സുഷ്മിത പോയി, നെയ്‌റിത വന്നു; യുവ വ്യവസായിയെ പാർട്ടിയിലെത്തിച്ച് അസം കോൺഗ്രസ്
കഴിഞ്ഞ ദിവസമാണ് രാഹുൽ ബ്രിഗേഡിലെ അംഗം കൂടിയായ സുഷ്മിത ദേവ് അപ്രതീക്ഷിതമായി കോൺഗ്രസ് വിട്ടത്

ഗുവാഹത്തി: മഹിളാ കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രാജിവച്ചതിന്‍റെ പിറ്റേന്ന് സംസ്ഥാനത്തെ യുവ വ്യവസായി നൈറിത ജോയ് ശുക്ലയെ പാർട്ടിയിലെത്തിച്ച് അസം കോൺഗ്രസ്. പാർട്ടി മുൻ എംപി ലളിത് മോഹൻ സുക്ലബൈദ്യയുടെ പേരമകളാണ് നൈറിത. തിങ്കളാഴ്ചയാണ് സുഷ്മിത കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയത്.
കോൺഗ്രസിൽ ചേരാൻ എല്ലാ കാലത്തും ആഗ്രഹിച്ചിട്ടുണ്ടെന്നും ഏറ്റവും മോശം കാലത്തും തന്റെ കുടുംബം പാർട്ടിക്കൊപ്പം നിന്നിട്ടുണ്ടെന്നും നൈറിത പറഞ്ഞു. നൈറിതയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപേൻ ബോറ വ്യക്തമാക്കി. ഷില്ലോങ് ആസ്ഥാനമായ മാജിക്‌ഡെകോ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയാണ് നൈറിത.
https://t.co/YbwM9ivkmC pic.twitter.com/PckXf02rJc
— Bhupen kumar Borah (@BhupenKBorah) August 17, 2021
കഴിഞ്ഞ ദിവസമാണ് രാഹുൽ ബ്രിഗേഡിലെ അംഗം കൂടിയായ സുഷ്മിത ദേവ് അപ്രതീക്ഷിതമായി കോൺഗ്രസ് വിട്ടത്. അസമിലെ ബറക് വാലിയിൽനിന്നുള്ള പ്രധാന കോൺഗ്രസ് നേതാവാണ് ഇവർ. അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തൃണമൂൽ വേരുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുഷ്മത മമതയുടെ പാർട്ടിയിലെത്തുന്നത്.
മുൻ കേന്ദ്രമന്ത്രി സന്തോഷ് മോഹൻ ദേവിന്റെ മകളായ സുഷ്മിത 2014 ൽ അസമിലെ സിൽചറിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017 ലാണ് മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ പദവിയിലെത്തിയത്. സുഷ്മിതയ്ക്ക് പകരം നെട്ട ഡിസൂസയെ മഹിള കോൺഗ്രസ് ആക്ടിങ് അധ്യക്ഷയായി സോണിയ ഗാന്ധി നിയമിച്ചിട്ടുണ്ട്.
Adjust Story Font
16

