Quantcast

ഹലാൽ ഫുഡ് 'ഇകണോമിക് ജിഹാദാ'ണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി

മുസ്‌ലിംകൾ നോൺ ഹലാൽ വാങ്ങുകയാണെങ്കിൽ ഹിന്ദുക്കൾ ഹലാൽ വാങ്ങുമെന്നും വൺവേ ട്രാഫിക് അനുവദിക്കില്ലെന്നും ബിജെപി സെക്രട്ടറി

MediaOne Logo

Web Desk

  • Updated:

    2022-03-29 16:04:15.0

Published:

29 March 2022 3:52 PM GMT

ഹലാൽ ഫുഡ് ഇകണോമിക് ജിഹാദാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി
X


ഹലാൽ ഫുഡ് 'ഇകണോമിക് ജിഹാദാ'ണെന്ന ആരോപണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി. ഹിന്ദുത്വ സംഘങ്ങൾ ഹലാൽ ഫുഡ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിരിക്കേയാണ് ബിജെപിയുടെ മുതിർന്ന നേതാവ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഹലാൽ ഒരു ഇകണോമിക് ജിഹാദാണ്. ഒരു ജിഹാദ് പോലെ ഉപയോഗിക്കപ്പെടുന്നതിനാൽ മുസ്‌ലിംകൾ മറ്റുള്ളവരുമായി ബിസിനസിലേർപ്പെടരുത്. ഹലാൽ മാംസം തന്നെ ഉപയോഗിക്കണമെന്ന് അവർ ചിന്തിക്കുമ്പോൾ, അത് ഉപയോഗിക്കരുതെന്ന് പറയുന്നതിൽ എന്ത് തെറ്റാണുള്ളത്' സി.ടി രവി മാധ്യമപ്രവർത്തകരോട് ചോദിച്ചു.

ഹലാൽ ഇറച്ചി മുസ്‌ലിംകൾ അവരുടെ ദൈവത്തിന് നൽകിയതാണെന്നും അവർക്ക്‌ അത് പ്രിയപ്പെട്ടതാണെന്നും എന്നാൽ ഹിന്ദുക്കൾക്ക് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളിൽ നിന്ന് മാത്രം വാങ്ങാനാണ് ഹലാൽ രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിംകൾ ഹിന്ദുക്കളിൽനിന്ന് മാംസം വാങ്ങുന്നില്ലെങ്കിൽ തിരിച്ച് വാങ്ങാൻ എന്തിനാണ് നിർബന്ധിക്കുന്നതെന്നും രവി ചോദിച്ചു. ഇക്കാര്യം ചോദിക്കാൻ ജനങ്ങൾക്ക് എന്താണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിംകൾ നോൺ ഹലാൽ വാങ്ങുകയാണെങ്കിൽ ഹിന്ദുക്കൾ ഹലാൽ വാങ്ങുമെന്നും വൺവേ ട്രാഫിക് അനുവദിക്കില്ലെന്നും ബിജെപി സെക്രട്ടറി പറഞ്ഞു.



ഹിന്ദു പുതുവത്സരാഘോഷമായ ഉഗഡിയോടനുബന്ധിച്ച് ഹലാൽ മാംസം വാങ്ങരുതെന്ന് ചില തീവ്രസംഘങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. 'ഉഗഡി' ആഘോഷത്തിന്റെ പിറ്റേന്ന് നോൺ വെജിറ്റേറിയൻ ഹിന്ദു വിശ്വാസികൾ മാംസം ഉപയോഗിക്കാറുണ്ട്. ഈ ഘട്ടത്തിലാണ് ഹിന്ദു ജൻജാഗ്രതി സമിതിയടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ ഹലാൽ വിരുദ്ധ കാമ്പയിൻ നടന്നത്.

അതേസമയം, ഇത്തരം പ്രചാരണങ്ങളിൽ കുടുങ്ങി സംസ്ഥാനത്തെ സമാധാനാന്തരീക്ഷം നശിപ്പിക്കരുതെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി ഹിന്ദു യുവാക്കളോട് ആവശ്യപ്പെട്ടു. കെ. മരലുസിദ്ധപ്പ, പ്രഫ. എസ്.ജി സിദ്ധരാമയ്യ, ബോൽവാർ മഹാമത് കുഞ്ഞി, ഡോ. വിജയ എന്നിവരടക്കം 61 പുരോഗമന ചിന്തകർ മതവൈര്യം ഇല്ലാതാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മക്ക് കത്തയച്ചു.

