Quantcast

പൗരത്വ പ്രക്ഷോഭം: അഖിൽ ഗൊഗോയിയെ എൻഐഎ കോടതി കുറ്റവിമുക്തനാക്കി

2019 ഡിസംബറിൽ അസമിൽ നടന്ന സിഎഎ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ചുമത്തിയ രണ്ട് യുഎപിഎ കേസുകളിൽ ഒന്നിലാണ് എംഎൽഎയും കർഷക നേതാവുമായ ഗൊഗോയിയെ കോടതി വെറുതെവിട്ടത്

MediaOne Logo

Web Desk

  • Updated:

    2021-06-22 14:27:23.0

Published:

22 Jun 2021 1:10 PM GMT

പൗരത്വ പ്രക്ഷോഭം: അഖിൽ ഗൊഗോയിയെ എൻഐഎ കോടതി കുറ്റവിമുക്തനാക്കി
X

അസമിൽ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തില്‍ മുൻനിരയിലുണ്ടായിരുന്ന അഖിൽ ഗൊഗോയിയെ എൻഐഎ കോടതി കുറ്റവിമുക്തനാക്കി. 2019 ഡിസംബറിൽ അസമിൽ നടന്ന സിഎഎ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ചുമത്തിയ രണ്ട് യുഎപിഎ കേസുകളിൽ ഒന്നാണ് കോടതി ഒഴിവാക്കിയത്.

അസമിലെ പ്രമുഖ കർഷക നേതാവും സാമൂഹിക പ്രവർത്തകനുമായ ഗൊഗോയി സിബ്‌സാഗറിൽനിന്നുള്ള എംഎൽഎയാണ്. കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിനു പിറകെ അസമിൽ കത്തിജ്വലിച്ച ജനകീയ പ്രക്ഷോഭത്തിന്റെ നേതാക്കളിൽ ഒരാളായിരുന്നു. സമരവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിലായി അറസ്റ്റിലായി. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, മത-ജാതി-ഭാഷാ വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തൽ, ദേശീയ അഖണ്ഡതയ്‌ക്കെതിരായ നിലപാട്, ഭീകരവാദ സംഘടനകൾക്കുള്ള പിന്തുണ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഗൊഗോയിക്കെതിരെ ചുമത്തിയിരുന്നത്.

ദിബ്രുഗഢിലെ ചാബുവ പൊലീസ് സ്റ്റേഷനിലും ഗുവാഹത്തിയിലെ ചാന്ദ്മാരി പൊലീസ് സ്റ്റേഷനിലുമാണ് ഗൊഗോയിക്കെതിരെ കേസ് ചുമത്തിയിട്ടുള്ളത്. ഇതിൽ ചാബുവ കേസിലാണ് കോടതി വെറുതെവിട്ടിരിക്കുന്നത്. ഗൊഗോയിക്കൊപ്പം ഭൂപൻ ഗൊഗോയി, ജഗ്ജിത് ഗോഹൈൻ എന്നിവരെയും എൻഐഎ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ഇവർക്കെതിരായ കുറ്റം തെളിയിക്കാൻ അന്വേഷണ സംഘത്തിനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെവിട്ടത്.

വിവരാവകാശ പ്രവർത്തകൻ കൂടിയായ അഖിൽ ഗൊഗോയി 2020 ഒക്ടോബറിന് രായ്‌ജോർ ദൾ എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപംനൽകിയിരുന്നു. ഇത്തവണ അസം നിയമസഭാ തെരഞ്ഞെടുപ്പിൽ സിബ്‌സാഗറിൽ മത്സരിച്ച അദ്ദേഹം മികച്ച വിജയം നേടുകയും ചെയ്തു. ജയിലിലിരിക്കെ അസമിൽ എംഎൽഎയാകുന്ന ആദ്യത്തെയാളുമായി ഗൊഗോയി. നിലവിൽ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

TAGS :

Next Story