Quantcast

യു.പിയിൽ നിർമാണത്തിലുള്ള ചർച്ചിനുനേരെ വി.എച്ച്.പി-ബജ്രങ്ദൾ ആക്രമണം

ജയ് ശ്രീറാം വിളിച്ച് എത്തിയ സംഘം ചർച്ചിന്റെ കോംപൗണ്ടിൽ കാവിക്കൊടി നാട്ടുകയും ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    27 Jun 2023 3:51 PM GMT

FIR against Bajrang Dal, VHP leaders-demolishing under-construction church in UP, Bajrang Dal, VHP demolish church in UP, Bajrang Dal, VHP, church in UP, attack against church
X

ലഖ്‌നൗ: ഉത്തർപ്രദേശിൽ നിർമാണത്തിലുള്ള ചർച്ചിൽ ഹിന്ദുത്വ സംഘത്തിന്റെ അതിക്രമം. വിശ്വഹിന്ദു പരിഷത്ത്, ബജ്രങ്ദൾ പ്രവർത്തകർ ചേർന്ന് ചർച്ചിന്റെ മതിൽ തകർക്കുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്കെതിരെ കേസെടുത്തു.

കാൺപൂർ ദേഹാത്ത് ജില്ലയിലെ ഷഹ്‌സാദ്പൂരിലുള്ള ബനാർ ആലിപൂരിലാണ് സംഭവം. ഇവിടെ നിർമാണം പുരോഗമിക്കുന്ന ക്രിസ്ത്യൻ പള്ളിയിലേക്ക് അക്രമികൾ സംഘടിച്ചെത്തുകയായിരുന്നു. പള്ളിയുടെ ചുറ്റുമതിലും അകത്തെ ഫർണിച്ചറുകളും സംഘം തകർത്തു. ആക്രമണത്തിൽ മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ജയ് ശ്രീറാം വിളിച്ചാണ് സംഘം സ്ഥലത്തെത്തിയത്. ചർച്ചിന്റെ കോംപൗണ്ടിൽ കാവിക്കൊടി നാട്ടുകയും ചെയ്തിട്ടുണ്ട്. അക്രമവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെയും തഹസിൽദാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരെയും അക്രമികൾ കൈയേറ്റം ചെയ്തതായി അക്ബർപൂർ എസ്.എച്ച്.ഒ സതീഷ്‌കുമാർ സിങ് പറഞ്ഞു. കെട്ടിടത്തിലെ സി.സി.ടി.വിയും പ്രതിമകളും തകർത്തതായും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ബജ്രങ്ദൾ ജില്ലാ കൺവീനർ ഗൗരവ് ശുക്ല ഉൾപ്പെടെ പേരറിയുന്ന 13 പേർക്കെതിരെയും പേരറിയാത്ത 80ഓളം പേർക്കെതിരെയുമാണ് കേസെടുത്തത്. കലാപം, നിയമവിരുദ്ധമായി കൂട്ടംകൂടൽ, ക്രിമിനിൽ ഗൂഢാലോചന, സർകാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ, ക്രമസമാധാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മിഷനറി സ്‌കൂളിനുസമീപത്താണ് പുതിയ ചർച്ച് നിർമിക്കുന്നത്. കാൺപൂർ വികസന അതോറിറ്റിയിൽനിന്ന് അനുമതിയില്ലാതെയാണ് നിർമാണമെന്ന് ബജ്രങ്ദൾ പ്രാന്ത് സൻയോജക് അതീത് രാജ് ആരോപിച്ചു. ഇതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ചർച്ച് തകർത്തില്ലെങ്കിൽ വലിയ തോതിലുള്ള പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അതീത് മുന്നറിയിപ്പ് നൽകി.

Summary: FIR Against Hindutva outfits, including Bajrang Dal and Vishwa Hindu Parishad (VHP), for attack against a church building under-construction near Kanpur, Uttar Pradesh

TAGS :

Next Story