Quantcast

രാഷ്ട്രപതിയുടെ പ്രത്യേക ട്രെയിന്‍ പോകാന്‍ ഫ്ലൈ ഓവര്‍ അടച്ചു: 50 വയസ്സുകാരി ചികിത്സ കിട്ടാതെ മരിച്ചു

ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയതിന് ശേഷം ആദ്യമായാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്രെയിനില്‍ സഞ്ചരിക്കുന്നത്

MediaOne Logo

ijas

  • Updated:

    2021-06-27 13:13:59.0

Published:

27 Jun 2021 1:05 PM GMT

രാഷ്ട്രപതിയുടെ പ്രത്യേക ട്രെയിന്‍ പോകാന്‍ ഫ്ലൈ ഓവര്‍ അടച്ചു: 50 വയസ്സുകാരി ചികിത്സ കിട്ടാതെ മരിച്ചു
X

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പ്രത്യേക ട്രെയിനിന് സഞ്ചരിക്കാന്‍ ഫ്ലൈ ഓവര്‍ അടച്ചതോടെ 50 വയസ്സുകാരിയായ സ്ത്രീ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ വനിതാ വിഭാഗം മേധാവിയായ വന്ദന മിശ്രയുടെ ജീവനാണ് രാഷ്ട്രപതിക്ക് വേണ്ടിയുള്ള പ്രത്യേക യാത്രാ പരിഗണനയില്‍ പൊലിഞ്ഞത്. കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് നടന്ന അപകടത്തില്‍ കാണ്‍പൂര്‍ പൊലീസ് കമ്മീഷണര്‍ ക്ഷമ ചോദിച്ചു. വിവരമറിഞ്ഞ രാഷ്ട്രപതിയും പത്നി സവിത കോവിന്ദും ക്ഷമാപണ സന്ദേശം അയച്ചതായി വന്ദന മിശ്രയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഒന്നര മാസങ്ങള്‍ക്ക് മുമ്പാണ് വന്ദന മിശ്ര കോവിഡ് രോഗമുക്തയായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വന്ദനക്ക് ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്നും കാറുമായി പുറപ്പെടുന്നത്. കാണ്‍പൂര്‍ ഗോവിന്ദപുരി ഫ്ലൈഓവറില്‍ എത്തിയതോടെ വാഹനം നിര്‍ത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അതെ സമയം ഫ്ലൈ ഓവറിന് സമീപത്തുള്ള പൊലീസുകാരോട് കാല് പിടിച്ച് കാര്യം പറഞ്ഞെങ്കിലും അവര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. രാഷ്ട്രപതിയുടെ പ്രത്യേക ട്രെയിന്‍ കടന്നുപോയതിന് ശേഷം മാത്രമാണ് വന്ദനയെയും കൊണ്ട് കാറിന് സഞ്ചരിക്കാനായത്. പക്ഷേ അപ്പോഴേക്കും വന്ദനയുടെ ശ്വാസം നിലച്ചതായും മരണം സ്ഥിരീകരിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

ശനിയാഴ്ച്ച വന്ദനയെ ആചാരപ്രകാരം സംസ്കരിച്ചു. സംസ്കാര ചടങ്ങില്‍ പൊലീസ് കമ്മീഷണര്‍മാരായ അസീം കുമാര്‍ അരുണ്‍, ഡി.സി.പി രവീണ ത്യാഗി എന്നിവര്‍ പങ്കെടുത്തു. സംഭവത്തില്‍ ഒരു എസ്.ഐയെയും മൂന്ന് കോണ്‍സ്റ്റിബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തതായി ദക്ഷിണ കാണ്‍പൂര്‍ അഡീഷണല്‍ ഡി.സി.പി അറിയിച്ചു.

ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയതിന് ശേഷം ആദ്യമായാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്രെയിനില്‍ സഞ്ചരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള സ്വന്തം ജന്മസ്ഥലം സന്ദര്‍ശിക്കവെയാണ് ഫ്ലൈ ഓവറിന് പുറത്തെ അലംഭാവത്തില്‍ സ്ത്രീയുടെ ജീവന്‍ വെടിഞ്ഞത്.

TAGS :

Next Story