ബംഗാളിൽ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയെന്ന് ബിജെപി എംപി
പശ്ചിമ ബംഗാൾ ജനത എപ്പോഴും തൃണമൂൽ കോൺഗ്രസിനൊപ്പമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

- Published:
26 Jan 2026 9:55 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന ബിജെപി എംപിയുടെ പരാമര്‍ശത്തില്‍ രാഷ്ടീയപ്പോര്. കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജിയും നിലവിലെ ബിജെപി ലോക്‌സഭാ എംപിയുമായ അഭിജിത് ഗംഗോപാധ്യായാണ് രാഷ്ട്രപതി ഭരണം സംബന്ധിച്ച് പ്രസ്താവന നടത്തിയത്.
സംസ്ഥാനത്തെ ക്രമസമാധാന നില വൻതോതിൽ വഷളാകുമെന്നും അതിനാൽ രാഷ്ട്രപതി ഭരണത്തിനുള്ള സാഹചര്യം ഉടലെടുക്കുമെന്നുമാണ് അഭിജിത് ഗാംഗോപാധ്യായുടെ പരാമര്‍ശം.
"സംസ്ഥാനത്തെ ഒരു വലിയ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും. ഇത് സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവെയ്ക്കും, അത് 72 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഒരു സമരത്തിലേക്ക് പോലും നയിച്ചേക്കാം. ജനങ്ങൾ പ്രതിഷേധിക്കുകയും രാഷ്ട്രപതി ഭരണം ആവശ്യപ്പെടുകയും ചെയ്യും." ഗാംഗോപാധ്യായ് പറഞ്ഞു.
പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് എത്തി. ഒരു എംപി എന്ന നിലയിലും കൽക്കട്ട ഹൈക്കോടതിയിലെ മുൻ ജഡ്ജി എന്ന നിലയിലും രാഷ്ട്രപതി ഭരണത്തിന് അനുകൂലമായ പ്രസ്താവനകള്‍ ശരിയാണോയെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ കുനാൽ ഘോഷ് ചോദിച്ചു. ഇതൊക്കെ ക്ലീഷേ പ്രസ്താവനകളാണെന്നും പശ്ചിമ ബംഗാൾ ജനത എപ്പോഴും തൃണമൂൽ കോൺഗ്രസിനൊപ്പമാണെന്നും ഘോഷ് കൂട്ടിച്ചേർത്തു.
Adjust Story Font
16
