Quantcast

'ആറ് മുസ്‌ലിം രാജ്യങ്ങളിൽ ബോംബിട്ടവരാണ് ഒബാമ ഭരണകൂടം'; കടന്നാക്രമിച്ച് നിർമല സീതാരാമൻ

മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി നൽകിയ 13 രാജ്യങ്ങളിൽ ആറും മുസ്‌ലിം രാജ്യങ്ങളാണെന്നും നിർമല ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    25 Jun 2023 4:56 PM GMT

BJP leader and Union Finance Minister Nirmala Sitharaman attacks former US president Barack Obama, Barack Obama, Barack Obama Indian muslims remarks
X

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‍ലിം സുരക്ഷയെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തിൽ മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയെ കടന്നാക്രമിച്ച് കേന്ദ്രം. ആറ് മുസ്‌ലിം രാജ്യങ്ങളിൽ ബോംബിട്ടവരാണ് ഒബാമ ഭരണകൂടമെന്ന് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര ധനമന്ത്രിയുമായ നിർമല സീതാരാമൻ വിമർശിച്ചു.

ഒരു മുൻ യു.എസ് പ്രസിഡന്റ് ഇന്ത്യയിലെ മുസ്‌ലിംകളെക്കുറിച്ച് സംസാരിക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഞാൻ. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ബോംബിട്ട ഒരു മുൻ പ്രസിഡന്റിന്റെ ആരോപണങ്ങളും പ്രതികരണങ്ങളും ജനങ്ങൾ എങ്ങനെ വിശ്വസിക്കും? 26,000ത്തിലേറെ ബോംബാണ് അവിടെ വർഷിച്ചത്. രാജ്യത്തെ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്-നിർമതല ആരോപിച്ചു.

'സബ് കാ സാത്ത്, സബ് കാ വികാസ്' എന്ന തത്വത്തിലാണ് ഇവിടെ സർക്കാർ പ്രവർത്തിക്കുന്നതെന്നും ഒരു വിഭാഗത്തിനെതിരെയും വിവേചനം കാണിക്കുന്നില്ലെന്നും യു.എസിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും നിർമല പറഞ്ഞു. ഈജിപ്തിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് നൈൽ' നൽകിയാണ് ഇപ്പോൾ മോദിയെ ആദരിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. 13-ാമത്തെ രാജ്യമാണ് മോദിയെ ഇത്തരത്തിൽ ആദരിക്കുന്നത്. ഇതിൽ ആറും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളാണെന്നും നിർമല കൂട്ടിച്ചേർത്തു.

നേരത്തെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ ഒബാമയ്‌ക്കെതിരെ വംശീയപരാമർശവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലും ഒരുപാട് ഹുസൈൻ ഒബാമമാരുണ്ടെന്നും അവരുടെ കാര്യമാണ് ആദ്യം നോക്കുന്നതെന്നുമായിരുന്നു ഹിമാന്ത ബിശ്വശർമയുടെ പരാമർശം. ഒബാമയുടെ പൂർണനാമത്തിലെ 'ഹുസൈൻ' എടുത്തുപറഞ്ഞായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം.

ഹിന്ദുക്കൾ ഭൂരിപക്ഷമായ ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ചോദിക്കണമെന്ന് ഒബാമ യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒബാമയെ അറസ്റ്റ് ചെയ്യാൻ അസം പൊലീസ് വാഷിങ്ടണിലേക്ക് തിരിച്ചോ എന്ന് ചോദിച്ച മാധ്യമപ്രവർത്തക രോഹിണി സിങ്ങിനോട് ട്വിറ്ററിലായിരുന്നു ഹിമാന്ത പ്രതികരിച്ചത്. വികാരം വൃണപ്പെടുത്തിയതിന് ഒബാമയ്ക്കെതിരെ ഗുവാഹത്തിയിൽ കേസെടുത്തോ എന്നും രോഹിണി പരിഹാസസ്വരത്തിൽ ചോദിച്ചിരുന്നു.

ഇതിനോട് ഹിമാന്തയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ഇന്ത്യയിൽ തന്നെ ഒരുപാട് ഹുസൈൻ ഒബാമമാരുണ്ട്. വാഷിങ്ടണിൽ പോകുന്നതിനുമുൻപ് അവരുടെ കാര്യം ആദ്യം നോക്കേണ്ടതുണ്ട്. മുൻഗണനാക്രമം അനുസരിച്ചാണ് അസം പൊലീസ് പ്രവർത്തിക്കുക.''

സി.എൻ.എൻ ചാനലിൽ ക്രിസ്റ്റൈൻ അമൻപോറിന് നൽകി അഭിമുഖത്തിലായിരുന്നു ഇന്ത്യയിലെ ന്യൂനപക്ഷ വിഷയങ്ങളെക്കുറിച്ച് ഒബാമ പരാമർശിച്ചത്. യു.എസ് പ്രസിഡന്റ് ബൈഡൻ മോദിയെ കാണുകയാണെങ്കിൽ ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് തുടങ്ങി സ്വേച്ഛാധിപതികളെന്ന് പൊതുവേ കണക്കാക്കപ്പെടുന്ന നേതാക്കളുമായി യു.എസ് പ്രസിഡന്റ് എങ്ങനെ ചർച്ച നടത്തണമെന്ന ചോദ്യത്തിനായിരുന്നു ഒബാമയുടെ മറുപടി.

'നയതന്ത്രപരമായ കാരണങ്ങളാൽ പല രാഷ്ട്രങ്ങളുടെ തലവന്മാരുമായും യു.എസ് പ്രസിഡന്റുമാർക്ക് കൂടിക്കാഴ്ച നടത്തേണ്ടതായി വന്നേക്കാം. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ബൈഡൻ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന ഒരു കാര്യം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ്. മോദിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് എനിക്കവസരം ലഭിച്ചാൽ തീർച്ചയായും അക്കാര്യത്തിനാകും ഞാൻ മുൻഗണന നൽകുക. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ തീർച്ചയായും ഇന്ത്യയുടെ അഖണ്ഡത നഷ്ടമാകും.'-അഭിമുഖത്തിൽ ഒബാമ പറഞ്ഞു.

വലിയ ആഭ്യന്തര കലാപങ്ങളുണ്ടായാൽ ഒരു രാജ്യത്തിന്റെ അവസ്ഥയെന്താവുമെന്ന് നാം കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങളിൽ സത്യസന്ധമായ സംഭാഷണങ്ങൾ ഉണ്ടാവണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. പ്രസിഡന്റ് എന്ന നിലക്ക് പല നേതാക്കളുമായും ഞാൻ ചർച്ച നടത്തിയിട്ടുണ്ട്. ഇവരൊക്കെ ജനാധിപത്യപരമായാണോ രാഷ്ട്രത്തെ നയിക്കുന്നതെന്ന് എന്നോട് വ്യക്തിപരമായി ചോദിച്ചാൽ എനിക്ക് അല്ല എന്നുത്തരം പറയേണ്ടി വരും'-ഒബാമ വ്യക്തമാക്കി.

Summary: '6 Muslim-dominated countries bombed by Obama regime': Senior BJP leader and Union Finance Minister Nirmala Sitharaman attacks former US president Barack Obama

TAGS :

Next Story