ഡൽഹിയിൽ മന്ത്രിമാരെ തീരുമാനിക്കാനാകാതെ ബിജെപി; പിന്നിൽ ആഭ്യന്തര തർക്കമെന്ന് അതിഷി
‘തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാൻ ബിജെപിക്ക് ഉദ്ദേശ്യമില്ല’

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കാനാകാതെ ബിജെപി. വകുപ്പ് വിഭജനത്തെ ചൊല്ലി ബിജെപി എംഎൽഎമാർക്കിടയിൽ ആഭ്യന്തര തർക്കമുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി ആരോപിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാതിരിക്കാൻ ബിജെപി ന്യായീകരണങ്ങൾ പറയുകയാണെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുമുതൽ ‘ചൂഷണം’ ചെയ്യാൻ മന്ത്രി സ്ഥാനങ്ങൾക്കായി ബിജെപി നേതാക്കൾ തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ അവർക്ക് ഉദ്ദേശ്യമില്ലെന്നും അതിഷ കുറ്റപ്പെടുത്തി.
വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ആം ആദ്മി പാർട്ടിയെ കുറ്റപ്പെടുത്താൻ ബിജെപി പദ്ധതിയിടുന്നതായി വിവിധ സ്രോതസ്സുകളിൽനിന്ന് തങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. മുൻ ആം ആദ്മി ഭരണകൂടം കാരണം ഡൽഹി സർക്കാരിന് പണമില്ലെന്ന് അവർ കുറ്റപ്പെടുത്തുമെന്നും അതിഷി പറഞ്ഞു.
എന്നാൽ, 2014-15ലെ 31,000 കോടി രൂപയിൽനിന്ന് 2024-25ൽ 77,000 കോടി രൂപയായി ഡൽഹിയുടെ ബജറ്റ് വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ ഡൽഹിയുടെ ബജറ്റ് 2.5 മടങ്ങ് വർധിച്ചു. മുൻ കോൺഗ്രസ് ഭരണകൂടം ബാക്കിവച്ച കടം പോലും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ തിരിച്ചടച്ചു. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്നത് ഉൾപ്പെടെയുള്ള ബിജെപിയുടെ എല്ലാ വാഗ്ദാനങ്ങളും കാലതാമസമില്ലാതെ നടപ്പാക്കണമെന്നും അതിഷി ആവശ്യപ്പെട്ടു.
Adjust Story Font
16

