Quantcast

'ഏക സിവിൽകോഡിനു പിന്നില്‍ ബി.ജെ.പി ദുഷ്ടലാക്ക്, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം'; ശക്തമായി എതിർക്കുമെന്ന് കെ.സി.ആർ

ഏക സിവിൽകോഡിനെ പാർലമെന്റിൽ എതിർക്കുന്നതിനു പുറമെ സമാനമനസ്‌കരായ മുഴുവൻ രാഷ്ട്രീയപാർട്ടികളെയും ഒരുമിപ്പിച്ച് ബില്ലിനെതിരെ പോരാടുമെന്നും തെലങ്കാന മുഖ്യന്ത്രി കെ.സി.ആർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    11 July 2023 4:17 AM GMT

ഏക സിവിൽകോഡിനു പിന്നില്‍ ബി.ജെ.പി ദുഷ്ടലാക്ക്, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം; ശക്തമായി എതിർക്കുമെന്ന് കെ.സി.ആർ
X

ഹൈദരാബാദ്: ഏക സിവിൽകോഡിനെ പാർലമെന്റിലും പുറത്തും ശക്തമായി എതിർക്കുമെന്ന് ഭാരത് രാഷ്ട്രസമിതി(ബി.ആർ.എസ്) തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ് ബി.ജെ.പിയുടെ ഏക സിവിൽകോഡ് നീക്കത്തിനു പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ്(എ.ഐ.എം.പി.എൽ.ബി) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കെ.സി.ആർ നിലപാട് വ്യക്തമാക്കിയത്. 'ഏക സിവിൽകോഡ് നടപ്പാക്കുന്നതിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെ ദുഷ്ടലാക്കാണെന്നു വ്യക്തമാണ്. കഴിഞ്ഞ ഒൻപതു വർഷമായി രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും വികസനവുമെല്ലാം അവഗണിക്കുകയാണ് ബി.ജെ.പി സർക്കാർ. ഏക സിവിൽകോഡ് ബിൽ എന്ന വിഭജനരാഷ്ട്രീയത്തിലൂടെ വിവിധ സമൂഹങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാമെന്ന പദ്ധതിയിലാണ് ബി.ജെ.പി. ബി.ജെ.പി സർക്കാർ ഉടൻ അവതരിപ്പിക്കാനിരിക്കുന്ന ഏക സിവിൽകോഡിനെ ഞങ്ങൾ എതിർക്കാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.'-കെ.സി.ആർ പറഞ്ഞു.

പാർലമെന്റിൽ ഏക സിവിൽകോഡ് ബില്ലിനെ ബി.ആർ.എസ് എതിർക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ സമാനമനസ്‌കരായ മുഴുവൻ രാഷ്ട്രീയപാർട്ടികളെയും ഒരുമിപ്പിച്ച് ബില്ലിനെതിരെ പോരാടും. തനതായ സംസ്‌കാരമുള്ള ഗോത്രവർഗക്കാരും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള വിവിധ ജാതി, മതവിഭാഗങ്ങളും ഏക സിവിൽകോഡിൽ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ്. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനു വിഘാതം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ എല്ലാ നീക്കത്തെയും ബി.ആർ.എസ് എതിർത്തുവരുന്നുണ്ടെന്നും കെ.സി.ആർ കൂട്ടിച്ചേർത്തു.

ഏക സിവിൽകോഡ് വിഷയത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും സ്വീകരിക്കേണ്ട നിലപാടും നടപടികളും തയാറാക്കാൻ പാർട്ടിയുടെ പാർലമെന്ററി നേതാക്കളെ കെ.സി.ആർ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുമണ്ട്. കെ. കേശവറാവു, നമ നാഗേശ്വർ റാവു എന്നിവരെയാണ് പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഏൽപിച്ചത്. അതേസമയം, ഏക സിവിൽകോഡിനെ എതിർക്കുമെന്ന് വ്യക്തമാക്കിയ തെലങ്കാന മുഖ്യമന്ത്രിക്ക് എ.ഐ.എം.പി.എൽ.ബി നേതാക്കൾ നന്ദി രേഖപ്പെടുത്തി. ബോർഡ് അധ്യക്ഷൻ ഖാലിദ് സൈഫുല്ല റഹ്‌മാനി, എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി, അക്ബറുദ്ദീൻ ഉവൈസി എം.എൽ.എ, തെലങ്കാന മന്ത്രിമാരായ മഹ്‌മൂദ് അലി, കെ.ടി രാമറാവു, മറ്റ് ബോർഡ് അംഗങ്ങളും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Summary: The imposition of UCC is a malicious attempt by the Union government. The BJP plotted to instigate people by promoting divisive politics by raking up clashes between the communities to derive political benefits through the UCC bill: Telangana CM and BRS leader K. Chandrashekar Rao

TAGS :

Next Story