'മുസ്‌ലിം രാജ്യങ്ങൾ ഇന്ത്യക്കാരെ വിലക്കിയാൽ എങ്ങനെയുണ്ടാകും?'- വ്യാപാരി വിലക്കിൽ കടുത്ത വിമർശനവുമായി ബി.ജെ.പി നേതാക്കൾ

കർണാടകയിൽ ക്ഷേത്ര പരിസരങ്ങളിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കത്തിൽ വിമർശനവുമായി ബി.ജെ.പി നേതാക്കൾ. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ എ.എച്ച് വിശ്വനാഥ്, എം.എൽ.എയായ അനിൽ ബേനകെ എന്നിവരാണ് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ക്ഷേത്ര ഉത്സവവേളകളിലടക്കം മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധവും ഭ്രാന്തുമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.ഇതെല്ലാം ഭ്രാന്താണെന്നും ഒരു മതവും ദൈവവും ഇത്തരം കാര്യങ്ങൾ ഉപദേശിക്കുന്നില്ലെന്നും വിശ്വനാഥ് പറഞ്ഞു. മതങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്; പുറന്തള്ളുന്നതല്ല. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടേണ്ടതുണ്ട്. വിഷയത്തിൽ എന്തുകൊണ്ടാണ് സർക്കാർ നിശബ്ദമായിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''എത്ര ഇന്ത്യക്കാർ ഇംഗ്ലണ്ടിലുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലായി എത്ര ഇന്ത്യക്കാരുണ്ട്? എത്ര ഇന്ത്യക്കാർ മുസ്‌ലിം രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്? ഈ രാജ്യങ്ങൾ നമ്മൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചാൽ ഇതെല്ലാം എവിടെപ്പോയാണ് അവസാനിക്കുക? ഇന്ത്യാ-പാകിസ്താൻ വിഭജനം നടന്നപ്പോൾ ഇവിടെ ജീവിക്കാൻ തീരുമാനിച്ചവരാണ് ഇന്ത്യയിലെ മുസ്‌ലിംകൾ. അവർ ജിന്നയ്‌ക്കൊപ്പം പോയില്ല. നമ്മൾ ഇക്കാര്യം ആലോചിക്കേണ്ടതുണ്ട്. അവർ ഇന്ത്യക്കാരായി തന്നെ നിന്നു. അവർ ഇന്ത്യക്കാരാണ് വേറെ ഏതെങ്കിലും രാജ്യങ്ങളിലെ പൗരന്മാരല്ല''-അദ്ദേഹം തുടർന്നു.

എന്ത് അടിസ്ഥാനത്തിലാണ് അവർ മുസ്‌ലിം വ്യാപാരികളെയും വ്യാപാരസ്ഥാപനങ്ങളെയും വേട്ടയാടുന്നതെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും വിശ്വനാഥ് പറഞ്ഞു. ഇത് തീർത്തും ഖേദകരമായ സാഹചര്യമാണ്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകും. കഴിക്കാനും ഉടുക്കാനുമെല്ലാം ജനങ്ങൾക്ക് ജീവനോപാധികൾ ആവശ്യമാണ്. അതിനുള്ള മാർഗങ്ങളൊന്നും ഇവിടെയില്ലെങ്കിൽ പിന്നെ ജനാധിപത്യത്തിന്റെയും മതത്തിന്റെയും ജാതിയുടെയുമെല്ലാം അർത്ഥമെന്താണ്? അതെല്ലാം വലിച്ചെറൂ... ഭക്ഷണം വാങ്ങാനുള്ള മാർഗങ്ങളില്ലെങ്കിൽ ഈ ലോകത്ത് നമ്മൾ എന്താണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മുൻ കോൺഗ്രസ് മന്ത്രിയും ജെ.ഡി(എസ്) മുൻ സംസ്ഥാന പ്രസിഡന്റുമാണ് എ.എച്ച് വിശ്വനാഥ്. കന്നട എഴുത്തുകാരനും നോവലിസ്റ്റുമാണ്. ഒ.ബി.സി നേതാവ് കൂടിയായ അദ്ദേഹം 2019ലാണ് ബി.ജെ.പിയിലേക്ക് കൂടുമാറുന്നത്. ബി.ജെ.പിക്കും ബി.എസ് യെദിയൂരപ്പയ്ക്കും കർണാടക ഭരണം പിടിക്കാൻ അദ്ദേഹത്തിന്റെ കൂടുമാറ്റം നിർണായകമായിരുന്നു.മുസ്്‌ലിം വ്യാപാരി വിലക്കിനെ അംഗീകരിക്കുന്നില്ലെന്ന് അനിൽ ബേനകെ എം.എൽ.എ പ്രതികരിച്ചു. ചില കടകളിൽനിന്നു മാത്രമേ സാധനങ്ങൾ വാങ്ങാവൂ, ചിലതിൽനിന്ന് വാങ്ങരുതെന്ന് പറയുന്നത് തെറ്റാണ്. ഭരണഘടനപ്രകാരം എല്ലാവർക്കും തുല്യാവകാശമുണ്ട്. എല്ലാവർക്കും എല്ലായിടത്തും വ്യാപാരം നടത്താനുള്ള അവകാശമുണ്ട്. അതിന് നിയന്ത്രണങ്ങൾ വരുത്തുന്നത് അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ബെലാഗവി നോർത്തിൽനിന്നുള്ള എം.എൽ.എയാണ് അനിൽ ബേനകെ. മറാത്താ നേതാവ് കൂടിയായ അദ്ദേഹം കോവിഡിനെത്തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ജനങ്ങളുടെ സഞ്ചാരം വിലക്കുന്നതിനെതിരെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്ന വിലക്ക്

