Quantcast

'സ്ഥലപ്പേരുകള്‍ മാറ്റാന്‍ കമ്മീഷനെ നിയോഗിക്കണം': ഹരജി കോടതി തള്ളിയതിന് പിന്നാലെ കേന്ദ്രത്തെ സമീപിച്ച് ബി.ജെ.പി നേതാവ്

ഡല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥമെന്നാക്കി മാറ്റണമെന്ന് ഉള്‍പ്പെടെ 1000 സ്ഥലങ്ങളുടെ പേരുമാറ്റണമെന്നാണ് അശ്വിനി കുമാറിന്‍റെ ആവശ്യം.

MediaOne Logo

Web Desk

  • Updated:

    2023-03-03 06:36:36.0

Published:

3 March 2023 6:29 AM GMT

bjp leader ashwini kumar upadhyay plea to form commission to rename cities
X

അശ്വിനി കുമാര്‍ ഉപാധ്യായ

ഡല്‍ഹി: സ്ഥലങ്ങളുടെ പേരുമാറ്റാന്‍ കമ്മീഷനെ വെക്കണമെന്ന് കേന്ദ്രസർക്കാരിന് അപേക്ഷ നൽകി ബി.ജെ.പി നേതാവ്. ഇതേ ആവശ്യമുന്നയിച്ച ഹരജിയില്‍ സുപ്രിംകോടതിയിൽ നിന്ന് രൂക്ഷവിമർശനം നേരിട്ട അശ്വിനി കുമാർ ഉപാധ്യായയാണ് കേന്ദ്രത്തെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമാണ് അപേക്ഷ സമര്‍പ്പിച്ചത്. ഡല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥമെന്നാക്കി മാറ്റണമെന്ന് ഉള്‍പ്പെടെ 1000 സ്ഥലങ്ങളുടെ പേരുമാറ്റണമെന്നാണ് അശ്വിനി കുമാറിന്‍റെ ആവശ്യം.

ഹരജി ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചാണെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതി നേരത്തെ അശ്വിനി കുമാർ ഉപാധ്യായയുടെ ഹരജി തള്ളിയത്. രാജ്യം വീണ്ടും തിളച്ചു മറിയാൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹരജിക്കാരനോട് സുപ്രിംകോടതി ചോദിച്ചു. ഇന്ത്യ മതേതര രാജ്യമാണെന്ന് കോടതി ഹരജിക്കാരനെ ഓർമിപ്പിച്ചു. ജസ്റ്റിസ് കെ.എം ജോസഫും ബി.വി നാഗരത്നയുമടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

പ്രധാനമായും മ‍ുഗള്‍ രാജാക്കന്മാരുടെ പേരിലുള്ള സ്ഥലങ്ങള്‍, റോഡുകള്‍ എന്നിവ പുനര്‍നാമകരണം ചെയ്യണമെന്നായിരുന്നു ആവശ്യം. വേദങ്ങളിലും പുരാണങ്ങളിലും പരാമർശിച്ചിരിക്കുന്ന നിരവധി ചരിത്ര സ്ഥലങ്ങൾ ഇപ്പോൾ 'വിദേശ കൊള്ളക്കാരുടെ' പേരിലാണെന്ന് ഹരജിക്കാരന്‍ വാദിച്ചു- "ലോധി, ഗസ്‌നി, ഗോറി എന്നിങ്ങനെ നമുക്ക് റോഡുകളുണ്ട്. പാണ്ഡവരുടെ പേരിൽ ഒരൊറ്റ റോഡില്ല. ഇന്ദ്രപ്രസ്ഥം നിർമിച്ചത് യുധിഷ്ഠിരനാണെങ്കിലും നഗരം കൊള്ളയടിച്ചയാളുടെ പേരിലാണ് ഫരീദാബാദ്. ഔറംഗസേബ്, ലോധി, ഗസ്‌നി തുടങ്ങിയവർക്ക് ഇന്ത്യയുമായി എന്താണ് ബന്ധം"- എന്നാണ് ഹരജിക്കാരനായ അശ്വിനി ഉപാധ്യായയുടെ ചോദ്യം.

മതപരമായ ആരാധനകൾക്ക് റോഡുമായി ബന്ധമില്ലെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞു. മുഗൾ ചക്രവർത്തി അക്ബർ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദത്തിന് ശ്രമിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഹിന്ദുരാജാക്കന്മാർ പള്ളികൾക്കായി ഭൂമി ദാനം ചെയ്തതിന്റെ ഉദാഹരണങ്ങളുണ്ട്. അതാണ് ഇന്ത്യയുടെ ചരിത്രം. ദയവായി അത് മനസിലാക്കുക. ഇന്ത്യ മതേതര രാജ്യമാണ്. രാജ്യത്തിന് ഭൂതകാലത്തിന്റെ തടവില്‍ തുടരാനാവില്ലെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.

ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണോ ഹരജിക്കാരന്‍ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഇത്തരം ഹരജികളാല്‍ സമൂഹത്തെ തകർക്കരുത്. രാജ്യത്തെ പരിഗണിക്കുക. ഏതെങ്കിലും മതത്തെയല്ല. ഹിന്ദുമതത്തിൽ മതഭ്രാന്ത് ഇല്ലെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

TAGS :

Next Story