ജീവൻ താങ്ങി നിർത്തിയ ഡയപ്പർ; കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലെറിഞ്ഞ കുഞ്ഞിന് ലൈഫ് ജാക്കറ്റ് ആയത് ധരിച്ചിരുന്ന ഡയപ്പർ
സമീപത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ നഴ്‌സ് സിപിആർ നൽകിയതോടെ കുഞ്ഞിന് ജീവൻ തിരിച്ചുകിട്ടി

- Published:
24 Jan 2026 11:08 AM IST

ന്യുഡൽഹി: ധരിച്ചിരുന്ന ഡയപ്പർ 20 ദിവസം പ്രായമുള്ള കുഞ്ഞിന് രക്ഷയായതിൻ്റെ വാർത്തയാണ് ഛത്തീസ്ഗഡിൽ നിന്ന് വരുന്നത്. അമ്മ പാൽ കൊടുക്കുന്നതിനിടെയാണ് ടെറസിൽ നിന്ന് ഇറങ്ങി വന്ന കുരങ്ങൻ 20 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുത്തത്. തട്ടിയെടുത്ത കുഞ്ഞുമായി കുരങ്ങൻ ആദ്യം വീടിന് മകളിലേക്കാണ് ഓടിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ കുരങ്ങിനെ പടക്കം പൊട്ടിച്ച് താഴെയിറക്കാൻ ശ്രമിച്ചു. പടക്കം പൊട്ടിച്ചതോടെ പരിഭ്രാന്തനായ കുരങ്ങൻ കുഞ്ഞിനെ സമീപത്തെ കിണറ്റിലേക്ക് എറിയുകയായിരുന്നു.
കിണറ്റിലേക്ക് വീണ കുഞ്ഞ് ധരിച്ചിരുന്ന ഡയപ്പർ വെള്ളം നനഞ്ഞതോടെ വീർക്കുകയായിരുന്നു. വെള്ളത്തിൽ പൊന്തിക്കിടന്ന കുഞ്ഞിനെ നാട്ടുകാർ ബക്കറ്റിൽ കോരിയെടുത്തു. വെള്ളത്തിൽ നിന്ന് കോരിയെടുത്ത കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. എന്നാൽ, സമീപത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ രാജേശ്വരി രാത്തോഡ് എന്ന നഴ്‌സ് വിവരം അറിഞ്ഞ് എത്തുകയും സിപിആർ നൽകുകകയും ചെയ്തതോടെ കുഞ്ഞിന് ജീവൻ തിരിച്ചു കിട്ടി. തുടർന്ന്, ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഛത്തീസ്ഗഢ് ജാൻജ്ഗീർ ചംച ജില്ലയിലെ സേവ്‌നി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സുനിത രാത്തോഡിന്റെ മകൾക്കാണ് ഡയപ്പർ ലൈഫ് ജാക്കറ്റായി മാറിയത്. കുരങ്ങുകളെ പ്രദേശത്ത് സ്ഥിരമായി കാണാറുണ്ടെങ്കിലും ഇത്തരമൊരു സാഹചര്യം ആദ്യമായിട്ടാണെന്ന് നാട്ടുകാരും പറയുന്നു. നാട്ടുകാരും നഴ്‌സും കൃത്യസമയത്ത് എത്തിയത് കൊണ്ടാണ് തന്റെ കുഞ്ഞിന് രക്ഷയായത് എന്നും നാട്ടുകാരോടും ദൈവത്തിനും നന്ദിയുണ്ടെന്നും കുഞ്ഞിന്റെ പിതാവ് അരവിന്ദ് റാത്തോഡ് പറഞ്ഞു.
Adjust Story Font
16
