ജാമ്യം നൽകാൻ കൈക്കൂലി; ജഡ്ജിക്ക് തുക നൽകാൻ വൈകിയപ്പോൾ നടപടികളും വൈകിപ്പിച്ചതായി ആരോപണം
ഡൽഹി റൗസ് അവന്യുവിലെ പ്രത്യേക കോടതി ജഡ്ജിക്കെതിരെയാണ് റിപ്പോർട്ട്.

ന്യൂഡൽഹി: ജാമ്യം നൽകുന്നതിനായി കൈക്കൂലി വാങ്ങിച്ചെന്നു ആരോപണം നേരിടുന്ന ജഡ്ജിക്ക് തുക കൈമാറാൻ വൈകിയപ്പോൾ നടപടികളും വൈകിപ്പിച്ചതായി അഴിമതി വിരുദ്ധ ബ്യുറോയുടെ റിപ്പോർട്ട് . ഡൽഹി റൗസ് അവന്യുവിലെ പ്രത്യേക കോടതി ജഡ്ജിക്കെതിരെയാണ് റിപ്പോർട്ട്. ജഡ്ജിയെ ഉൾപ്പെടുത്താതെ ക്ലർക്കിനെ പ്രതിയാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് . ജഡ്ജിയെ ഹൈക്കോടതി സ്ഥലം മാറ്റിയിരിക്കുകയാണ്.
കൈക്കൂലി നൽകാൻ സാവകാശമെടുത്തപ്പോൾ ജാമ്യത്തിനായുള്ള കോടതി നടപടികൾ വൈകിപ്പിക്കുകയും, പിന്നീട് നിഷേധിക്കുകയും ചെയ്തതായി പരാതിക്കാരന്റെ മൊഴിയുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അഴിമതി വിരുദ്ധ ബ്യുറോ വ്യക്തമാക്കുന്നു. കേസ് മാറ്റി വച്ച തീയതികളും, ഇതിനകം പ്രതിയാക്കപ്പെട്ട ക്ലർക്കിന്റെ ശബ്ദ രേഖയും പരിശോധിക്കുമ്പോൾ, ഇതെല്ലം ശരിയാണെന്നു മനസിലാക്കാമെന്നും ബ്യുറോ വാദിക്കുന്നു. ക്ലർക്കിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ജഡ്ജിക്ക് വേണ്ടിയാണു ക്ലർക്ക് കൈക്കൂലി വാങ്ങിയത് എന്ന് അഴിമതി വിരുദ്ധ ബ്യുറോ ചൂണ്ടിക്കാട്ടുന്നു .അതേ സമയം ഈ വാദത്തിനു വേണ്ടത്ര തെളിവില്ലാത്തതിനാലാണ് എഫ് ഐ ആറിൽ നിന്നും ജഡ്ജിയെ ഒഴിവാക്കിയത് എന്നാണ് വിശദീകരണം. ജാമ്യാപേക്ഷകൾ നിരന്തരം നിരസിച്ച ശേഷമാണു ഒരു പ്രതിക്ക് 85 ലക്ഷവും മറ്റു പ്രതികൾക്ക് ഒരു കോടി രൂപയും എന്ന കൈക്കൂലി നിരക്ക് ക്ലർക്ക് അറിയിച്ചത്. വ്യാജ നികുതി റീഫണ്ടുകൾ അംഗീകരിച്ചെന്നു ചൂണ്ടിക്കാട്ടി ജിഎസ്ടി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസിലാണ് കൈക്കൂലി ചോദിച്ചത്.
ജഡ്ജിക്കും ക്ലർക്കിനും എതിരെ അന്വേഷണം നടത്താൻ അഴിമതി വിരുദ്ധ ബ്യുറോ ജനുവരിയിൽ അനുമതി തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല . പിന്നീട് ശബ്ദ സന്ദേശമടക്കമുള്ള രേഖകൾ സംഘടിപ്പിച്ചതിനു ശേഷം മെയ് 16 നാണു ക്ലർക്കിനെ മുഖ്യപ്രതിയാക്കി എഫ് ഐ ആർ ചുമത്തിയത്. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ പ്രത്യേക കോടതിയിലെ ജഡ്ജിയെ കള്ളക്കേസിൽ കുടുക്കാനായി അഴിമതി വിരുദ്ധ ബ്യുറോ മെനയുന്ന കള്ളങ്ങളാണ് ഇതെല്ലാമെന്നു ക്ലർക്കിന്റെ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു .
Adjust Story Font
16

