മണിപ്പൂരില്‍ ആറ് സഹസൈനികർക്കുനേരെ വെടിയുതിർത്ത് അസം റൈഫിൾസ് ജവാൻ
ബറ്റാലിയൻ ക്യാംപിലെ വെടിവയ്പ്പിന് മണിപ്പൂർ സംഘർഷവുമായി ബന്ധമില്ലെന്ന് അസം റൈഫിൾസ് പ്രസ്താവനയിൽ വ്യക്തമാക്കി

ഇംഫാൽ: മണിപ്പൂരിൽ സൈനികർക്കുനേരെ വെടിയുതിർത്ത് ജവാൻ. ഇന്ത്യ-മ്യാന്മർ അതിർത്തിയിലെ ബറ്റാലിയൻ ക്യാംപിൽ നടന്ന സംഭവത്തിൽ ആറു സൈനികർക്കു പരിക്കേറ്റു. പിന്നാലെ സൈനികൻ സ്വയം വെടിവച്ചു മരിക്കുകയും ചെയ്തു.
അസം റൈഫിൾസിൽ(എ.ആർ) അംഗമായ സൈനികനാണ് അക്രമി. കുക്കി വംശജനാണ് ഇയാൾ. ഇന്നു രാവിലെയാണ് സൈനികർ കൂടെയുള്ള ആറുപേർക്കെതിരെ നിറയൊഴിച്ചത്. പിന്നാലെ സ്വയം വെടിവയ്ക്കുകയായിരുന്നു. സൈനികരെ ഉടൻ തന്നെ ചുരാചന്ദ്പൂരിലെ സൈനിക ആശുപത്രിയിലേക്കു മാറ്റി.
പരിക്കേറ്റവർ മെയ്തി വിഭാഗത്തിലുള്ളവരോ മണിപ്പൂർ സ്വദേശികളോ അല്ലെന്നാണു വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബറ്റാലിയൻ ക്യാംപിലെ വെടിവയ്പ്പിന് മണിപ്പൂർ സംഘർഷവുമായി ബന്ധമില്ലെന്ന് അസം റൈഫിൾസ് പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ വിഭാഗത്തിൽനിന്നുള്ളവരും സൈന്യത്തിലുണ്ട്. എല്ലാവരും ഒന്നിച്ചാണു കഴിയുന്നത്. മണിപ്പൂരിൽ ക്രമസമാധാനം നിലനിർത്താനായി എല്ലാവരും ഒരുമിച്ചാണു പ്രവർത്തിക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Summary: Assam Rifles soldier in Manipur opens fire at colleagues; 6 injured
Adjust Story Font
16

