Quantcast

'വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്‌സിൽ അയോഗ്യയാക്കിയത് ബിജെപി ഐടി സെൽ ആഘോഷമാക്കി'; ആരോപണവുമായി ബജ്‌രംഗ് പുനിയ

​ഗുസ്തി താരങ്ങളെ തെരുവിൽ വലിച്ചിഴച്ചപ്പോൾ ബിജെപിയല്ലാത്ത മറ്റെല്ലാ പാർട്ടികളും തങ്ങളുടെ കൂടെ നിന്നുവെന്ന് വിനേഷ് ഫോ​ഗട്ട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    6 Sept 2024 9:28 PM IST

Bajrang Punias Massive Allegation After Joining Congress
X

ന്യൂഡൽഹി: കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്തി താരങ്ങൾ. ഗുസ്തി താരങ്ങൾ റോഡിൽ വലിച്ചിഴക്കപ്പെട്ടപ്പോൾ ബിജെപിയല്ലാത്ത മുഴുവൻ പാർട്ടികളും തങ്ങൾക്കൊപ്പം നിന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ബിജെപി മുൻ എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡനാരോപണത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് നേതൃത്വം നൽകിയത് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും അടക്കമുള്ള താരങ്ങളായിരുന്നു.

ഇന്ന് വൈകിട്ടാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. ഗുസ്തി താരങ്ങൾക്ക് നീതി കിട്ടുന്നതിനായി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പോരാട്ടം തുടരുമെന്നും യുദ്ധം അവസാനിച്ചിട്ടില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി.

പാരീസ് ഒളിമ്പിക്‌സ് ഫൈനലിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടപ്പോൾ ബിജെപി ഐടി സെൽ അത് ആഘോഷിക്കുകയായിരുന്നുവെന്ന് ബജ്‌രംഗ് പുനിയ ആരോപിച്ചു. കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെയും ശക്തിപ്പെടുത്താനായി തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിനേഷും ബജ്‌രംഗ് പുനിയയും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളാവുമെന്നാണ് സൂചന. ഇരുവരും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതോടെ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ആരോപണങ്ങൾ വീണ്ടും ചർച്ചയാകും. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.

TAGS :

Next Story