Quantcast

മുസ്‌ലിം സ്ത്രീകളെ 'വിൽപനക്ക് വെച്ച്' വിദ്വേഷ പ്രചാരണം; 'ബുള്ളി ബായ്' ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐ.ടി മന്ത്രി

'സുള്ളി ഡീൽസ്' എന്ന പേരിൽ കഴിഞ്ഞ വർഷം മുസ് ലിം സ്ത്രീകളെ വിൽപനക്കുവെച്ച ഒരു ആപ്പ് പുറത്തുവന്നിരുന്നു. ഇതിന്റെ മാതൃകയിൽ തന്നെയാണ് പുതിയ ആപ്പും പുറത്തിറക്കിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    2 Jan 2022 5:54 AM GMT

മുസ്‌ലിം സ്ത്രീകളെ വിൽപനക്ക് വെച്ച് വിദ്വേഷ പ്രചാരണം; ബുള്ളി ബായ് ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐ.ടി മന്ത്രി
X

പ്രശസ്തരായ മുസ്‌ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ട് വിദ്വേഷ പ്രാചരണം നടത്തിയ 'ബുള്ളി ബായ്' ആപ്പ് ബ്ലോക്ക് ചെയ്തതായി കേന്ദ ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ശിവസേന എംപി പ്രിയങ്ക ചതുർവേദി അടക്കം നിരവധിപേർ ഈ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. പ്രിയങ്ക ചതുർവേദിയുടെ ട്വീറ്റിന് മറുപടിയായാണ് കേന്ദ്രമന്ത്രി നടപടി സ്വീകരിച്ച കാര്യം അറിയിച്ചത്. ആപ്പ് ബ്ലോക്ക് ചെയ്തതിന് നന്ദി അറിയിച്ച പ്രിയങ്ക കൂടുതൽ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടു.

ബുള്ളി ബായ് ആപ്പിൽ പേരുപറഞ്ഞ മാധ്യമപ്രവർത്തകയായ ഇസ്മത്ത് ആരയുടെ പരാതിയിൽ ഡൽഹി പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ''ഒരു മുസ്‌ലിം സ്ത്രീയെന്ന നിലയ്ക്ക് ഇത്രയും ഭീതിയോടെയും അസ്വസ്ഥതയോടെയും പുതിയൊരു വർഷം ആരംഭിക്കേണ്ടിവരികയെന്നത് ഏറെ ദുഃഖകരമാണ്. സുള്ളി ഡീൽസിന്റെ ഈ പുതിയ പതിപ്പിലൂടെ വേട്ടയാടപ്പെടുന്നത് ഞാൻ മാത്രമല്ലെന്ന് പറയാതെത്തന്നെ ഉറപ്പാണ്. ഇന്നു രാവിലെ ഒരു സുഹൃത്ത് അയച്ചുതന്നെ സ്‌ക്രീൻഷോട്ടാണിത്. പുതുവത്സരാശംസകൾ'' എന്ന കുറിപ്പോടെയാണ് ഇസ്മത് ആറ ബുള്ളി ബായ് ആപ്പിനെക്കുറിച്ച് പ്രതികരിച്ചത്.

ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പഠിക്കുന്ന കശ്മീരി വിദ്യാർത്ഥിയായ ഹിബ ബേഗും തന്നെ ബുള്ളി ബായ് ആപ്പിൽ ലേലത്തിൽ വച്ച കാര്യം വെളിപ്പെടുത്തി. മോദിയുടെ ഇന്ത്യയിൽ താൻ മറ്റു മുസ്‌ലിം സ്ത്രീകൾക്കൊപ്പം ചിത്രങ്ങൾ സഹിതം ഒരിക്കൽ കൂടി ലേലത്തിനു വയ്ക്കപ്പെട്ടിരിക്കുകയാണെന്ന് ഹിബ ബേഗ് ട്വീറ്റ് ചെയ്തു. കോവിഡിനിടെ മരിച്ച ഉമ്മൂമ്മയുടെ ഖബറിടം സന്ദർശിക്കാൻ പോയതായിരുന്നു താനെന്നും തിരിച്ചു വീട്ടിലേക്കു വരാനിരിക്കുമ്പോഴാണ് വിവരം അടുത്ത സുഹൃത്തുക്കൾ അറിയിക്കുന്നതെന്നും ഹിബ കുറിച്ചു. സുള്ളി ഡീൽസിലും ഹിബയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

'സുള്ളി ഡീൽസ്' എന്ന പേരിൽ കഴിഞ്ഞ വർഷം മുസ് ലിം സ്ത്രീകളെ വിൽപനക്കുവെച്ച ഒരു ആപ്പ് പുറത്തുവന്നിരുന്നു. ഇതിന്റെ മാതൃകയിൽ തന്നെയാണ് പുതിയ ആപ്പും പുറത്തിറക്കിയിരിക്കുന്നത്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക സബാ നഖ്വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവർത്തക സിദ്റ, മാധ്യമപ്രവർത്തക ഖുർറത്തുൽഐൻ റെഹ്ബർ, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്. സിഎഎ വിരുദ്ധ സമരത്തിൻറെ മുൻനിരയിലുണ്ടായിരുന്ന മലയാളി വിദ്യാർത്ഥി നേതാക്കളായ ലദീദ സഖലൂനും ആയിഷ റെന്നയും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ സുള്ളി ഡീൽസിലും ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് വിൽപനയ്ക്കു വച്ചിരുന്നു


TAGS :

Next Story