Quantcast

പൊടി പോലുമില്ല കണ്ടുപിടിക്കാന്‍; 10 ലക്ഷം മുടക്കി നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ അപ്പാടെ അടിച്ചുമാറ്റി കള്ളന്‍മാര്‍

നിർമാണം പൂർത്തിയാക്കി ഒരാഴ്ചക്ക് ശേഷം ബസ് ഷെല്‍ട്ടര്‍ മോഷണം പോവുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    7 Oct 2023 7:06 AM GMT

Bus stop stolen
X

ബസ് ഷെല്‍ട്ടര്‍ ഉണ്ടായിരുന്ന സ്ഥലം

ബെം​ഗളൂരു: ബെം​ഗളൂരു ന​ഗരത്തിൽ നിന്ന് 10 ലക്ഷം രൂപ മുടക്കി നിർമിച്ച ബസ് വെയിറ്റങ് ഷെൽട്ടർ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഏറെ തിരക്കേറിയ കണ്ണിങ്ഹാം റോഡിൽ 10 ലക്ഷം രൂപ ചെലവിൽ സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച ബസ് സ്റ്റോപ്പാണ് കള്ളന്മാർ അപ്പാടെ അടിച്ചുമാറ്റിയത്. നിർമാണം പൂർത്തിയാക്കി ഒരാഴ്ചക്ക് ശേഷം ബസ് ഷെല്‍ട്ടര്‍ മോഷണം പോവുകയായിരുന്നു. ഇലക്ട്രിക് ജോലികൾ മാത്രമേ പൂർത്തിയാക്കാനുണ്ടായിരുന്നുള്ളൂ. ബെം​ഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ കീഴിലാണ് ബസ് സ്റ്റോപ്പ്.

പൊലീസ് സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള സിസിടിവി ഫൂട്ടേജുകൾ പരിശോധിക്കുന്നുണ്ട്. അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നി​ഗമനം. പരാതി നൽകാൻ എന്തുകൊണ്ട് ഒരുമാസം വൈകിയെന്ന് പൊലീസ് അന്വേഷിക്കുന്നു. മോഷണം നടന്ന് ഒരുമാസത്തിന് ശേഷം സെപ്തംബർ 30നാണ് ബിൽഡർ പരാതി നൽകുന്നത്. പരാതി നൽകാൻ ഒരു മാസമെടുത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് ഡിസിപി (സെൻട്രൽ) ശേഖർ എച്ച്ടി പറഞ്ഞു.ബസ് ഷെൽട്ടർ നിർമാണത്തിന്‍റെ ചുമതലയുള്ള ഒരു കമ്പനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് എൻ.രവി റെഡ്ഡിയാണ് പരാതി നല്‍കിയത്.

ബസ് സ്റ്റോപ്പുകൾ അപ്രത്യക്ഷമാകുന്ന ഈ സംഭവങ്ങൾ ബെംഗളൂരുവില്‍ പുതിയ കാര്യമല്ല. നേരത്തെ മാർച്ചിൽ എച്ച്ആർബിആർ ലേഔട്ടിലെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ബസ് സ്റ്റാൻഡ് ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായിരുന്നു.കല്യാൺ നഗറിലെ ബസ് സ്റ്റാൻഡ് 1990 ൽ ലയൺസ് ക്ലബ്ബ് സംഭാവന ചെയ്തതാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.ഒരു വാണിജ്യ സ്ഥാപനത്തിന് വഴിയൊരുക്കുന്നതിനായി ഇത് ഒറ്റരാത്രികൊണ്ട് നീക്കം ചെയ്യുകയായിരുന്നു. 2015ൽ ഹൊറൈസൺ സ്കൂളിന് സമീപമുള്ള ദൂപ്പനഹള്ളി ബസ് സ്റ്റോപ്പ് ഒറ്റ രാത്രി കൊണ്ട് കാണാതായിരുന്നു. നേരത്തെ 2014ൽ രാജരാജേശ്വരിനഗറിലെ ബിഇഎംഎൽ ലേഔട്ട് III സ്റ്റേജിൽ 20 വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും അപ്രത്യക്ഷമായിരുന്നു.

TAGS :

Next Story