Quantcast

അഞ്ചു വര്‍ഷം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകയുടെ അസ്ഥികൂടം പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍

വാര്‍ത്താ അവതാരകയായ സല്‍മ സുല്‍ത്താനയുടെ മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-08-23 05:30:45.0

Published:

23 Aug 2023 4:40 AM GMT

salma sultana
X

സല്‍മ സുല്‍ത്താന/മധുര്‍ സാഹു

ഛത്തീസ്‍ഗഡ്: അഞ്ചു വര്‍ഷം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകയുടെ അസ്ഥികൂടം ഛത്തീസ്ഗഡിലെ കോർബ-ദാരി റോഡിൽ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍.വാര്‍ത്താ അവതാരകയായ സല്‍മ സുല്‍ത്താനയുടെതെന്ന് കരുതപ്പെടുന്ന അസ്ഥികൂടമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.

സല്‍മയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുന്നിനിടെയാണ് മൃതദേഹാവശിഷ്ടം കണ്ടത്. മൃതദേഹം സല്‍മയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനോടൊപ്പം ഒരു ജോടി ചെരിപ്പും കണ്ടെടുത്തു.സൽമ സുൽത്താനയെ കാണാതായ സംഭവത്തിൽ കൊലപാതകം നടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തുന്നതിനായിട്ടാണ് നാലുവരിപ്പാതയില്‍ അന്വേഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കോർബയുടെ പ്രാന്തപ്രദേശമായ കുസ്മുണ്ടയിലെ താമസക്കാരിയായിരുന്നു സൽമ. കാണാതാകുമ്പോള്‍ 25 വയസുണ്ടായിരുന്നു. വാർത്താ റിപ്പോർട്ടിംഗിന് പുറമെ സ്റ്റേജ് ഷോകളും മറ്റു പ്രോഗ്രാമുകളും ചെയ്തിരുന്നു. 2018 ഒക്ടോബർ 21 ന് കുസ്മുണ്ടയിൽ നിന്ന് കോർബയിലേക്ക് ജോലിക്കായി പോയെങ്കിലും പീന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. വീട്ടുകാർ അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. കാണാതായെന്ന പരാതിയെ തുടർന്ന് ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ദാരി എസ്പി റോബിൻസൺ ഗുഡിയ ഈ വർഷം മേയ് മാസത്തിൽ തീർപ്പാക്കാത്ത കേസുകൾ പരിശോധിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന്‍റെ അഭാവം ചൂണ്ടിക്കാട്ടി സൽമ സുൽത്താനയുടെ കേസ് പുനരന്വേഷിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കോർബയിലെ ഒരു ബാങ്കിൽ നിന്ന് സൽമ ലോൺ എടുത്തിരുന്നുവെന്നും അത് 2018 വരെ കാമുകനായ മധുര്‍ സാഹു തിരിച്ചടച്ചിരുന്നതായും കണ്ടെത്തി.എന്നാൽ 2019ന് ശേഷം വായ്പ തിരിച്ചടവ് മുടങ്ങി.കടം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ മധുര്‍ അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ, സൽമയെ അഞ്ച് വർഷം മുമ്പ് കൊലപ്പെടുത്തി മൃതദേഹം കോർബ-ദാരി റോഡിൽ കുഴിച്ചിട്ടതായി പൊലീസിന് വിവരം ലഭിച്ചു.മേയ് 30ന് സല്‍മയുടെ മൃതദേഹം കുഴിച്ചിടാന്‍ സാധ്യതയുള്ള സ്ഥലത്തെക്കുറിച്ച് ലഭിച്ച വിവരത്തെ തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഞ്ച് വർഷത്തിനുള്ളിൽ, കോർബ-ദാരി റോഡിന്‍റെ ഭൂമിശാസ്ത്രപരമായ ഘടന പൂർണമായും മാറി. ഒറ്റപ്പാത നാലുവരി കോൺക്രീറ്റ് റോഡായി.കഴിഞ്ഞ ദിവസമാണ് അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹാവശിഷ്ടം ഡിഎന്‍എ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ മധുറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

TAGS :

Next Story