Quantcast

ഗ്യാൻവാപി പള്ളിയിൽ 'ശിവലിംഗ'ത്തിന് കാർബൺ ഡേറ്റിങ് പറ്റില്ല; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

കാലപ്പഴക്കം നിർണയിക്കാൻ മറ്റു മാർഗങ്ങളാരായാൻ മൂന്ന് മാസം സമയവും ചോദിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    21 Nov 2022 5:01 PM GMT

ഗ്യാൻവാപി പള്ളിയിൽ ശിവലിംഗത്തിന് കാർബൺ ഡേറ്റിങ് പറ്റില്ല; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
X

അലഹബാദ്: ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയതെന്ന് പറയപ്പെടുന്ന ശിവലിംഗത്തിന് കാർബൺ ഡേറ്റിങ് പറ്റില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഇതുസംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയിൽ എ.എസ്.ഐ റിപ്പോർട്ട് നൽകി. പരിശോധന നടത്തിയാൽ ശിവലിംഗത്തിന് കേടുപാടുകൾ വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലപ്പഴക്കം നിർണയിക്കാൻ മറ്റു മാർഗങ്ങളാരായാൻ മൂന്ന് മാസം സമയവും ചോദിച്ചിട്ടുണ്ട്.

ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തിന്റെ കാർബൺ ഡേറ്റിങ് ആവശ്യപ്പെട്ട് ഹിന്ദുമത വിശ്വാസികളായ നാല് സ്ത്രീകൾ നൽകിയ ഹരജി വാരണാസി ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു. ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്താനായിരുന്നു കാർബൺ ഡേറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ ഹരജി നൽകിയത്. സുപ്രിംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹരജി തള്ളിയത്.

ശിവലിംഗത്തിൽ യാതൊരു തരത്തിലുമുള്ള മാറ്റങ്ങൾ വരുത്താൻ അനുവദിക്കരുതെന്ന് സുപ്രിംകോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരജിക്കാരുടെ ആവശ്യം കോടതി തള്ളിയത്. ഹരജിക്കെതിരെ മസ്ജിദ് കമ്മിറ്റിയും രംഗത്തുവന്നിരുന്നു. കാർബൺ ഡേറ്റിങ് പോലുള്ള നടപടികൾ പള്ളിക്കകത്ത് അനുവദിക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. കാർബൺ ഡേറ്റിങ് നടത്താൻ കോടതി അനുമതി നൽകരുതെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ഇതെല്ലാം പരിഗണിച്ചാണ് വാരാണാസി ജില്ലാ ജഡ്ജ് എ.കെ വിശ്വേശൻ ഹരജി തള്ളിയത്. അതേസമയം, ഗ്യാൻവാപി പള്ളി പരിസരത്തിന്റെ അവകാശം ഹിന്ദു വിഭാഗത്തിനു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡിസംബർ രണ്ടിന് പരിഗണിക്കും. വിശ്വ വേദിക് സനാതൻ സംഘ് ജനറൽ സെക്രട്ടറി കിരൺ സിങ് നൽകിയ ഹരജിയാണ് മുസ്‍ലിം വിഭാഗം ചോദ്യം ചെയ്തത്. പള്ളി മതിലിനോട് ചേർന്ന ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധന, പള്ളി പരിസരത്തെ സർവേയിൽ കണ്ടതായി പറയുന്ന ശിവലിംഗത്തിൽ ആരാധനാ സ്വാതന്ത്ര്യം എന്നിവയാണ് ഹിന്ദുവിഭാഗം ആവശ്യപ്പെട്ടത്.

ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധന ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ആദ്യത്തെ ഹരജിയുടെ നിലനിൽപ്പ് ചോദ്യം ചെയ്ത് മുസ്‍ലിം വിഭാഗം നൽകിയ അപേക്ഷ സെപ്തംബറിൽ കോടതി തള്ളിയിരുന്നു. ശിവലിംഗമല്ല, പള്ളി പരിസരത്തെ ജലധാരയ്ക്കുള്ള നിർമിതിയാണ് കണ്ടതെന്നാണ് മുസ്‍ലിം വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കേസിൽ തീരുമാനമുണ്ടാകുന്നതു വരെ ഇത് സംരക്ഷിക്കാൻ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

ഗ്യാൻവാപിയിലെ ഇടക്കാല സംരക്ഷണ ഉത്തരവ് തുടരുമെന്ന് നവംബർ 11നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ഇനി ഒരു ഉത്തരവുണ്ടാവുന്നതു വരെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ ജില്ലാ മജിസ്‌ട്രേറ്റ് ഉറപ്പാക്കാനും കോടതി നിർദേശിച്ചിരുന്നു.

TAGS :

Next Story