ മാറുമായിരുന്നു. സംസ്ഥാനത്ത് (ഇആർസിപി വഴി) വെള്ളം വരുമായിരുന്നുവെന്നാണ് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറയുന്നത്. ഒരു കേന്ദ്രമന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്, ഇതിലും നാണക്കേട് മറ്റെന്തുണ്ട്'- ഗെഹ്ലോട്ട് പറഞ്ഞു.

2020ൽ അശോക് ഗെലോട്ട് സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നോട്ടീസ് അയച്ചിരുന്നു. ജൂലൈ 14നകം മറുപടി നൽകാനാണ് മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'ഇപ്പോൾ നിങ്ങൾ സച്ചിൻ പൈലറ്റിന്റെ പേര് പറയുന്നു, അവസരം നഷ്‌ടപ്പെടുത്തിയെന്നാണ് പറയുന്നത്, ഇത് നിങ്ങൾ അദ്ദേഹവുമായി ഒത്തുകളിച്ചുവെന്ന് കാണിക്കുന്നതാണ്- അശോക് ഗെഹ്ലോട്ട് പറഞ്ഞു.

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും, സച്ചിൻ പൈലറ്റുമായുള്ള അസ്വാരസ്യങ്ങൾ കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് പ്രശ്‌നം തീർക്കുകയായിരുന്നു.

Summary-Ashok Gehlot renews attack on Sachin Pilot, hurls big charge over 2020 coup

TAGS :

Next Story