Quantcast

'തക്കാളി കഴിക്കുന്നത് നിർത്തൂ, വില കുറയും'; വിചിത്ര വാദവുമായി ബി.ജെ.പി മന്ത്രി

തക്കാളി ഉൾപ്പെടെ പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ മുസ്‌ലിംകളാണെന്ന അസം മുഖ്യമന്ത്രി ഹിമാന്തയുടെ പരാമർശം വൻ വിവാദമായിരുന്നു

MediaOne Logo

Web Desk

  • Published:

    25 July 2023 6:24 AM GMT

BJP minister from UP Pratibha Shukla on tomato price hike
X

ലക്‌നൗ: തക്കാളി വിലവർധനയിൽ വിചിത്രവാദവുമായി യു.പിയിൽനിന്നുള്ള ബി.ജെ.പി മന്ത്രി. തക്കാളി കഴിക്കുന്നത് നിർത്തിയാൽ വില കുറയുമെന്ന് വനിതാ വികസന-ശിശുക്ഷേമ മന്ത്രി പ്രതിഭ ശുക്ല പറഞ്ഞു. അല്ലെങ്കിൽ വീട്ടിൽ സ്വന്തമായി തക്കാളി കൃഷി ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തക്കാളിക്ക് അമിതവിലയാണെങ്കിൽ വീട്ടിൽ കൃഷി ചെയ്യാൻ നോക്കണമെന്ന് പ്രതിഭ പറഞ്ഞു. തക്കാളി തിന്നുന്നതു നിർത്തിയാൽ വില ഉറപ്പായും കുറയും. തക്കാളിക്കുപകരം നാരങ്ങ കഴിക്കാമല്ലോ.. ആരും തക്കാളി കഴിക്കുന്നില്ലെങ്കിൽ അവയുടെ വില താനേ കുറയുമെന്നും അവർ പറഞ്ഞു.

തക്കാളി ഉൾപ്പെടെ പച്ചക്കറിയുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി പ്രതിഭ ശുക്ല. യു.പിയിലെ ആശാഹി ഗ്രാമത്തിന്റെയും അവിടത്തെ പോഷകത്തോട്ടത്തിന്റെയും ഉദാഹരണം എടുത്തുപറഞ്ഞായിരുന്നു വിശദീകരണം. ''നമ്മൾ ആശാഹി ഗ്രാമത്തിൽ ഒരു പോഷകത്തോട്ടം സൃഷ്ടിച്ചിട്ടുണ്ട്. ആ ഗ്രാമത്തിലെ സ്ത്രീകളാണ് അതുണ്ടാക്കിയത്. അതിൽ തക്കാളിയും കൃഷി ചെയ്യാനാകും. വിലക്കയറ്റത്തിനു കൂടിയുള്ള പരിഹാരമാണത്.''-മന്ത്രി ചൂണ്ടിക്കാട്ടി.

ഇതൊരു പുതിയൊരു സംഗതിയല്ലെന്നും തക്കാളിക്ക് എന്നും അമിതവില തന്നെയാണെന്നും അവർ വാദിച്ചു. തക്കാളി കഴിക്കുന്നതിനു പകരം നാരങ്ങ ഉപയോഗിക്കൂ. എന്തിനും വില കൂടുമ്പോഴും അതിനെ ഒഴിവാക്കിയാൽ സ്വാഭാവികയും വില കുറയുമെന്നും പ്രതിഭ ശുക്ല കൂട്ടിച്ചേർത്തു.

നേരത്തെ, തക്കാളി വിലക്കയറ്റത്തിന്റെ പേരിൽ അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമാന്ത ബിശ്വശർമ മുസ്‌ലിം വിദ്വേഷ പരാമർശം നടത്തിയിരുന്നു. തക്കാളി ഉൾപ്പെടെ പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ(ബംഗാളി കുടിയേറ്റക്കാരെ വിശേഷിപ്പിക്കുന്നത്) മുസ്‌ലിംകളാണെന്നായിരുന്നു ഹിമാന്തയുടെ വിവാദ പരാമർശം. ഗ്രാമീണ മേഖലയിൽ പച്ചക്കറിക്കു വില കുറവാണെന്നും നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നതെന്നും വിവാദ പ്രസംഗത്തിൽ ഹിമാന്ത പറഞ്ഞു. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരിൽ ഭൂരിഭാഗവും മിയകളാണെന്നും അദ്ദേഹം ആരോപിച്ചു. പരാമർശത്തിനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു.

Summary: Don't eat tomatoes, grow them at home: Uttar Pradesh minister Pratibha Shukla's advice to people amid price hike

TAGS :

Next Story