Quantcast

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ ഉയര്‍ത്തിക്കാണിക്കില്ല; റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ ശിവ്‍രാജ് സിങ് ചൗഹാന് സീറ്റ് നൽകില്ലെന്ന തരത്തിൽ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിറകെയാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2023-09-26 14:55:01.0

Published:

26 Sep 2023 2:47 PM GMT

Shivraj Singh Chouhan
X

മുംബൈ: അഞ്ച് സംസ്ഥാനങ്ങളില്‍ ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ ഉയര്‍ത്തിക്കാണിച്ച് പ്രചാരണം നടത്തില്ലെന്ന് ബി.ജെ.പി. മധ്യപ്രദേശിൽ ശിവ്‍രാജ് സിങ് ചൗഹാന് സീറ്റ് നൽകില്ലെന്ന തരത്തിൽ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിറകെയാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ പ്രതികരണം.

മധ്യപ്രദേശില്‍ മത്സരിക്കുന്ന 230 ല്‍ 78 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ ചൗഹാന്‍റെ പേര് ഇതുവരെ അതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതോടെ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ചൗഹാനെ ഇക്കുറി പാര്‍ട്ടി വെട്ടിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

എന്നാല്‍ ചൗഹാന് സീറ്റ് നല്‍കില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ബി.ജെ.പി തള്ളിയതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന കാര്യം പറയാനാകില്ലെന്നും ആര് വേണമെങ്കിലും ആ സ്ഥാനത്തേക്കെത്താമെന്നും പാര്‍ട്ടി നേതൃതം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാലും ചൗഹാന്‍ മുഖ്യമന്ത്രിയാകില്ലെന്ന അഭ്യൂഹം ശക്തമായി.

മധ്യപ്രദേശില്‍ ബി.ജെ.പിയുടെ ഏറ്റവും പ്രധാന മുഖമായ ശിവ്‍രാജ് സിങ് ചൗഹാന്‍റെ പേര് ഇതുവരെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന് കാരണം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബി.ജെ.പിക്ക് ഇപ്പോള്‍ തന്നെ ആത്മവിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞെന്നും ബി.ജെ.പി അവരുടെ കോട്ടയില്‍ വലിയ പരാജയം നേരിടുമെന്നും കമല്‍നാഥ് എക്സില്‍ കുറിച്ചു.

കമല്‍‌ നാഥിന്‍റെ 15 മാസത്തെ ഭരണം ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ 18 വര്‍ഷമായി ചൗഹാനാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രി. 2006 മുതല്‍ മധ്യപ്രദേശിലെ ബുധിനി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ യാണ് ചൗഹാന്‍. ബുധിനി സീറ്റില്‍ ഇതുവരെ ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.


TAGS :

Next Story