Quantcast

അമിത് ഷായെ കണ്ടു, ജി-23 നേതാക്കളെ കാണും; ക്യാപ്റ്റന്റെ നീക്കത്തിൽ പകച്ച് കോൺഗ്രസ്

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദർ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെ കാണാനല്ല ഡൽഹിയിലെത്തുന്നത് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

MediaOne Logo

Web Desk

  • Published:

    30 Sep 2021 5:01 AM GMT

അമിത് ഷായെ കണ്ടു, ജി-23 നേതാക്കളെ കാണും; ക്യാപ്റ്റന്റെ നീക്കത്തിൽ പകച്ച് കോൺഗ്രസ്
X

ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചതിന് പിന്നാലെ, കോൺഗ്രസിൽ വിമതസ്വരം ഉയർത്തിയ ജി-23 നേതാക്കളെ കാണാനുള്ള ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നീക്കത്തിൽ പകച്ച് കോൺഗ്രസ്. പഞ്ചാബ് വിഷയത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ കപിൽ സിബൽ അടക്കമുള്ള നേതാക്കളെ അമരീന്ദർ വ്യാഴാഴ്ച കാണുമെന്നാണ് സൂചന. ചൊവ്വാഴ്ച വൈകിട്ടാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ച അമരീന്ദർ സിങ് ഡൽഹിയിലെത്തിയത്.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമോ എന്നതിൽ വ്യക്തതയില്ല. കർഷക വിഷയങ്ങൾ ചർച്ച ചെയ്യാനാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് ക്യാപ്റ്റന്റെ വിശദീകരണം. കൃഷ്ണമേനോൻ റോഡിലെ വീട്ടിൽ വൈകിട്ട് ആറു മണിക്ക് നടന്ന കൂടിക്കാഴ്ച മുക്കാൽ മണിക്കൂർ നീണ്ടു. മാധ്യമങ്ങളെ ഒഴിവാക്കാനായി വീടിന്റെ രണ്ടാം ഗേറ്റിലൂടെയാണ് അമരീന്ദർ പുറത്തുപോയത്. കാബിനറ്റ് മന്ത്രിസ്ഥാനം അടക്കമുള്ള തസ്തികകൾ ബിജെപി അമരീന്ദറിന് മുമ്പിൽ വച്ചതായാണ് റിപ്പോർട്ട്.

അതിനിടെ, പഞ്ചാബിലെ സംഘടനാ പ്രശ്‌നങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ജി 23 നേതാക്കളായ ഗുലാം നബി ആസാദും കപിൽ സിബലും രംഗത്തെത്തി. ഹൈക്കമാൻഡിനെതിരെ രൂക്ഷ വിമർശനമാണ് കപിൽ സിബൽ ഉന്നയിച്ചിട്ടുള്ളത്. 'നമ്മുടെ പാർട്ടിയിൽ ഇപ്പോൾ പ്രസിഡണ്ടില്ല. ആരാണ് ഈ തീരുമാനങ്ങൾ എടുക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല. എത്തിച്ചേരാൻ പാടില്ലാത്ത സാഹചര്യത്തിലാണ് പാർട്ടി എത്തിയിരിക്കുന്നത്.' - സിബിൽ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിളിച്ച് സാഹചര്യങ്ങൾ ചർച്ച ചെയ്യണമെന്നാണ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടത്.

സെപ്തംബർ 18-ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദർ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെ കാണാനല്ല ഡൽഹിയിലെത്തുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹം അമിത് ഷായുടെ വീട്ടിലെത്തുകയായിരുന്നു. ക്യാപറ്റനെ പാർട്ടിയിലെത്തിക്കുകയാണ് എങ്കിൽ കേന്ദ്രത്തിന് തലവേദനയായ കർഷക സമരത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിക്കാമെന്ന് ബി.ജെ.പി. കണക്കുകൂട്ടുന്നു. അകാലിദളുമായുള്ള സഖ്യം പിരിഞ്ഞശേഷം സംസ്ഥാനത്ത് ദുർബലമായ പാർട്ടിക്ക് അമരീന്ദറിന്റെ വരവ് പുതിയ ഊർജം നൽകുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കര്‍ഷക സമരത്തിന് ശക്തമായ പിന്തുണ നല്‍കിയ അമരീന്ദറിനെ കൃഷി മന്ത്രിയാക്കാനും ആലോചനയുണ്ട്.

ബി.ജെ.പിയിൽ ചേരാതെ കോൺഗ്രസിന് ബദലായി പഞ്ചാബിൽ പുതിയ പാർട്ടി രൂപവത്കരിക്കാനാണ് അമരീന്ദറിന്റെ ശ്രമമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതിന് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് എല്ലാ ആശിർവാദവും സഹായവും ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവുമായി മാസങ്ങൾ നീണ്ട വടംവലിക്കൊടുവിലായിരുന്നു അമരീന്ദറിന്റെ രാജി. പുതിയ മുഖ്യമന്ത്രിയായി ചരൺജിത് ഛന്നിയെ ഹൈക്കമാൻഡ് നിയോഗിച്ചിട്ടുണ്ട്. അമരീന്ദറിന്റെ രാജിക്ക് പിന്നാലെ സിദ്ദു പിസിസി അധ്യക്ഷ സ്ഥാനവും രാജിവച്ചിരുന്നു.

TAGS :

Next Story