Quantcast

അതീഖിനെ വെടിവെക്കാൻ ഉപയോ​ഗിച്ചത് തുർക്കി നിർമിത നിരോധിത പിസ്റ്റളുകൾ; കിട്ടിയത് എങ്ങനെ?

40 സെക്കൻഡിനുള്ളിൽ 20 റൗണ്ട് വെടിയുതിർത്താണ് പ്രതികൾ ആതിഖിനെയും അഷ്‌റഫിനെയും വെടിവച്ചുകൊന്നത്.

MediaOne Logo

Web Desk

  • Updated:

    2023-04-16 12:33:18.0

Published:

16 April 2023 12:32 PM GMT

Atiq, Ashraf killed with smuggled Turkish pistol banned in India
X

ലഖ്നൗ: യു.പിയിൽ മുൻ സമാജ്‌വാദി പാർട്ടി എം.പിയും ഗുണ്ടാത്തലവനുമായ അതീഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയത് തുർക്കി നിർമിത തോക്കുകൾ ഉപയോ​ഗിച്ചെന്ന് കണ്ടെത്തി. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഇവ തുർക്കിയിൽ നിന്ന് കടത്തിയതോ അനധികൃതമായി വാങ്ങിയതോ ആകാമെന്നാണ് സംശയിക്കുന്നത്.

ആറ് മുതൽ ഏഴ് ലക്ഷം രൂപ വരെ വില വരുന്നവയാണ് ഈ പിസ്റ്റളുകൾ. തുർക്കിഷ് തോക്ക് നിർമാണ കമ്പനിയായ ടിസാസ് നിർമിച്ച സെമി ഓട്ടോമാറ്റിക് പിസ്റ്റളാണിത്. 2001ലാണ് പിസ്റ്റളിന്റെ ശ്രേണി ആദ്യമായി നിർമിച്ചത്.

ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും യു.എസ് കോസ്റ്റ് ഗാർഡുകളും മലേഷ്യൻ ആർമിയും ഫിലിപ്പൈൻ പൊലീസ് സേനകളും ഉപയോഗിക്കുന്നു. കൂടാതെ, പാകിസ്താന്റെ കരിഞ്ചന്തയിലും ഈ പിസ്റ്റളുകൾ വിൽക്കുന്നുണ്ട്.

40 സെക്കൻഡിനുള്ളിൽ 20 റൗണ്ട് വെടിയുതിർത്താണ് പ്രതികൾ ആതിഖിനെയും അഷ്‌റഫിനെയും വെടിവച്ചുകൊന്നത്. ലൗലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരാണ് ഇരുവരേയും കൊലപ്പെടുത്തിയത്. തുടർന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച ഇവരെ പൊലീസ് പിടികൂടിയിരുന്നു.

വൻ ആസൂത്രമാണ് കൊലയ്ക്കായി ഇവർ നടത്തിയത്. വ്യാഴാഴ്ച പ്രയാഗ്‌രാജിലെത്തിയ ഇവർ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഈ ലോഡ്ജ് മാനേജറെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മാധ്യമപ്രവർത്തകരുടെ വേഷത്തിൽ മൈക്കും വ്യാജ ഐ.ഡി കാർഡുകളും കാമറയുമായാണ് കൊലയാളികൾ എത്തിയത്. ഇന്നലെ മുഴുവൻ കൊലയാളികൾ ഇവരെ പിന്തുടർന്നിരുന്നുവെന്നും പൊലീസ് പറയുന്നു.

അതീഖിനെയും സഹോദരനെയും മെഡിക്കൽ പരിശോധനയ്ക്ക് എത്തിക്കുന്ന വിവരമറിഞ്ഞാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. അതീഖിന്റെ തൊട്ടടുത്ത് എത്താൻ വേണ്ടിയാണ് മാധ്യമപ്രവർത്തകരായി വേഷം മാറിയത്. മാധ്യമ പ്രവർത്തകർക്കൊപ്പം ശനിയാഴ്ച മുഴുവൻ അതീഖിനെ പിന്തുടർന്നിരുന്നുവെന്നും ഇവർ പറഞ്ഞു.

ഇന്നലെ രാത്രി 10.30യോടെ പ്രയാ​ഗ് രാജിലെ മോത്തിലാൽ നെഹ്‌റു ഡിവിഷണൽ ആശുപത്രിക്ക് പുറത്തുവച്ചാണ് അതീഖിനും സഹോദരനും വെടിയേറ്റത്. അരുൺ മൗര്യയാണ് പോയിന്റ് ബ്ലാങ്കിൽ ആദ്യം അതീഖിന്റെ തലയ്ക്ക് നേരെ വെടിയുതിർത്തത്. താഴെ വീണ ഇരുവരേയും തുടർച്ചയായി അക്രമികൾ വെടിയുതിർത്തു. അതീഖും സഹോദരൻ അഷ്‌റഫും സംഭവസ്ഥത്തു തന്നെ മരിച്ചു.

കൊലയാളികളിൽ നിന്ന് മാധ്യമപ്രവർത്തകരുടെ വ്യാജ ഐ.ഡി കാർഡും മൈക്കും കാമറയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വെടിവെപ്പിനിടെ ഒരു ബുള്ളറ്റ് കാലിൽ തറച്ച കൊലയാളി സംഘത്തിൽപ്പെട്ട ലൗലേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഫുൽപൂർ പാർലമെന്റ് മണ്ഡലത്തിൽനിന്നുള്ള മുൻ എം.പിയായ അതീഖ് അഹമ്മദ് ഉമേഷ് പാൽ കൊലക്കേസ് അടക്കം നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2019ൽ നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരമാണ് അതീഖിനെ ജയിലിലടച്ചത്. അതീഖിന്റെ സഹോദരനായ അഷ്‌റഫും നിരവധി കേസുകളിൽ പ്രതിയാണ്.

ഉമേഷ് പാൽ കൊലക്കേസിൽ വെള്ളിയാഴ്ചയാണ് അതീഖിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അതീഖിന്റെ മകൻ അസദ് അഹമ്മദിനെ ബുധനാഴ്ച പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിൽ പ്രതിഷേധവും വിമർശനവും ശക്തമായിരിക്കെയാണ് പൊലീസ് സാന്നിധ്യത്തിൽ അതീഖിന്റേയും അഷ്റഫിന്റേയും കൊലപാതകം നടന്നത്.





TAGS :

Next Story