Quantcast

ശരിയായ കാര്യമാണ് താൻ ചെയ്തത്; കുറ്റബോധമില്ലെന്ന് 'ബുള്ളി ബായ്' ആപ്പ് നിർമാതാവ്

21 കാരനായ ബിഷ്‌ണോയ് അസമിലെ ജോർഹത് സ്വദേശിയാണ്. ഭോപ്പാലിൽ എഞ്ചിനീയറിങ് വിദ്യാർഥിയായ ഇയാളെ കഴിഞ്ഞ ദിവസം അസമിലെ വീട്ടിലെത്തിയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    7 Jan 2022 9:19 AM GMT

ശരിയായ കാര്യമാണ് താൻ ചെയ്തത്; കുറ്റബോധമില്ലെന്ന് ബുള്ളി ബായ് ആപ്പ് നിർമാതാവ്
X

മുസ്‌ലിം സ്ത്രീകളെ വിൽപനക്ക് വെച്ച 'ബുള്ളി ബായ'് ആപ്പ് നിർമിച്ചതിൽ ഒരു കുറ്റബോധവുമില്ലെന്ന് കേസിലെ പ്രധാന പ്രതിയായ നീരജ് ബിഷ്‌ണോയ്. ശരിയായ കാര്യമാണ് താൻ ചെയ്തതെന്നാണ് വിശ്വസിക്കുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

21 കാരനായ ബിഷ്‌ണോയ് അസമിലെ ജോർഹത് സ്വദേശിയാണ്. ഭോപ്പാലിൽ എഞ്ചിനീയറിങ് വിദ്യാർഥിയായ ഇയാളെ കഴിഞ്ഞ ദിവസം അസമിലെ വീട്ടിലെത്തിയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആപ്പ് നിർമിക്കാനുപയോഗിച്ച ഡിവൈസ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

നവംബറിലാണ് ആപ്പ് നിർമിച്ചതെന്നും ഡിസംബർ 31 നാണ് അത് പുറത്തുവിട്ടതെന്നും ചോദ്യം ചെയ്യലിനിടെ ബിഷ്‌ണോയ് പൊലീസിനോട് പറഞ്ഞു. മുംബൈ പൊലീസിനെ പരിഹസിക്കാനായി @giyu44 എന്ന ഒരു ട്വിറ്റർ അക്കൗണ്ടും ഇയാൾ സൃഷ്ടിച്ചിരുന്നു. നേരത്തെ നടന്ന മൂന്ന് അറസ്റ്റുകൾ പുറത്തുവന്നപ്പോൾ 'ചേരി പൊലീസ്' എന്നാണ് ഇയാൾ പരിഹസിച്ചത്.

'തെറ്റായ ആളെയാണ് നിങ്ങൾ അറസ്റ്റ് ചെയ്തിരിക്കുന്നത് ചേരി പൊലീസ് ..ഞാനാണ് ബുള്ളി ബായ് ആപ്പിന്റെ നിർമാതാവ്. നിങ്ങൾ അറസ്റ്റ് ചെയ്ത രണ്ട് നിഷ്‌കളങ്കരായ ആളുകളെക്കൊണ്ട് ഒന്നും ചെയ്യാനാവില്ല, അവരെ എത്രയും പെട്ടന്ന് വിട്ടയക്കണം...'-ബിഷ്‌ണോയ് ട്വീറ്റ് ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശിനിയായ ശ്വേത സിങ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ബുധനാഴ്ച രാവിലെ 10.42 നായിരുന്നു ഇയാളുടെ ട്വീറ്റ്.

ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന നാലാമത്തെ ആളാണ് ബിഷ്‌ണോയ്. 21 വയസുകാരനായ മായങ്ക് റാവൽ, ശ്വേത സിങ്, വിശാൽ കുമാർ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.


TAGS :

Next Story