സെയ്ന നെഹ്‍വാളിനെ അപമാനിച്ച് ട്വീറ്റ്; നടന്‍ സിദ്ധാര്‍ത്ഥിന് എതിരെ പൊലീസ് കേസ്

ഹിന്ദു ജന ശക്തി വൈസ് പ്രസിഡന്‍റ് പ്രേരണ തിരുവായ്പ്പത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-13 09:41:34.0

Published:

13 Jan 2022 9:34 AM GMT

സെയ്ന നെഹ്‍വാളിനെ അപമാനിച്ച് ട്വീറ്റ്;  നടന്‍ സിദ്ധാര്‍ത്ഥിന് എതിരെ പൊലീസ് കേസ്
X

ബാഡ്മിന്‍റണ്‍ താരം സെയ്ന നെഹ്‍വാളിനെതിരായ ട്വീറ്റില്‍ നടന്‍ സിദ്ധാര്‍ത്ഥിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് സിറ്റി പൊലീസാണ് കേസെടുത്തത്. സെയ്ന നെഹ്‍വാളിനെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് കേസ്. കടപ്പയിലെ ഹിന്ദു ജന ശക്തി വൈസ് പ്രസിഡന്‍റ് പ്രേരണ തിരുവായ്പ്പത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ഇലക്ട്രോണിക് രൂപത്തിൽ അശ്ലീലത പ്രസിദ്ധീകരിച്ചതിന് ഐ.ടി ആക്ടിലെ സെക്ഷന്‍ 67, ഐപിസി സെക്ഷൻ 509 പ്രകാരം സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന വാക്കുകൾ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരാതിയുടെ പകര്‍പ്പടക്കമുള്ള കാര്യങ്ങള്‍ പ്രേരണ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സിദ്ധാർഥ് സൈനയുടെ പോസ്റ്റ് പങ്കുവെച്ച് വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രി മോദി പഞ്ചാബ് യാത്ര ഉപേക്ഷിച്ച് തിരിച്ചെത്തിയതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ട് സൈന നെഹ്‌വാൾ ട്വീറ്റ് ചെയ്തു, "സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. അരാജകവാദികൾ'.

ഈ പോസ്റ്റ് പങ്കുവെച്ച സിദ്ധാര്‍ത്ഥ് 'സബ്ടിൽ കോക്ക് ചാമ്പ്യൻ ഓഫ് ദി വേൾഡ്. ദൈവത്തിന് നന്ദി. ഞങ്ങൾക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. ലജ്ജിക്കുന്നു റിഹാന'- എന്ന് കുറിച്ച് റീ ട്വീറ്റ് ചെയ്തു. ഇത് വലിയ വിവാദങ്ങളിലേക്കാണ് പിന്നീട് വഴിവെച്ചത്. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ അടക്കമുള്ളവര്‍ ട്വീറ്റിനെ വിമർശിച്ചു രംഗത്ത് വന്നതോടെ സിദ്ധാര്‍ത്ഥ് പരസ്യമായി മാപ്പ് അപേക്ഷയുമായി രംഗത്തുവന്നു. പരുഷമായ ആ തമാശയില്‍ മാപ്പു ചോദിക്കുന്നതായും സ്ത്രീയെന്ന നിലയില്‍ ആക്രമിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ട്വീറ്റെന്നും സിദ്ധാര്‍ത്ഥ് പ്രതികരിച്ചു. ട്വിറ്ററില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പിലാണ് സിദ്ധാര്‍ത്ഥ് സെയ്ന നെഹ്‍വാളിനോട് മാപ്പു പറഞ്ഞത്.

അതെ സമയം സിദ്ധാര്‍ത്ഥിന്‍റെ മാപ്പു ചോദിച്ചുള്ള കത്തിന് സെയ്ന നെഹ്‍വാള്‍ മറുപടി നല്‍കി. വിഷയം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെന്നും വിവാദമായതിന് ശേഷം താരത്തിന്‍റെ നിലപാട് മാറിയതില്‍ അത്ഭുതം തോന്നുന്നതായും സെയ്ന പ്രതികരിച്ചു. അദ്ദേഹമാണ് എല്ലാം പറഞ്ഞത്. എന്നിട്ടിപ്പോ അയാള്‍ തന്നെ മാപ്പ് പറഞ്ഞിരിക്കുന്നു. ആ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി എന്‍റെ പേര് കണ്ടപ്പോള്‍ അത്ഭുതം തോന്നിപോയി. ഞാനദ്ദേഹത്തോട് സംസാരിച്ചിട്ടുപോലുമില്ല, പക്ഷേ അദ്ദേഹം മാപ്പു പറഞ്ഞതില്‍ സന്തോഷിക്കുന്നു. ഇതൊരു സ്ത്രീയെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരു സ്ത്രീയെയും ഇതുപോലെ ഉന്നമിടരുത്. എന്തുതന്നെയായാലും എന്‍റെതായ ഇടത്തില്‍ ഞാന്‍ സന്തോഷവതിയാണ്. ദൈവം അനുഗ്രഹിക്കട്ടെ- സെയ്ന പറഞ്ഞു.

TAGS :

Next Story