Quantcast

'ഓൺലൈൻ ഗെയിമിനിടെ അവളോട് നഗ്നചിത്രം ആവശ്യപ്പെട്ടു'; 13കാരിയായ മകൾക്കുണ്ടായ ദുരനുഭവം പങ്കുവച്ച് അക്ഷയ്കുമാർ

സൈബറിടത്തെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് നടൻ ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Updated:

    2025-10-03 17:32:55.0

Published:

3 Oct 2025 11:01 PM IST

Asked For Nudes Akshay Kumar Reveals Daughters Horror In Online Game
X

മുംബൈ: ഓൺലൈൻ ​ഗെയിമിന്റെ അപകടാവസ്ഥയെ കുറിച്ച് വിശദമാക്കാൻ മകൾക്കുണ്ടായ ദുരനുഭവം പങ്കുവച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. മാസങ്ങൾക്ക് മുമ്പ് തന്റെ 13കാരിയായ മകളോട് ഓൺലൈൻ വീഡിയോ ഗെയിമിനിടെ ന​ഗ്നചിത്രം ചോദിച്ച് ഒരാൾ മെസേജ് അയച്ചതായി അക്ഷയ് കുമാർ വ്യക്തമാക്കി. മുംബൈയിൽ മഹാരാഷ്ട്ര പൊലീസ് ആസ്ഥാനത്ത് നടന്ന സൈബർ ബോധവത്കരണ മാസാചരണത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

സൈബറിടത്തെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് നടൻ ചൂണ്ടിക്കാട്ടി. 'ഏതാനും മാസങ്ങൾക്ക് മുമ്പ് എന്റെ വീട്ടിലുണ്ടായ ചെറിയൊരു സംഭവം ഞാൻ പറയാം. എന്റെ മകൾ ഒരു വീഡിയോ ​ഗെയിം കളിക്കുകയായിരുന്നു. മറ്റുള്ളവരുമായി കളിക്കാനാവുന്ന പല ​ഗെയിമുകളുണ്ട്. അപരിജിതനായ ആളുമായിട്ടായിരിക്കും അതിൽ നിങ്ങൾ ​കളിക്കുക. അങ്ങനെ കളിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് മെസേജുകൾ വരാം. അങ്ങനെ അവൾക്കും ഒരു ഒരു മെസേജ് വന്നു'.

'നീ ആണാണോ പെണ്ണാണോ എന്നായിരുന്നു അപ്പുറത്തുനിന്നുള്ള ചോദ്യം. പെണ്ണാണെന്ന് മറുപടി നൽകിയപ്പോൾ, എങ്കിൽ നിന്റെ ന​ഗ്നചിത്രങ്ങൾ അയയ്ക്കൂ എന്നായിരുന്നു അയാളുടെ അടുത്ത മെസേജ്. അവൾ ഉടൻതന്നെ എല്ലാം ഓഫ് ചെയ്ത് ഓടിവന്ന് എന്റെ ഭാര്യയോട് കാര്യം പറഞ്ഞു. ഇങ്ങനെയാണ് ഓരോന്ന് സംഭവിക്കുക'.

'ഇതൊരു സൈബർ കുറ്റകൃത്യമാണ്. സംസ്ഥാനത്തെ എല്ലാ സ്കൂളിലെയും ഏഴ് മുതൽ പത്ത് വരെ ക്ലാസുകളിൽ ഒരു പിരീഡ് സൈബർ ക്രൈമുകളെ കുറിച്ചും സൈബറിടത്തെ പ്രശ്നങ്ങളെക്കുറിച്ചും പഠിപ്പിക്കാനായി മാറ്റിവയ്ക്കണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്. അവർ അതേക്കുറിച്ച് മനസിലാക്കണം. തെരുവ് കുറ്റകൃത്യങ്ങളേക്കാൾ വലുതായി ഈ കുറ്റകൃത്യം മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം അവസാനിപ്പിക്കേണ്ടത് പ്രധാനമാണ്'- അക്ഷയ് കുമാർ വിശദമാക്കി.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് സുരക്ഷിതമായി തുടരാൻ സ്കൂൾ വിദ്യാർഥികൾക്ക് സൈബർ വിദ്യാഭ്യാസം ഒരു പാഠ്യവിഷയമായി ഉൾപ്പെടുത്തണമെന്നും താരം സർക്കാരിനോട് അഭ്യർഥിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഡിജിപി രശ്മി ശുക്ല, നടി റാണി മുഖർജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story