ബിഹാർ; പ്രശാന്ത് കിഷോർ ആരുടെ ഏജന്റ് ?
ബിജെപി നേതൃത്വവുമായി പ്രഥമദൃഷ്ട്യ അകൽച്ചയിലാണെങ്കിലും അന്തർധാര സജീവമാണെന്ന ആക്ഷേപം ശരിയോ ?

Photo| Special Arrangement
പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ പലരീതിയിലുള്ള ചർച്ചകളാണ് ബിഹാർ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നത്. മുന്നണികളിലെ പടലപ്പിണക്കങ്ങളും അസ്വാരസ്യങ്ങളുമൊക്കെ വാർത്തയയിൽ ഇടം പിടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ ബിഹാർ രാഷ്ട്രീയത്തിൽ ഉദയം ചെയ്ത ഒരു രാഷ്ട്രീയപാർട്ടിയെ ചൊല്ലിയുള്ള ആരോപണ-പ്രത്യാരോപണങ്ങൾ ഇപ്പോഴും സജീവമാണ്. ബിഹാറിന്റെ സമൂലമാറ്റത്തിന് എന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ജൻ സുരാജ് പാർട്ടിയെ ഇരുമുന്നണികളും എതിർ മുന്നണിക്കാരുടെ ഏജന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ശരിക്കും പ്രശാന്ത് കിഷോർ ആരുടെ ഏജന്റാണ്? ആർക്ക് വേണ്ടിയാണ് പ്രശാന്ത് കിഷോർ പ്രവർത്തിക്കുന്നത് ?
ആരാണ് പ്രശാന്ത് കിഷോർ ?
ഐക്യരാഷ്ട്ര സഭ പൊതുജന ആരോഗ്യവിഭാഗത്തിൽ പ്രവർത്തിച്ച ശേഷം ഇന്ത്യയിലെത്തിയ പ്രശാന്ത് കിഷോർ 2012 ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലാണ് ആദ്യമായി രാഷ്ട്രീയ പ്രാചാരണത്തിൽ സജീവമാവുന്നത്. നരേന്ദ്രമോദിക്കും ബിജെപിക്കും മുന്നേറ്റമുണ്ടാക്കാൻ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾക്ക് സാധിച്ചു. അന്ന് അധികം ചർച്ചചെയ്യപ്പെടാതിരുന്ന പ്രശാന്ത് കിഷോർ രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ചാവിഷയമാവുന്നത് 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെയാണ്.
വീണുകിട്ടുന്ന നാക്കുപിഴകളെ പോലും എതിർപാർട്ടിക്ക് എതിരായ വലിയ പ്രചാരണവിഷയമാക്കാൻ പ്രശാന്ത് കിഷോറിനും സംഘത്തിനുമുള്ള മിടുക്ക് അന്ന് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മോദിയെ കുറിച്ചുള്ള ചായ കടക്കാരൻ പരാമർശത്തിന് പിന്നാലെ ബിജെപി നടത്തിയ ചായ്‌പേ ചർച്ചകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന്റെ പിന്നിലുള്ള ബുദ്ധി കേന്ദ്രം പ്രശാന്ത് കിഷോറായിരുന്നു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രത്യക്ഷത്തിൽ ബിജെപിയുമായി അകൽച്ചയിലാണ് പ്രശാന്ത് കിഷോർ. 2015 ൽ ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിന് വേണ്ടിയും 2017 ൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് വേണ്ടിയും പ്രശാന്ത് കിഷോർ പ്രവർത്തിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസും ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും പ്രശാന്ത് കിഷോറിന്റെയും അദ്ദേഹത്തിന്റെ സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി ( ഐ-പാക് )യുടേയും സേവനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഇടക്കാലത്ത് നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റിഡിൽ പ്രശാന്ത് കിഷോർ ചേർന്നെങ്കിലും അധികകാലം ബന്ധം മുന്നോട്ടു പോയില്ല. പ്രാശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കും എന്നരീതിയിലുള്ള അഭ്യൂഹങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരുന്നു. പ്രശാന്ത് കിഷോർ എഐസിസി നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിന്റെ ഭാഗങ്ങൾ എന്ന രീതിയിലുള്ള ചില കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോൺഗ്രസുമായി പ്രശാന്ത് കിഷോർ ചർച്ച നടത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചില നിർദേശങ്ങൾ പാർട്ടി നേതൃത്വം തള്ളിയതോടെ കോൺഗ്രസ് പ്രവേശനശ്രമങ്ങൾ പ്രശാന്ത് കിഷോർ അവസാനിപ്പിച്ചു. അവസാനത്തെ പരീക്ഷണമാണ് ജൻ സുരാജ് പാർട്ടി. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ പ്രഖ്യാപിച്ച ജൻ സുരാജ് പാർട്ടി ഇത്തവണത്തെ ബിഹാർ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്. 5000 കിലോമീറ്റർ ദൂരം റാലി നടത്തിയും തൊഴിലില്ലായ്മയും വികസനവും പറഞ്ഞുള്ള പ്രചാരണങ്ങളും മുന്നണികളിൽ ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും ആരുടെ വോട്ടുകൾ പ്രശാന്ത് കിഷോർ ചോർത്തും എന്ന ആശങ്ക എല്ലാവർക്കുമുണ്ട്.
