കൈകൂപ്പി അപേക്ഷിച്ച് യുവാവ്; പിന്നാലെ രണ്ട് വെടിയൊച്ചകൾ; മണിപ്പൂരിൽ മാസങ്ങൾക്ക് ശേഷം ചോരയൊഴുകി
ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സായുധ സംഘം എത്തി ഇയാളെ വെടിവെച്ച് വീഴ്ത്തിയത്

- Published:
22 Jan 2026 11:54 AM IST

മണിപ്പൂർ: മാസങ്ങളായി നിന്നിരുന്ന സമാധാന അന്തരീക്ഷം ഇല്ലാതാക്കി മണിപ്പൂരിൽ വീണ്ടും ചോരയൊഴുകി. മണിപ്പൂർ ചുരാന്ദ്പൂർ ജില്ലയിൽ താമസിക്കുന്ന മെയ്തി വംശജനായ യുവാവാണ് ബുധനാഴ്ച വൈകീട്ട് വെടിയേറ്റു മരിച്ചത്. കുക്കി ഭൂരിപക്ഷ പ്രദേശത്താണ് കൊലപാതകം നടന്നത്. കാക്ചിംഗ് ഖുനൗ സ്വദേശിയായ മയാങ്‌ലാംബം ആണ് കൊല്ലപ്പെട്ടത്.
കുക്കി വംശജയെയാണ് ഇയാൾ വിവാഹം കഴിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരുമാസമായി ചുരാന്ദ്പൂർ ജില്ലയിലെ നാഥ്ജാങ് ഗ്രാമത്തിലാണ് ഇയാളും കുടുംബവും താമസിക്കുന്നത്. നേപ്പാളിൽ ജോലി ചെയ്തിരുന്ന മയാങ്‌ലാംബം അടുത്തിടെയാണ് നാട്ടിലെത്തിയത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ സായുധരായ ഒരു സംഘം എത്തി ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ഒരുമിനുട്ടും 12 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
'ഇരുട്ടത്ത് തറയിൽ ഇരിക്കുന്ന യുവാവ് ആക്രമികൾക്ക് മുന്നിൽ ജീവനായി കൈകൂപ്പി അപേക്ഷിക്കുന്നതും തുടർന്ന് രണ്ട് തവണ വെടിയൊച്ച കേൾക്കുന്നതും പിന്നാലെ മരിച്ചു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്'. 'സമാധാനമില്ലാതെ ജനകീയ സർക്കാറില്ല ' എന്ന വാചകവും വിഡിയോയിൽ ചേർത്തിട്ടുണ്ട്. സംസ്ഥാനത്ത് വീണ്ടും ജനകീയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള സൂചനയാണിതെന്ന് കരുതുന്നത്. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ഒരു വർഷം തികയാൻ ദിവസങ്ങൾ ശേഷിക്കേയാണ് കൊലപാതകം. ഫെബ്രുവരി 14-നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ഒരു വർഷം തികയുക.
Adjust Story Font
16
