ജിഗ്നേഷ് മേവാനിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് അസം കോടതി
പ്രധാനമന്ത്രിയെ വിമർശിച്ച കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്നാരോപിച്ച് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തത്.
ഗുവാഹതി: ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് അസം കോടതി. ജാമ്യ ഉത്തരവിലാണ് പരാമർശം. ജിഗ്‌നേഷ് മേവാനിയെ ജയിലിലിടുന്നതിനായി കരുതിക്കൂട്ടി ഉണ്ടാക്കിയതാണ് ഈ കേസെന്ന് കോടതി പറഞ്ഞു. ജനപ്രതിനിധികളോടുള്ള ഇത്തരം സമീപനം അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. വനിതാ പൊലീസിനെ അപമാനിച്ചെന്ന കേസിലാണ് കോടതിയുടെ പരാമർശം.
അസം പൊലിസിനെ കോടതി രൂക്ഷമായി വിമർശിച്ചു. അസം പൊലിസിൽ പരിഷ്‌കാരം കൊണ്ടുവരാൻ ഇടപെടലുണ്ടാകണമെന്നാവശ്യപ്പെട്ട് ഗുവാത്തി ഹൈക്കോടതിക്ക് ബെഞ്ച് കത്തയച്ചു. പൊലിസ് സ്റ്റേഷനുകളിലും വാഹനങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. അസം പ്രത്യേക കോടതിയുടേതാണ് നടപടി.
പ്രധാനമന്ത്രിയെ വിമർശിച്ച കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്നാരോപിച്ച് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തത്. മേവാനിയുടെ ജാമ്യാപേക്ഷ അസമിലെ ബാർപേട്ട ജില്ലയിലെ പ്രാദേശിക കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരെ പൊതുമധ്യത്തിൽ അസഭ്യം പറയുകയും സ്വമേധയാ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ബർപേട്ട പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21നാണ് കേസ് രജിസ്റ്റർ ചെയ്തത്. കയ്യേറ്റശ്രമം, പൊതുസ്ഥലത്ത് അശ്ലീല പദങ്ങളുപയോഗിച്ചോ പ്രവൃത്തി കാണിച്ചോ അപമാനിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മേവാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Adjust Story Font
16