വിജയം മാത്രമാണോ പ്രശാന്ത് കിഷോറിന് അവകാശപ്പെടാനുള്ളത് ?
വിജയങ്ങൾ മാത്രമല്ല പ്രശാന്ത് കിഷോറിന് അവകാശപ്പെടാനുള്ളത്. വമ്പൻ പരാജയങ്ങളും പ്രശാന്തിനും ടീമിനും സംഭവിച്ചിട്ടുണ്ട്. കോൺഗ്രസ് തകർന്നടിഞ്ഞ 2017 ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി ബുദ്ധി ഉപദേശിച്ചിരുന്നത് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ സ്ഥാപകമായ ഐപാക്കുമാണ്. തെരഞ്ഞെടുപ്പ് വിലയിരുത്തലുകളിലും പ്രശാന്ത് കിഷോർ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുവരും എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വിലയിരുത്തൽ. തന്റെ വിലയിരുത്തൽ തെറ്റായിരുന്നുവെന്ന് ഫലം വന്നതിന് പിന്നാലെ പ്രശാന്ത് കിഷോർ ഏറ്റുപറയുന്ന സാഹചര്യവുമുണ്ടായി.
ആരുടെ ഏജന്റാണ് പ്രശാന്ത് കിഷോർ?
ബിജെപി നേതൃത്വവുമായി പ്രഥമദൃഷ്ട്യ അകൽച്ചയിലാണെങ്കിലും അന്തർധാര സജീവമാണെന്ന ആക്ഷേപം എല്ലാകാലത്തും പ്രശാന്ത് കിഷോർ കേട്ടിട്ടുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിൽ ജൻസുരാജ് പാർട്ടി മത്സരിക്കാൻ തയ്യാറെടുക്കുന്ന ഘട്ടം മുതൽ ഇരുമുന്നണികളും പ്രശാന്ത് കിഷോറിനെ മറുമുന്നണിയുടെ ഏജന്റായി ചിത്രീകരിക്കുന്നുണ്ട്. ബിജെപിയുടെ ബി ടീം എന്ന പേരുദോഷം മാറ്റാൻ എന്ന രീതിയിലുള്ള ചില ആരോപണങ്ങൾ പ്രശാന്ത് കിഷോർ ഉയർത്തുന്നുണ്ട്. സാമ്രാട്ട് ചൗധരി, ആഷോക് ചൗധരി, മംഗൾ പാണ്ഡെ എന്നിവർക്കെതിരെ അതിനിശിത വിമർശനം പ്രശാന്ത് കിഷോർ ഉയർത്തുന്നുണ്ട്.ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥികളെ അമിത്ഷായുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുന്നു എന്നുവരെ പ്രശാന്ത് കിഷോർ ആരോപിച്ചു.
മറുഭാഗത്ത് തേജസ്വിയാദവിനെതിരേയും പ്രശാന്ത് കിഷോർ തിരിഞ്ഞിരുന്നു. പാർട്ടി അനുവദിക്കുകയാണെങ്കിൽ തനിക്ക് തേജസ്വി മത്സരിക്കുന്ന രാഘവ്പൂരിൽ മത്സരിക്കാനാണ് താൽപര്യമെന്നും 2019 ൽ രാഹുൽ ഗാന്ധിക്ക് അമേഠിയിൽ ഉണ്ടായ അനുഭവം ഇത്തവണ തേജസ്വിക്ക് ഉണ്ടാവും എന്നും പറഞ്ഞ പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് അടുത്തതോടെ നിലപാട് മാറ്റി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നാണ് ഇപ്പോൾ പറയുന്നത്. കാലങ്ങളായി ബിഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ജാതിയല്ല ഇത്തവണ കാര്യങ്ങൾ തീരുമാനിക്കുക എന്നു പറഞ്ഞ് തൊഴിലില്ലായ്മയും സാമൂഹിക ജീവിതം മെച്ചപ്പെടേണ്ടതിനെ കുറിച്ച് പറഞ്ഞാണ് ജൻസുരാജ് പാർട്ടി ഇത്തവണ വോട്ടു തേടുന്നത്.
ഇരു മുന്നണികൾക്കെതിരേയും പറയുന്നുണ്ടെങ്കിലും പ്രശാന്ത് കിഷോറിന്റെ പാർട്ടി ഉണ്ടാക്കുന്ന നേട്ടം അടിസ്ഥാനപരമായി എൻഡിഎ സഹായിക്കും എന്ന വിലയിരുത്തലും ശക്തമാണ്. ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതോടെ എൻഡിഎക്ക് അതിന്റെ നേട്ടം കിട്ടും എന്നാണ് ഇങ്ങനെ വിലിയിരുത്തുന്നവർ പറയുന്നത്.
Adjust Story Font
16

