Quantcast

ഭക്ഷണത്തിൽ ബ്ലേഡും പുഴുക്കളും; കറിപ്പാത്രവുമായി റോഡ് ഉപരോധിച്ച് ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലാ വിദ്യാർഥികൾ

ഹോസ്റ്റലിൽ മോശം ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ തുടർച്ചയായി പരാതികൾ ഉന്നയിച്ചിട്ടും അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

MediaOne Logo

Web Desk

  • Published:

    13 March 2025 12:17 PM IST

Blade, worms found in food at Hyderabad university hostel, students stage protest
X

ഹൈദരാബാദ്: ഭക്ഷണത്തിൽ ബ്ലേഡും പുഴുക്കളും കണ്ടെത്തിയതിനെ തുടർന്ന് ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം. സർവകലാശാലയിലെ ​ഗോദാവരി ഹോസ്റ്റൽ മെസ്സിൽ ചൊവ്വാഴ്ച രാത്രി വിദ്യാർഥികൾക്ക് വിളമ്പിയ ഭക്ഷണത്തിലായിരുന്നു ബ്ലേഡുകൾ കണ്ടെത്തിയത്.

തുടർന്ന് വിദ്യാർഥികൾ കറിപ്പാത്രങ്ങളുമായി സർവകലാശാലയിലെ പ്രധാന റോഡ‍് ഉപരോധിക്കുകയായിരുന്നു. തങ്ങളുടെ പ്രശ്നങ്ങളിൽ യൂണിവേഴ്സിറ്റി അധികൃതർ അടിയന്തര പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചു. ഹോസ്റ്റലിൽ മോശം ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ തുടർച്ചയായി പരാതികൾ ഉന്നയിച്ചിട്ടും അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

ഭക്ഷണത്തിൽ പുഴുക്കളും മറ്റു സ്തുക്കളും പതിവായി കാണപ്പെടുന്നുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു. രണ്ട് ദിവസം മുമ്പ് വിളമ്പിയ കാബേജ് കറിയില്‍നിന്ന് പുഴുവിനെ കിട്ടി. മറ്റൊരു വിദ്യാർഥിക്ക് ഭക്ഷണത്തിൽ നിന്നും ​ഗ്ലാസ് കഷണങ്ങൾ ലഭിച്ചെന്നും പ്രതിഷേധക്കാർ പറഞ്ഞു. അധികാരികൾ തങ്ങളുടെ പരാതികളോട് കണ്ണടയ്ക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

വിഷയം ഉന്നയിക്കുമ്പോഴെല്ലാം കാന്റീൻ ജീവനക്കാർ ക്ഷമാപണം നടത്തുകയും ഇത് ആവർത്തിക്കില്ലെന്ന് പറയുകയും ചെയ്യും, പക്ഷേ സ്ഥിതി ആവർത്തിക്കുകയാണെന്നും വിദ്യാർഥികൾ പറയുന്നു. ഇനിയിത് അനുവദിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

സർവകലാശാല തങ്ങളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നതെന്ന് ആരോപിച്ച വിദ്യാർഥികൾ, വൈസ് ചാൻസലർ തങ്ങളെ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ അറിയിച്ചു.

TAGS :

Next Story