മുംബൈ കോര്‍പറേഷനില്‍ മഹായുതിയുടെ മുന്നേറ്റം; തകര്‍ന്ന് ശിവസേനയുടെ കോട്ട
രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ ബോഡിയായ മുംബൈ കോര്‍പറേഷന്‍ ഭരണം കൈവിടുന്നത് ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയാകും

- Updated:
2026-01-16 11:37:09.0

ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും (ഫയല്‍ ചിത്രം)
മുംബൈ: മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ) കക്ഷികള്‍ അടങ്ങുന്ന മഹായുതി സഖ്യത്തിന് വന്‍ നേട്ടം. താക്കറെ കുടുംബത്തിന് വലിയ സ്വാധീനമുള്ള നഗരത്തിന്‌റെ അധികാരം ആദ്യമായാണ് ബി.ജെ.പിയുടെ കയ്യിലേക്കു വരുന്നത്. മുംബൈ കോര്‍പറേഷനിലെ 227 സീറ്റുകളില്‍ ബി.ജെ.പി 90 സീറ്റിലും സഖ്യകക്ഷിയായ ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ) 28 സീറ്റിലും മുന്നിലാണ്. 114 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. അന്തിമ ഫലം പുറത്തുവന്നിട്ടില്ല. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ ബോഡിയായ മുംബൈ കോര്‍പറേഷന്‍ ഭരണം കൈവിടുന്നത് ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയാകും.
ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) 74 സീറ്റിലാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് എട്ട് സീറ്റിലും എംഎന്‍എസ് ഏഴ് സീറ്റിലും മുന്നിലുണ്ട്. 2017ല്‍ ശിവസേന ഉദ്ധവ്, ഷിന്‍ഡെ വിഭാഗങ്ങള്‍ ഒരുമിച്ചായിരുന്നപ്പോള്‍ വന്‍ വിജയമായിരുന്നു മുംബൈയില്‍ നേടിയിരുന്നത്. പതിറ്റാണ്ടുകളായി ഭരണം തുടരുന്ന കോര്‍പറേഷനാണ് ഇത്തവണ ശിവസേന ഉദ്ധവ് പക്ഷത്തിന് കൈവിടുന്നത്.
മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടന്ന മറ്റ് 29 മുനിസിപ്പല്‍ ബോഡികളില്‍ 24ലും മഹായുതി സഖ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. മുംബൈയെ കൂടാതെ പുണെ, താനെ, നവി മുംബൈ, നാഗ്പൂര്‍ തുടങ്ങിയ പ്രധാന കോര്‍പറേഷനുകളിലും ബി.ജെ.പി സഖ്യമാണ് മുന്നിലുള്ളത്. മുംബൈയില്‍ ഉദ്ധവ് ശിവസേനയും രാജ് താക്കറെയുടെ എംഎന്‍എസും ഒന്നിച്ച് തിരഞ്ഞെടുപ്പിന് ഇറങ്ങിയിട്ടും വിജയം കാണാത്തത് ഇരുവര്‍ക്കും വലിയ തിരിച്ചടിയാണ്. 2017ലാണ് മുംബൈ കോര്‍പറേഷനില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. ശിവസേന പിളര്‍ന്നതിന് ശേഷം നടക്കുന്ന ആദ്യ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പാണിത്. 2022ല്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണ് നാലു വര്‍ഷം വൈകി നടക്കുന്നത്.
പിളര്‍ന്ന എന്‍സിപി ശരദ് പവാര്‍-അജിത് പവാര്‍ പക്ഷങ്ങള്‍ ഇത്തവണ ഒന്നിച്ച് മത്സരിച്ചിട്ടും ശക്തികേന്ദ്രങ്ങളില്‍ നിര്‍ണായക മുന്നേറ്റം നടത്താനാകാത്തത് ഇരുവര്‍ക്കും തിരിച്ചടിയാണ്. എന്‍സിപിയുടെ ശക്തികേന്ദ്രമായ പുണെ, പ്രിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ബിജെപി സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്.
Adjust Story Font
16
