Quantcast

ജമ്മു മുസ്‌ലിംകൾക്കെതിരെയുള്ള അതിക്രമത്തെ കുറിച്ചെഴുതി; കരൺഥാപ്പറിന്റെ കോളം നിര്‍ത്തി ഏഷ്യൻ ഏജ്

ആഗസ്ത് 14ന് വിഭജന ഭീതി ദിനമായി ആചരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ വിമർശിച്ചായിരുന്നു ലേഖനം

MediaOne Logo

abs

  • Published:

    26 Aug 2021 11:29 AM GMT

ജമ്മു മുസ്‌ലിംകൾക്കെതിരെയുള്ള അതിക്രമത്തെ കുറിച്ചെഴുതി; കരൺഥാപ്പറിന്റെ കോളം നിര്‍ത്തി ഏഷ്യൻ ഏജ്
X

ന്യൂഡൽഹി: വിഭജനകാലത്ത് ജമ്മുവിലെ മുസ്‌ലിംകൾ നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് ലേഖനമെഴുതിയ പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന്റെ കോളം നിർത്തി ഏഷ്യൻ ഏജ് പത്രം. ആഗസ്ത് 20നാണ് ആസ് ഐ സീ ഇറ്റ് എന്ന തന്റെ ദ്വൈവാര കോളത്തിൽ ഥാപ്പർ ജമ്മു മുസ്‌ലിംകളെ കുറിച്ചെഴുതിയത്. മാനേജ്‌മെന്റ് നിർദേശപ്രകാരം കോളം തൽക്കാലം നിർത്തിവയ്ക്കുന്നു എന്ന് തന്നെ അറിയിച്ചതായി ഥാപ്പർ ദ വയറിനോട് പറഞ്ഞു.

മാനേജിങ് എഡിറ്റർ കൗശിക് മിത്തറാണ് ഇക്കാര്യം തന്നെ അറിയിച്ചത്. ജമ്മു മുസ്‌ലിംകളെ കുറിച്ച് പരാമർശിച്ച ലേഖനം തിരിച്ചടിയുണ്ടാക്കുമെന്ന് ഉടമസ്ഥർ ഭയക്കുന്നതായി മിത്തർ പറഞ്ഞു. സർക്കാറിൽ നിന്നുള്ള സമ്മർദത്തെ അവർക്ക് ഭയമുണ്ട്- ഥാപ്പർ വ്യക്തമാക്കി.

ടെലിവിഷൻ മാധ്യമ പ്രവർത്തകനായ ഥാപ്പർ പത്തു മാസം മുമ്പാണ് പത്രത്തിൽ കോളം ആരംഭിച്ചത്. ആഗസ്ത് 14ന് വിഭജന ഭീതി ദിനമായി ആചരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ വിമർശിച്ചായിരുന്നു ഇത്തവണത്തെ ലേഖനം. ഹൊറേഴ്‌സ് ഓഫ് 1947 പാർട്ടീഷൻ: എ സെലക്ടീവ് റിമംബറൻസ് (1947ലെ വിഭജനഭീതി: വിവേചനപരമായ ഓർമകൾ) എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

'ജമ്മുവിൽ എഴുപതിനായിരത്തിനും രണ്ടു ലക്ഷത്തി മുപ്പത്തിയേഴായിരത്തിനും ഇടയിൽ മുസ്‌ലിംകൾ കൊല്ലപ്പെട്ടു എന്നാണ് കശ്മീർ: ദ അൺറിട്ടൺ ഹിസ്റ്ററി എന്ന പുസ്തകത്തിൽ ക്രിസ്റ്റഫർ സ്‌നെഡ്ഡൻ പറയുന്നത്. ഇന്ത്യാസ് വേൾഡ് എന്ന പുസ്തകത്തിൽ അർജുൻ അപ്പാദുരിയും ആര്യൻ മാകും പറയുന്നത് രണ്ട് ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും എന്നാണ്. അഞ്ചു ലക്ഷം പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടെന്നും. അക്കാലത്തെ വർത്തമാന പത്രങ്ങൾ അതിലും വലിയ എണ്ണമാണ് റിപ്പോർട്ട് ചെയ്യുന്നത്. അഞ്ചു ലക്ഷം പേർ കൊല്ലപ്പെട്ടു എന്നാണ് സ്റ്റേറ്റ്‌സ്മാൻ പറയുന്നത്. കശ്മീർ ഭരണാധികാരി മഹാരാജാ ഹരിസിങ്ങിന്റെ പിന്തുണയോടെ ആർഎസ്എസ് ഇതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് മാധ്യമപ്രവർത്തൻ വേദ് ഭാസിനും ഗവേഷകൻ ഇൽയാസ് ഛത്തയും പറയുന്നത്. എന്തുകൊണ്ടാണ് ഈ ഭീകരത ഓർമിക്കപ്പെടാത്തത്. മൈ കശ്മീർ: ദ ഡയിങ് ഓഫ് ദ ലൈറ്റ് എന്ന പുസ്തകമെഴുതിയ വജാഹത്ത് ഹബീബുല്ല അതിന് രണ്ടു കാരണമാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, വടക്കേ ഇന്ത്യയിൽ സാമുദായിക സംഘർഷങ്ങളും കൂട്ടക്കൊലകളും അരങ്ങേറിയ വേളയിലായിരുന്നു ഇത് സംഭവിച്ചത്. ആ വലിയ ബഹളത്തിനിടയിൽ ഈ ചെറിയ ദുരന്തം വിസ്മരിക്കപ്പെട്ടു'- കരൺ ഥാപ്പർ എഴുതി.

വിഭജനത്തിന്റെ ഭീകരത പ്രധാനമന്ത്രി നരേന്ദ്രമോദി ഓർക്കുമ്പോൾ ഇതുകൂടി ഓർക്കപ്പെടേണ്ടതല്ലേ എന്ന് ചോദിച്ചാണ് ഥാപ്പർ ലേഖനം അവസാനിപ്പിക്കുന്നത്.

TAGS :

Next Story