Quantcast

'ജീവനക്കാരെ ജോലി ചെയ്യാൻ സമ്മതിച്ചില്ല, മോശമായി പെരുമാറി'; ആദായ നികുതി വകുപ്പിനെതിരെ ബി.ബി.സി

'ഡൽഹി ഓഫിസിലെ ജീവനക്കാരെ സർവേയെക്കുറിച്ച് ഒന്നും എഴുതാൻ അനുവദിച്ചില്ല. ഹിന്ദി, ഇംഗ്ലീഷ് മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നത് തടഞ്ഞു. പ്രക്ഷേപണ സമയമാകുമ്പോൾ മാത്രമാണ് അവരെ വിട്ടത്.'

MediaOne Logo

Web Desk

  • Published:

    19 Feb 2023 11:22 AM GMT

ജീവനക്കാരെ ജോലി ചെയ്യാൻ സമ്മതിച്ചില്ല, മോശമായി പെരുമാറി; ആദായ നികുതി വകുപ്പിനെതിരെ ബി.ബി.സി
X

ന്യൂഡൽഹി: ആദായ നികുതി വകുപ്പിന്റെ വാദങ്ങൾ തള്ളി ബി.ബി.സി. ഡൽഹി, മുംബൈ ഓഫിസുകളിൽ നടന്ന റെയ്ഡിൽ മണിക്കൂറുകളോളം ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കാതെ തടഞ്ഞുവച്ചെന്ന് ബി.ബി.സി ആരോപിച്ചു. ജീവനക്കാരോട് ഐ.ടി ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നും വിമർശനമുണ്ട്.

മൂന്നു ദിവസം നീണ്ട റെയ്ഡിനുശേഷം ഒരു ദിവസം കഴിഞ്ഞാണ് ബി.ബി.സി വിശദമായ പ്രതികരണം പുറത്തിറക്കിയത്. ചാനലിന്റെ ഹിന്ദി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ആദായ നികുതി വകുപ്പിനെതിരെ വൻ വിമർശനമുള്ളത്. ചാനലിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കിയായിരുന്നു സർവേ നടന്നതെന്ന് നേരത്തെ സെൻട്രൽ ബോർഡ് ഓഫ് ഡയരക്ട് ടാക്‌സസ്(സി.ബി.ഡി.ടി) വാദിച്ചിരുന്നു.

എന്നാൽ, ബി.ബി.ബി മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരും നിരവധി മാധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയെന്നും ചാനൽ കുറ്റപ്പെടുത്തുന്നു. റെയ്ഡിന്റെ വിശദാംശങ്ങളും റിപ്പോർട്ടിൽ പുറത്തുവിട്ടിട്ടുണ്ട്.

'മാധ്യമപ്രവർത്തകരുടെ കംപ്യൂട്ടറുകൾ പരിശോധിച്ചു. അവരുടെ ഫോണുകൾ പിടിച്ചുവയ്ക്കുകയും ജോലിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതോടൊപ്പം ഡൽഹി ഓഫിസിലെ ജീവനക്കാരെ സർവേയെക്കുറിച്ച് ഒന്നും എഴുതാനും അനുവദിച്ചില്ല.'

'സീനിയർ എഡിറ്റർമാർ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിച്ചപ്പോഴും ഹിന്ദി, ഇംഗ്ലീഷ് മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നത് തടഞ്ഞു. പ്രക്ഷേപണ സമയമാകുമ്പോൾ മാത്രമാണ് ഇവരെ ജോലി ചെയ്യാൻ വിട്ടത്.'-റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

'ജീവനക്കാർക്ക് കമ്പനിയുടെ പിന്തുണയുണ്ട്'

ഭയത്തിനും പ്രലോഭനങ്ങൾക്കും കീഴടങ്ങാതെ റിപ്പോർട്ടിങ് തുടരുന്ന തങ്ങളുടെ മാധ്യമപ്രവർത്തകർക്കൊപ്പം കമ്പനി ഉണ്ടാകുമെന്ന് നേരത്തെ ബി.ബി.സി വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ജീവനക്കാർക്ക് കമ്പനിയുടെ പിന്തുണയുണ്ട്. അവരുടെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രാമുഖ്യം. അവരിൽ ചിലർ ദീർഘമായ ചോദ്യംചെയ്യൽ നേരിടുകയും രാത്രി വൈകിയും ചോദ്യംചെയ്യലിന് നിൽക്കേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നും ചാനൽ പ്രതികരിച്ചു.

'ഞങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകർക്കുള്ള സേവനത്തിൽ പ്രതിജ്ഞാബദ്ധമായി ഞങ്ങൾ തുടരും. വിശ്വസ്തവും സ്വതന്ത്രവുമായ മാധ്യമ സ്ഥാപനമാണ് ബി.ബി.സി. ഭയത്തിനും പ്രലോഭനത്തിനും കീഴ്പ്പെടാതെ റിപ്പോർട്ടിങ് തുടരുന്ന ഞങ്ങളുടെ മാധ്യമപ്രവർത്തകർക്കും സഹപ്രവർത്തകർക്കുമൊപ്പം കമ്പനിയുണ്ട്'- വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.

മൂന്നു ദിവസം നീണ്ട 'സർവേ'

60 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചാണ് കഴിഞ്ഞ ദിവസം ആദായ നികുതി ഉദ്യോഗസ്ഥർ ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽനിന്ന് മടങ്ങിയത്. കമ്പനിയുടെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു നടപടി നേരിടുന്നത്. അക്കൗണ്ട്സ് വിഭാഗത്തിൽ നടന്ന പരിശോധനയിൽ 10 വർഷത്തെ കണക്കുകൾ വിശദമായി പരിശോധിച്ചിരുന്നു. റെയ്ഡല്ലെന്നും സർവേ ആണെന്നുമായിരുന്നു നേരത്തെ നൽകിയിരുന്ന വിശദീകരണം.

ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിരുന്നു. രണ്ട് ഷിഫ്റ്റായി 24 ഉദ്യോഗസ്ഥരാണ് ഡൽഹിയിലും മുംബൈയിലും പരിശോധന നടത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി ഓഫിസിന് മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു.

Summary: BBC claims its journalists 'not allowed to work' for hours during income tax survey and even Policemen and IT employees misbehaved some of them

TAGS :

Next Story