കർണാടകയിൽ ക്ഷേത്രപരിസരങ്ങളിൽ മുസ്‌ലിം വ്യാപാരികൾക്ക് കച്ചവട വിലക്കേർപ്പെടുത്തിയ നടപടി കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുകയാണ്. ഉത്സവവേളകളിലും മറ്റ് ക്ഷേത്ര പരിപാടികൾക്കിടയിലുമെല്ലാമാണ് ക്ഷേത്ര പരിസരങ്ങളിൽ മുസ്‌ലിം വ്യാപാരികൾ കച്ചവടം നടത്തുന്നത് ശിവമോഗ, ദക്ഷിണ കന്നട ജില്ലകളിൽ വിലക്കിയത്. ഇതിനെ ചുവടുപിടിച്ച് ബംഗളൂരു അർബൻ, ഹാസൻ, തുമകുരു, ചിക്മഗളൂരു എന്നീ ജില്ലകളിലും മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.2002ലെ കർണാടക റിലീജ്യസ് ഇൻസ്റ്റിറ്റിയൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ആക്ട് പ്രകാരം ക്ഷേത്ര പരിസരങ്ങളിൽ കച്ചവടം നടത്തുന്നതിന് അഹിന്ദുക്കൾക്ക് വിലക്കുണ്ട്. ഇത് എന്നാൽ, ഉത്സവകാലങ്ങളിലും പ്രത്യേക പരിപാടികൾക്കിടയിലും താൽക്കാലികമായി മുസ്‌ലിം വ്യാപിരകളടക്കമുള്ളവർ കച്ചവടം നടത്തിവരാറുണ്ട്. ഇതുകൂടി പൂർണമായി വിലക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.

മുസ്‌ലിം വ്യാപാരികളെ ക്ഷേത്രപരിസരങ്ങളിൽനിന്ന് പൂർണമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് എവിടെയും ക്ഷേത്രപരിസരങ്ങളിൽ മുസ്‌ലിം വ്യാപാരികൾ കച്ചവടം നടത്തുന്നത് നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ കർണാടക സർക്കാർ തഹസിൽദാർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.അതേസമയം, പുതിയ നീക്കത്തിനെതിരെ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന് സംസ്ഥാനത്ത് ഇടമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സൗഹൃദത്തിന്റെ രാഷ്ട്രീയത്തിനു മാത്രമേ സംസ്ഥാനത്ത് ഇടമുള്ളൂ. സ്വന്തമായി കച്ചവടം നടത്തുന്നത് ഒരാളുടെ മൗലികാവകാശമാണ്. അത് നിരോധിക്കാനുള്ള നീക്കത്തിലൂടെ വിദ്വേഷരാഷ്ട്രീയമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്നും സിദ്ധരാമയ്യ വിമർശിച്ചു.

BJP national general secretary CT Ravi has called halal food an 'economic jihad'

TAGS :

Next Story